സിറ്റിക്ക് മീതെയും ഓൺലൈൻ കെണി ഒരു വർഷം തട്ടിയത് 20കോടി

Tuesday 09 July 2024 10:12 PM IST

കണ്ണൂർ: ഓൺലൈൻ കെണിയിൽ പെട്ട് റൂറൽ പൊലീസ് പരിധിയിൽ ഏഴരകോടിയോളം രൂപ നഷ്ടമായെന്ന പൊലീസിന്റെ വെളിപ്പെടുത്തലിന് പിന്നാലെ സിറ്റി പരിധിയിൽ കബളിപ്പിക്കപ്പെട്ടവരുടെ എണ്ണം ഇതിലുമധികമെന്ന് വിവരം.റിപ്പോർട്ട് ചെയ്യപ്പെട്ട നാനൂറോളം കേസുകളിൽ 20കോടിയോളം രൂപ നഷ്ടമായെന്നാണ് കണക്കുകൾ.

ഈ വർഷം ഇതുവരെ കണ്ണൂർ സിറ്റി പരിധിയിൽ 70 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒരു ലക്ഷം മുതൽ ഒന്നരകോടി രൂപ വരെ നഷ്ടപ്പെട്ട കേസുകളുണ്ട്. നഷ്ടമായ തുകയിൽ 10 ലക്ഷമാണ് തിരിച്ചുപിടിക്കാനായിട്ടുള്ളത്. ഒന്നരകോടി നഷ്ടപ്പെട്ട കേസിൽ നാലു പ്രതികളെയും 1.57 കോടി നഷ്ടപ്പെട്ട കേസിൽ മറ്റൊരു പ്രതിയെയും പിടികൂടി. കണ്ണൂർ ,കോഴിക്കോട് സ്വദേശികളായ അൽഫാസ്, ആദിൽ, കബീർ, വാസിൽ എന്നിവരാണ് ഒന്നരമാസം മുമ്പ് അറസ്റ്റിലായത്.ഡൽഹി, മുംബൈ, രാജസ്ഥാൻ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.

സിറ്റി പരിധിയിൽ രജിസ്റ്റർ ചെയ്ത 70 കേസുകളിൽ ഏഴെണ്ണത്തിൽ മാത്രമാണ് പ്രതികളെ കണ്ടെത്താനായത്. ഓൺലൈൻ മാദ്ധ്യമങ്ങളിലൂടെയാണ് കൂടുതലും തട്ടിപ്പ് നടന്നിട്ടുള്ളത്. ഉയർന്ന വിദ്യാഭ്യാസമുള്ളവർപ്പോലും കെണികളിൽ വീഴുന്നുണ്ട്. വ്യാജ ഓൺലൈൻ ലോൺ ആപ്പ്, പാർട്ടൈം ജോലി വാഗ്ദാനം, പ്രമുഖ കമ്പനികളുടെ ഡീലർഷിപ്പ്, നിക്ഷേപത്തിന് ചുരുങ്ങിയ കാലത്തേക്കു വൻ പലിശ എന്നിവയ്ക്ക് പുറമേ, ഓൺലൈൻ പ്രണയക്കെണിയിലൂടെയും വൻതട്ടിപ്പുകൾ നടന്നിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

ബോധവത്ക്കരണത്തിന് എ.ഐ. മോഹൻലാൽ

സൈബർ തട്ടിപ്പിനെതിരെ ബോധവത്ക്കരണവുമായി മലയാളികളുടെ പ്രിയനടൻ മോഹൻലാലും . എ.ഐയുടെ സഹായത്തോടെ മോഹൻലാലിന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടത്.പൊലീസിന്റെ നിരന്തരമായ മുന്നറിപ്പുകൾ പ്രയോജനം ചെയ്യാത്ത സാഹചര്യത്തിലാണ് സൈബർ തട്ടിപ്പിനെ കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് മോഹൻലാലിലൂടെ പൊലീസ് നൽകുന്നത്.

ലാഭമല്ല,​ വെറും സ്ക്രീൻഷോട്ട്

ഫേസ്ബുക്ക് പരസ്യങ്ങളിലൂടെ വലയിലാകുന്നവരെ ബന്ധപ്പെട്ട് ടെലിഗ്രാം, വാട്ട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ നിർബന്ധിക്കും.പണം ലഭിച്ചവരുടെ സ്‌ക്രീൻഷോട്ടുകൾ . വ്യാജ വെബ്‌സൈറ്റ് കാണിച്ച് നിക്ഷേപം നടത്താൻ ആവശ്യപ്പെടും .തുടക്കത്തിൽ ചെറിയ തുക നിക്ഷേപിക്കുന്നവർക്കുപോലും അമിത ലാഭം നൽകും. വിശ്വാസം നേടിയെടുത്തുകഴിഞ്ഞാൽ കൂടുതൽ പണം നൽകും.പണം പിൻവലിക്കാൻ ആഗ്രഹിക്കുമ്പോൾ ജി.എസ്.ടിയുടെയും നികുതിയുടെയും മറവിൽ തട്ടിപ്പുകാർ കൂടുതൽ പണം തട്ടിയെടുക്കുന്നു. ഇരകൾക്ക് ലഭിച്ചുവെന്ന് കാണിക്കുന്ന വൻ തുക വെറും സ്ക്രീൻ ഷോട്ട് മാത്രമായിരിക്കുമെന്നതിനാൽ പിൻവലിക്കാൻ കഴിയില്ല.

തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ 1930

പരാതി രജിസ്റ്റർ ചെയ്യാൻ www cybercrime gov in

ഒാൺലൈൻ തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പലുർത്തണം .പൊലീസ് നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും ആളുകൾ തട്ടിപ്പിനിരയാവുകയാണ്.തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ബന്ധപ്പെടണം.

അജിത് കുമാർ,കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ

Advertisement
Advertisement