വീട് കുത്തിപ്പൊളിച്ച് 35 പവൻ കവർന്നു
കൊരട്ടി: ചിറങ്ങരയിൽ വീട് കുത്തിത്തുറന്ന് 35 പവന്റെ സ്വർണാഭരണം മോഷ്ടിച്ചു. ചിറങ്ങര ഗാന്ധിനഗർ റോഡിലെ ചെമ്പകശ്ശേരി പ്രകാശന്റെ പത്മതീർത്ഥം വീട്ടിൽ നിന്നാണ് ഞായറാഴ്ച അർദ്ധരാത്രി 35 പവൻ സ്വർണ്ണാഭരണങ്ങളും എണ്ണായിരം രൂപയും കളവ് പോയത്. വീടിന്റെ പിൻഭാഗത്തെ ജനൽക്കമ്പി പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്.
അലമാരയിൽ ചോറ്റുപാത്രത്തിലിട്ട് സഞ്ചിയിലാക്കി വച്ചിരുന്നതാണ് ആഭരണങ്ങൾ. ജനൽക്കമ്പി പൊളിക്കാൻ ഉപയോഗിച്ച ഇരുമ്പിന്റെ പിക്കാസ് സ്ഥലത്ത് നിന്ന് കണ്ടെത്തി. തൊട്ടടുത്ത് വീട് നിർമ്മാണം നടക്കുന്നിടത്ത് നിന്നുമെടുത്തതാണ് പിക്കാസ്. പുലർച്ചെ രണ്ടരയോടെ ഉണർന്ന പ്രകാശന്റെ ഭാര്യ സുനിതയാണ് പിൻഭാഗത്തെ മുറിയിൽ ലൈറ്റ് കണ്ട് വാതിൽ തുറന്നത്. അലമാരയിലെ സാമഗ്രികളെല്ലാം വലിച്ചുവാരി പുറത്തിട്ടത് കണ്ട് അവർക്ക് പന്തികേട് തോന്നി.
തുടർന്ന് പ്രകാശനെ വിളിച്ചുണർത്തി, ഇരുവരും നോക്കിയപ്പോഴാണ് ആഭരണം കളവു പോയ വിവരം അറിയുന്നത്. പിന്നീട് ബന്ധുക്കളെയും അയൽവാസികളെയും വിവരമറിയിച്ചു. അധികം വൈകാതെ കൊരട്ടി പൊലീസും സ്ഥലത്തെത്തി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനാണ് പ്രകാശൻ. രണ്ട് ദിവസത്തെ യാത്രയ്ക്ക് ശേഷം ഞായറാഴ്ച വൈകിട്ട് മൂന്നിനാണ് ഇവർ വീട്ടിലെത്തിയത്.
ക്ഷീണത്താൽ ദമ്പതികൾ നേരത്തെ ഉറങ്ങാൻ കിടന്നു. മറ്റാരും വീട്ടിലുണ്ടായിരുന്നില്ല. വീടിന്റെ മുകളിലെ നിലയിൽ വാടകയ്ക്ക് താമസിക്കുന്ന സ്ത്രീയും മോഷണത്തെക്കുറിച്ച് അറിഞ്ഞിരുന്നില്ല. ഇവരുടെ വാതിലും കുത്തിത്തുറക്കാൻ ശ്രമിച്ചിട്ടുണ്ട്. ജില്ലാ ആസ്ഥാനത്ത് നിന്നും പൊലീസിന്റെ വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനയ്‌ക്കെത്തി. ചാലക്കുടി ഡിവൈ.എസ്.പി ആർ.അശോകന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.