അക്വേറിയത്തിൽ കരിമീൻ കൃഷിയുമായി അഭിരാമി

Wednesday 10 July 2024 2:29 AM IST

ചേർത്തല : അക്വേറിയത്തിലെ കരിമീൻകൃഷിയിലൂടെ ശ്രദ്ധ പിടിച്ചുപറ്റി നിയമബിരുദധാരിയായ യുവതി. എൽഎൽ.ബി യ്ക്കും എൽ.എൽ.എമ്മിനും ഒന്നാംറാങ്ക് നേടി പഠനത്തിൽ മിടുക്ക് തെളിയിച്ച, മുഹമ്മ ഗ്രാമപഞ്ചായത്ത് ഒന്നാംവാർഡിൽ പുത്തനങ്ങാടി ആനേക്കാട്ട് വീട്ടിൽ വിശ്വനാഥൻ തിരുമേനിയുടെ മകൾ അഭിരാമിയാണ് മത്സ്യകൃഷിയിൽ വേറിട്ട വഴികൾ തേടുന്നത്. വീട്ടിലെ സ്വീകരണമുറിയിൽ നാലടി നീളവും ഒന്നരയടി വീതം ഉയരവും വീതിയുമുള്ള അക്വേറിയത്തിലാണ് കരിമീൻ വളർത്തൽ. വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള പ്രത്യേകസംവിധാനവും ഒരുക്കി. അക്വേറിയത്തിൽ നിക്ഷേപിക്കുന്ന കരിമീൻ കുഞ്ഞുങ്ങൾക്ക് പകുതിയോളം വലിപ്പം എത്തുമ്പോൾ പ്രത്യേകം തയ്യാറാക്കിയ ജലാശയത്തിലേയ്ക്ക് മാറ്റും. വീട്ടിൽ നേരത്തെ ഉപയോഗിച്ചിരുന്ന നീന്തൽക്കുളമാണ് ഇതിനായി ഉപയോഗിക്കുന്നത്.

അക്വേറിയത്തിൽ അലങ്കാര മത്സ്യങ്ങൾക്കൊപ്പമാണ് കരിമീൻ കുഞ്ഞുങ്ങളും വളരുന്നത്. അക്വേറിയത്തിലാകുമ്പോൾ വളർച്ചയുടെ ഓരോഘട്ടവും കൗതുകത്തോടെ നിരീക്ഷിക്കാനാകുമെന്ന് അഭിരാമി പറയുന്നു.

കരിമീൻ കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിച്ചിട്ടും കൂടുകളിൽ വളർത്തിയിട്ടും വേണ്ടത്ര നേട്ടമുണ്ടാക്കാൻ കഴിയുന്നില്ലെന്ന ആക്ഷേപത്തിനിടെയാണ് അക്വേറിയത്തിലെ വിജയഗാഥയുമായി അഭിരാമിയും കുടുംബവും കടന്നു വരുന്നത്. ത്രിതല പഞ്ചായത്തുകളും ഫിഷറീസ് വകുപ്പും മുൻകൈ എടുത്താൽ ഇതിലൂടെ ഗ്രാമീണമേഖലയിൽ വീട്ടമ്മമാർക്ക് ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിയ്ക്കാൻ കഴിയുമെന്നാണ് അഭിരാമി പറയുന്നത്. കെ.ആർ.ജ്യോതിയാണ് മാതാവ്. ദുബായിൽ ജോലി ചെയ്യുന്ന അഭിത്ത് തിരുമേനിയാണ് സഹോദരൻ.

Advertisement
Advertisement