അഞ്ച് വര്‍ഷത്തിന് മുമ്പ് ചിന്തിക്കാനാകാത്ത കാര്യം, ഈ ശീലത്തെ വെല്ലാന്‍ മറ്റാരുമില്ല

Tuesday 09 July 2024 7:04 PM IST

ന്യൂഡല്‍ഹി: ഇന്ന് നമ്മുടെയെല്ലാം ഒരു ദിവസം ആരംഭിക്കുന്നത് മൊബൈല്‍ ഫോണിലാണ്. രാവിലെ കണ്ണ് തുറന്നാല്‍ ആദ്യം തപ്പുന്നത് മൊബൈല്‍ ഫോണ്‍ ആയിരിക്കും. എന്ന് മുതലാണ് മൊബൈലില്‍ നാം ഇങ്ങനെ അടിപ്പെട്ടത്. എന്തായിരിക്കും അതിന് കാരണം. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ഇന്ത്യയില്‍ ഒരാളുടെ ശരാശരി മൊബൈല്‍ ഡാറ്റ ഉപയോഗത്തില്‍ ഉണ്ടായിരിക്കുന്നത് നാലിരട്ടി വര്‍ദ്ധനവാണ്. ഒരു മാസം അഞ്ച് ജി.ബി വരെയാണ് മുമ്പ് ശരാശരി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇന്ന് അത് 20 ജി.ബിയില്‍ എത്തി നില്‍ക്കുകയാണ്.

മെച്ചപ്പെട്ട നെറ്റ്‌വര്‍ക്കും കുറഞ്ഞ ചിലവില്‍ ഡാറ്റ ലഭിക്കുന്നതും ഒപ്പം സ്മാര്‍ട്‌ഫോണുകളുടെ അതിവേഗ വളര്‍ച്ചയുമാണ് ഉപയോഗത്തിലെ ഈ വര്‍ദ്ധനവിന് കാരണം. കൊവിഡ് കാലത്ത് ആളുകള്‍ വീട്ടില്‍ തന്നെ ഇരിപ്പായതാണ് മൊബൈല്‍ ഉപയോഗം കൂടാനുള്ള മറ്റൊരു കാരണം. ഇന്റര്‍നെറ്റിലെ കണ്ടന്റ് ഇക്കാലയളവില്‍ വലിയതോതില്‍ വര്‍ദ്ധിച്ചതും ഡാറ്റ ഉപയോഗം കൂടുന്നതിന് കാരണമായി. ഒ..ടി.ടി പ്ലാറ്റ്ഫോമുകളും ഓണ്‍ലൈന്‍ ഗെയിമിങ്ങും മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ക്രിക്കറ്റ് ലോകകപ്പ്, ഫുട്ബോള്‍ ലോകകപ്പ് തുടങ്ങിയവ മറ്റു കാരണങ്ങള്‍. വാര്‍ഷികാടിസ്ഥാനത്തില്‍ നോക്കിയാല്‍ ഇന്ത്യയിലെ ഡാറ്റ ഉപയോഗം 20 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. ശരാശരി ഒരു ഉപയോക്താവ് പ്രതിമാസം 24 ജി.ബി ഡാറ്റ ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. കഴിഞ്ഞ മൂന്നു വര്‍ഷത്തെ കണക്കുമായി തട്ടിച്ചു നോക്കിയാല്‍ ഡാറ്റ ഉപയോഗം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന മൂന്നു മാസങ്ങളില്‍ 2.4 മടങ്ങ് വര്‍ദ്ധിച്ചുവെന്നാണ് റിലയന്‍സ് ജിയോയുടെ കണക്ക്.

ആളോഹരി ഡാറ്റ ഉപയോഗം 13.3 ജി.ബിയില്‍ നിന്ന് 28.7 ജി.ബിയായി വര്‍ദ്ധിച്ചു. വിപണി വിഹിതത്തില്‍ 41 ശതമാനം കൈയടക്കി ജിയോയാണ് കഴിഞ്ഞമാസം മുന്നിട്ടു നിന്നത്. ലോകത്ത് തന്നെ ഏറ്റവും അധികം ഡാറ്റ ഉപയോഗിക്കുന്ന രാജ്യവും ഇന്ത്യയാണ്.

Advertisement
Advertisement