മലബാറിലെ ട്രെയിൻ യാത്ര ദുരിതം: റെയിൽവേ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ തേടി ജില്ലാ പഞ്ചായത്ത്
കണ്ണൂർ: മലബാറിലെ ട്രെയിൻ യാത്ര ദുരിതം പരിഹരിക്കുവാൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രമേയം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയാണ് ഭരണ സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയം ഏകകണ്ഠമായി യോഗം പാസ്സാക്കി.
പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ ഇടപെടണമെന്ന് ജില്ലയിലെ എം.പിമാരായ കെ.സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, ഷാഫി പറമ്പിൽ, ഡോ.വി.ശിവദാസൻ, അഡ്വ. പി.സന്തോഷ്‌കുമാർ, പാലക്കാട് ഡിവിഷൻ മാനേജർ എന്നിവരോടും ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു.
25ശതമാനം പോലും പരിഹാരമില്ല
ദിവസേന 55 ട്രെയിനുകൾ ഇരു വശത്തുമായി കണ്ണൂർ വഴി കടന്നു പോകുന്നുണ്ടെങ്കിലും യാത്രാ ആവശ്യങ്ങളുടെ 25 ശതമാനം പോലും പരിഹരിക്കാൻ ഇതുകൊണ്ട് സാധിക്കുന്നില്ലെന്ന് പ്രമേയം ചൂണ്ടിക്കാണിച്ചു. റെയിൽവേയുടെ തന്നെ ഒരു പഠനം വെളിപ്പെടുത്തുന്നത് അൺറിസർവ്ഡ് യാത്രക്കാർ കൂടുതൽ കേരളത്തിൽ യാത്ര ചെയ്യുന്നത് കണ്ണൂർ തിരൂർ റൂട്ടിലാണെന്നാണ്.
കണ്ണൂരിൽ നിന്ന് ഷൊർണൂർ ഭാഗത്തേക്കും മംഗലാപുരം ഭാഗത്തേക്കും യാത്രാ ദുരിതം പറഞ്ഞറിയിക്കാൻ സാധിക്കില്ല.
യാത്രാ പ്രശ്നം പരിഹരിക്കാൻ ഹ്രസ്വ ദൂരത്തേക്ക് കൂടുതൽ പാസഞ്ചർ ട്രെയിൻ അനുവദിക്കുക, ദീർഘദൂര യാത്രാ ട്രെയിനുകളിൽ കൂടുതൽ സ്ലീപ്പർ, അൺ റിസർവ്ഡ് കോച്ചുകൾ അനുവദിക്കുക, കോഴിക്കോട്, മംഗലാപുരം ഭാഗത്തേക്ക് ഇടവിട്ട് മെമു ട്രെയിൻ അനുവദിക്കുക, കണ്ണൂരിന് നേരത്തെ അനുവദിച്ച പിറ്റ് ലൈൻ ഉടൻ പ്രാവർത്തികമാക്കുക എന്നീ ആവശ്യങ്ങളും പ്രമേയത്തിലൂടെ ജില്ലാ പഞ്ചായത്ത് ആവശ്യപ്പെട്ടു.
യോഗത്തിൽ പൊതുമാരമത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. ടി.സരള, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി.കെ.സുരേഷ് ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അഡ്വ. കെ.കെ.രത്നകുമാരി , സെക്രട്ടറി ഇൻ ചാർജ് കെ.വി.മുകുന്ദൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വന്ദേ ഭാരതിന് വേണ്ടി പിടിച്ചിടരുത്
വന്ദേ ഭാരത് സർവീസുകൾക്കു വേണ്ടി സാധാരണക്കാരായ യാത്രക്കാരുടെ ട്രെയിനുകൾ പിടിച്ചിടുന്നതിലൂടെ വലിയ ദുരിതം ജനങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഇതിന് അടിയന്തരമായി പരിഹാരം കാണണമെന്നും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയി കുര്യൻ യോഗത്തിൽ ഉന്നയിച്ചു. പകൽ സമയങ്ങളിൽ സാധാരണ ജനങ്ങൾക്ക് ഉപകാര പ്രദമായ രീതിയിൽ കൂടുതൽ സർവീസുകൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.