ശ്രീപദ്മനാഭസ്വാമി ക്ഷേത്രം: മാംസാഹാരം ഉപയോഗിച്ചെന്ന പരാതിയിൽ ജീവനക്കാരനെ മാറ്റിനിറുത്തി

Wednesday 10 July 2024 1:49 AM IST

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് പുറത്തുള്ള മതിലകം ഓഫീസിൽ ചിക്കൻ ബിരിയാണി കഴിച്ചെന്ന പരാതിയിൽ ജീവനക്കാരനെ അന്വേഷണ വിധേയമായി മാറ്റിനിറുത്തി. ആരോപണ വിധേയനായ ഡ്രൈവറെയാണ് മാറ്റിനിറുത്തിയത്. ഇക്കാര്യത്തിൽ തന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാടും കവടിയാർ കൊട്ടാരം അധികൃതരും അതൃപ്തി അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച ഉച്ചയ്ക്കാണ് ഡ്രൈവർ തസ്തികയിലുള്ള ഒരു ജീവനക്കാരൻ മറ്റ് ജീവനക്കാർക്കൊപ്പം ചിക്കൻ ബിരിയാണി കഴിച്ചെന്ന ആരോപണമുയർന്നത്. ഇതിന്റെ അവ്യക്തമായ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പ്രധാന ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം ആരോപണം ഉയർന്നത്. പിന്നീടാണ് ജീവനക്കാരനിലേക്ക് അന്വേഷണമെത്തിയത്. ഓഫീസിലെ ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ട പാർട്ടിയിലാണ് ചിക്കൻ ബിരിയാണി വിളമ്പിയതെന്നാണ് ആരോപണം ഉയർന്നത്. ക്ഷേത്രം ഓഫീസിലെ ജീവനക്കാർക്ക് ആഹാരം കഴിക്കാൻ നേരത്തെ പ്രത്യേകസ്ഥലം അനുവദിച്ചിരുന്നു. ഇവിടെ സി.സി ടിവി ക്യാമറയുമുണ്ട്. മുറിയിൽ സസ്യേതര ഭക്ഷണം കഴിക്കുന്നത് പതിവായിരുന്നു. പുതിയ ഭരണസമിതിയും എക്സിക്യുട്ടിവ് ഓഫീസർ ഉൾപ്പെടുന്ന ഉദ്യോഗസ്ഥരും ഈ കീഴ്വഴക്കത്തെ ചോദ്യം ചെയ്തിരുന്നു. എന്നാൽ പരാതിയുടെ തലത്തിലേക്ക് ഉയരാത്തതിനാൽ നിയന്ത്രണം ഉണ്ടായിരുന്നില്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരു സ്ഥലത്തും സസ്യേതര ഭക്ഷണം ഉപയോഗിക്കരുതെന്ന നിർദ്ദേശം തന്ത്രി അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നടപടികൾ ഭരണസമിതി ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അധികൃതർ അറിയിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഓഫീസിൽ മാംസാഹാരം കഴിച്ച സംഭവത്തിൽ നടപടി വേണമെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

Advertisement
Advertisement