ബോട്ടുകൾക്ക് തകരാർ തുടർക്കഥ....... അപകടമുനമ്പിലൂടെ യാത്ര, ജലരേഖയായി നിർദ്ദേശങ്ങൾ

Wednesday 10 July 2024 12:25 AM IST

കോട്ടയം : നടുക്കായലിൽ യാത്രാ ബോട്ട് കേടായി യാത്രക്കാർ കുടുങ്ങിയതോടെ സഞ്ചാരികളുടെ പറുദീസയായ കുമരകത്തെ കായൽ ടൂറിസത്തിലും ജാഗ്രതയും കരുതലും വേണമെന്ന ആവശ്യം ശക്തം. കുമരകം - മുഹമ്മ ഫെറി 9 കിലോ മീറ്ററുണ്ട്. വേമ്പനാട്ട് കായലിലൂടെ മുക്കാൽ മണിക്കൂറോളം യാത്ര. എന്ത് അപകടം സംഭവിച്ചാലും ബോട്ട് അടുപ്പിക്കാൻ ഇടയ്ക്ക് ജെട്ടികളില്ല. കാറും കോളുമുണ്ടെങ്കിൽ കായലിൽ ബോട്ട് വഴി തെറ്റി ഒഴുകും. മറ്റൊരു ദുരന്തത്തിന് മുകളിലൂടെയാണ് കുമരകം മുഹമ്മ ബോട്ട് ഇന്നും 'സർവീസ് 'നടത്തുന്നത്. 30 പേരുടെ മരണത്തിനിടയാക്കിയ കുമരകം ബോട്ട് ദുരന്തം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷൻ നിർദ്ദേശങ്ങൾ ഇന്നും ജലരേഖയാണ്. കാലപ്പഴക്കം ചെന്ന ബോട്ടുകളാണ് സർവീസ് നടത്തുന്നത്.

വേമ്പനാട്ടുകായലിലും പുഴകളിലും നിരവധി ഹൗസ് ബോട്ടുകളും ശിക്കാര വള്ളങ്ങളുംസഞ്ചാരികളുമായി പോകുന്നുണ്ടെങ്കിലും ഇവയുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയരുകയാണ്. ലൈസൻസ്, ഇൻഷ്വറൻസ്, ഫിറ്റ്നസ്, ജീവൻരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവ ഉറപ്പുവരുത്തണമെങ്കിലും പേരിന് മാത്രമാണ്. അനുവദനീയമായതിൽ കൂടുതൽ ആളെക്കയറ്റുന്ന ശിക്കാരവള്ളങ്ങളും,​ വെറും വള്ളങ്ങളിൽ എൻജിൻ ഘടിപ്പിച്ച് ശിക്കാരയാക്കുന്നവരും ഏറെയാണ്. പരിശോധനകൾ രാഷ്ട്രീയ സ്വാധീനത്തിൽ നിലച്ചു.

കമ്മിഷൻ നിർദ്ദേശങ്ങൾ

പുതിയ ബോട്ടുകൾ സർവീസിനിറക്കുക

കായലിലെ മൺതിട്ടകൾ നീക്കം ചെയ്യുക

ബോട്ട് ചാലിന്റെ ആഴം കൂട്ടുക

ലൈഫ് ജാക്കറ്റ് നിർബന്ധമാക്കുക

കുമരകം, മുഹമ്മ ജെട്ടികൾ നവീകരിക്കുക

 യാത്രാ ബോട്ടുകൾ : 2

വെളിച്ചമില്ല, രാത്രി യാത്ര കഠിനം

കുമരകം കായൽ തീരത്തെ കുരിശടി ഭാഗത്തെ ലൈറ്റ് തെളിയാത്തതിനാൽ കായലിലൂടെയുള്ള രാത്രി ബോട്ട് യാത്ര അപകടഭീഷണിയാകുകയാണ്.

കുമരകം ഭാഗത്തെ കരയിലേക്ക് ബോട്ടിനു അടുക്കാൻ ദിശ കാണിച്ചിരുന്ന ലൈറ്റാണ അണഞ്ഞത്. ലൈറ്റിന്റെ പ്രകാശം കണ്ടാണ് ബോട്ട് ലക്ഷ്യസ്ഥാനത്തെത്തിയിരുന്നത്. മത്സ്യബന്ധനത്തിനു പോകുന്ന തൊഴിലാളികൾക്കും ഇത് സഹായകമായിരുന്നു. മുഹമ്മയിൽ നിന്ന് വരുന്ന ബോട്ട് ലക്ഷ്യം തെറ്റി കുമരകം ബോട്ട് ജെട്ടി തീരത്ത് അടുക്കാതെ മറ്റ് സ്ഥലങ്ങളിൽ പോയ സംഭവവുണ്ടായിട്ടുണ്ട്. പുതിയ ജീവനക്കാർക്കാണ് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

Advertisement
Advertisement