തെരുവുവിളക്കുകൾ മിഴിയടച്ചു... കൂരിരുട്ടിൽ മുങ്ങി ചായം-ചാരുപാറ റോഡ്

Wednesday 10 July 2024 1:20 AM IST

വിതുര: തൊളിക്കോട് വിതുര പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ ചാരുപാറ-ചായം റോഡിൽ തെരുവു വിളക്കുകൾ പ്രകാശിക്കാതായിട്ട് ആറ് മാസമാകുന്നു. സന്ധ്യമയങ്ങിയാൽ ചാരുപാറ റോഡിൽ കൂരിരുട്ടാണ്. ആയിരക്കണക്കിന് ആളുകൾ സഞ്ചരിക്കുന്ന പ്രധാന റോഡുകൂടിയാണ് ചായം-ചാരുപാറ റോഡ്. രാത്രിയിൽ കാൽനട യാത്രികരും മറ്റും ഇരുട്ടിൽ തപ്പേണ്ട സ്ഥിതിയാണ്.

ഇടയ്ക്ക് പോസ്റ്റിലെ ബൾബുകൾ മാറ്റിയെങ്കിലും വീണ്ടും കേടായി. ഇരുളിന്റെ മറവിൽ പ്രദേശത്ത് മോഷണശല്യവും സാമൂഹ്യവിരുദ്ധ പ്രവർത്തനവും അരങ്ങേറുന്നുണ്ട്. ഇതുസംബന്ധിച്ച് പൊലീസിന് പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. തെരുവുവിളക്ക് കത്തിക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ തൊളിക്കോട് -വിതുര പഞ്ചായത്തുകളിൽ പരാതി നൽകിയെങ്കിലും നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ പ്രതിഷേധവും ഉയർന്നിട്ടുണ്ട്.

മാലിന്യനിക്ഷേപവും

ചായം-ചാരുപാറ റോഡിൽ മാലിന്യനിക്ഷേപം രൂക്ഷമാണ്. റോഡിന്റെ ഇരുവശത്തും രാത്രിയിൽ വൻതോതിൽ മാലിന്യം നിക്ഷേപിക്കുന്നുണ്ട്. ഇറച്ചി വിൽപ്പന കേന്ദ്രങ്ങളിൽ നിന്നുള്ള മാലിന്യമുൾപ്പെടെ പ്ലാസ്റ്റിക് കവറുകളിലും ചാക്കിലും നിറച്ച് ഇവിടെ നിക്ഷേപിക്കുകയാണ് പതിവ്. മാലിന്യം കുമിഞ്ഞുകൂടി പ്രദേശമാകെ ദുർഗന്ധപൂരിതമാണ്. ചാരുപാറയിലാണ് വിതുര എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ പ്രവർത്തിക്കുന്നത്. മാലിന്യനിക്ഷേപം മൂലമുണ്ടാകുന്ന ദുർഗന്ധം വിദ്യാർത്ഥികളേയും ബാധിച്ചിട്ടുണ്ട്.

തെരുവുനായ ശല്യവും

ചാരുപാറ റോഡിലൂടെ രാത്രിയിൽ നടന്നു പോകുന്നവർ സൂക്ഷിച്ചില്ലെങ്കിൽ നായ്ക്കളുടെ കടിയേൽക്കുമെന്നുറപ്പാണ്. ഇവിടെ നിക്ഷേപിച്ചിരിക്കുന്ന മാലിന്യം തിന്നാൻ തെരുവുനായ്ക്കൾ തമ്പടിച്ചിട്ടുണ്ട്.

പകൽ സമയത്തും വീഥികൾ കൈയേറി തെരുവു നായ്ക്കൾ വിലസുന്നുണ്ട്. വഴിപോക്കരും സ്കൂൾ വിദ്യാർത്ഥികളും നായ്ക്കളുടെ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. ഇവിടെ രാത്രിയിൽ വാഹനത്തിൽ തെരുവുനായ്ക്കളെ കൊണ്ടിറക്കിവിട്ട സംഭവവുമുണ്ട്. കേടായ തെരുവിളക്കുകൾ മാറ്റി പുതിയത് ഉടൻ സ്ഥാപിക്കുമെന്നാണ് വിതുര പഞ്ചായത്ത് അധികാരികൾ പറയുന്നത്.

ചായം-ചാരുപാറ റോഡിലെ തെരുവു വിളക്കുകൾ അടിയന്തരമായി കത്തിക്കണം. തെരുവു നായ ശല്യത്തിന് പരിഹാരം കാണണം. റോഡിൽ സി.സി.ടിവി ക്യാമറകൾ സ്ഥാപിക്കണം.

വിതുര ആർ.സുധാകരൻ,

പ്രസിഡന്റ് പേരയത്തുപാറ റസിഡന്റ്സ് അസോസിയേഷൻ

Advertisement
Advertisement