ടാപ്പിംഗ് തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച  അയൽവാസിയായ പ്രതി അറസ്റ്റിൽ

Wednesday 10 July 2024 1:46 AM IST

എടക്കര: ടാപ്പിംഗ് തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച അയൽവാസിയായ പ്രതി അറസ്റ്റിൽ. പനമ്പറ്റ വട്ടിപറമ്പത്ത് ഷാമിൽ ബാബു (21) നെയാണ് എടക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച പുലർച്ചെ നാലിന് കാരപ്പുറം പനമ്പറ്റ പുല്ലാനിക്കാടൻ നൗഫൽ (32) നാണ് കഴുത്തിനും കയ്യിനും വെട്ടേറ്റത്. നൗഫലിന്റെ വീടിന്റെ നൂറ് മീറ്റർ അകലെയാണ് സംഭവം. വീട്ടിൽ നിന്നും പലാങ്കരയിലെ റബ്ബർ തോട്ടത്തിലേക്ക് ടാപ്പിംഗിന് പോകവെ റോഡരികിലെ വളവിലുള്ള വീടിന്റെ മതിലിന് പിറകിൽ മറഞ്ഞിരുന്ന പ്രതി നൗഫലിന്റെ ബൈക്കിന് മുന്നിലേക്ക് എടുത്ത് ചാടി അടിച്ച് വീഴ്ത്തി വെട്ടുകയായിരുന്നു. ബൈക്കിൽ നിന്ന് വീണ നൗഫലിനെ ആദ്യം കൈക്ക് വെട്ടുകയും പിന്നീട് വലത് ചെവിക്ക് താഴെ കഴുത്തിന് പിൻ ഭാഗത്തായി വെട്ടുകയുമായിരുന്നു. ഓടി രക്ഷപ്പെട്ട നൗഫലിന് പിറകെ ആക്രമിയും ഓടിയെങ്കിലും നൗഫൽ ആർത്ത് കരയുന്ന ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയതോടെ ആക്രമി രക്ഷപ്പെട്ടു. വീടിന്റെ 20 മീറ്റർ അകലെയാണ് പിടിയിലായ പ്രതിയുടെ വീട്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു.അന്വേഷണ സംഘത്തിൽ എടക്കര പോലീസ് ഇൻസ്‌പെക്ടർ എസ്.അനീഷ്, സബ് ഇൻസ്‌പെക്ടർമാരായ പി.ശിവകുമാർ, അജിത്ത് കുമാർ, എ.എസ്.ഐമാരായ അബ്ദുൾ മുജീബ്, സീനിയർ സി.പി.ഒമാരായ സാബിർ അലി, സിപിഒ മാരായ അനീഷ്, ഷൈനി, സുവർണ്ണ, ഷാഫി എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
Advertisement