യുക്രെയിനിൽ റഷ്യൻ വ്യോമാക്രമണം: 31 മരണം  ആശുപത്രികളടക്കം തകർന്നു

Tuesday 09 July 2024 7:15 AM IST

കീവ്: യുക്രെയിനിൽ തലസ്ഥാനമായ കീവിലടക്കം റഷ്യ നടത്തിയ വ്യോമാക്രമണങ്ങളിൽ 31 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. പ്രാദേശിക സമയം ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കീവിൽ കുട്ടികളുടെ ആശുപത്രിയുടെ ഒരു ഭാഗം തകർന്നു.

രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് ഒഴിപ്പിച്ചു. ഇവിടെ രണ്ട് പേർ കൊല്ലപ്പെട്ടു. കൈക്കുഞ്ഞുങ്ങളുമായി ആളുകൾ പുറത്തേക്ക് ഇറങ്ങിയോടുകയായിരുന്നു. മറ്റൊരു ആശുപത്രിയിൽ മിസൈൽ അവശിഷ്ടം പതിച്ച് ഏഴ് പേരും മരിച്ചു. കീവിൽ ആകെ 17 പേർ കൊല്ലപ്പെട്ടെന്ന് മേയർ അറിയിച്ചു. മിസൈൽ പതിച്ച ആശുപത്രി ബ്ലോക്കിൽ 20ഓളം കുട്ടികൾ ചികിത്സയിലുണ്ടായിരുന്നു.

കെട്ടിടാവശിഷ്ടങ്ങൾക്കിടെയിൽ രക്ഷാപ്രവർത്തനം തുടരുന്നതിനാൽ മരണസംഖ്യ ഉയർന്നേക്കും. ആഴ്ചകൾക്ക് ശേഷമാണ് കീവിന് നേരെ റഷ്യ ശക്തമായ ആക്രമണം നടത്തുന്നത്. ക്രിവീ റീ, പോക്രോവ്സ്ക്, നിപ്രോ, ക്രാമറ്റോർസ്ക്, സ്ലോവിയാൻസ്ക് എന്നിവയാണ് ആക്രമണം നേരിട്ട മറ്റ് നഗരങ്ങൾ.

40 ലേറെ മിസൈലുകൾ ജനവാസ മേഖലയിലടക്കം പതിച്ചു. ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് പോളണ്ട് സന്ദർശനത്തിലുള്ള യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി പ്രതികരിച്ചു. അതേ സമയം, യുക്രെയിനിലെ പ്രതിരോധ, വ്യാവസായിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമാക്കിയതെന്ന് റഷ്യ പ്രതികരിച്ചു.

Advertisement
Advertisement