കൊട്ടിയൂരിനെ വിടാതെ കാട്ടാനകൾ ഒറ്റപ്ളാവിൽ വൻനാശം
കൊട്ടിയൂർ: ഒറ്റപ്ലാവിൽ കാട്ടാനകൾ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.മാളിയേക്കൽ ജോയിയുടെ കൃഷിയിടത്തിലാണ് തിങ്കളാഴ്ച കാട്ടാനക്കൂട്ടം വൻനാശം വിതച്ചത്. കൈയാലകൾ തകർത്തെത്തിയ ആനകൾ നാല് വർഷം പ്രായമുള്ള 50 ഓളം കശുമാവുകളും നിരവധി വാഴകളും തെങ്ങും പാടെ നശിപ്പിച്ചു.
കൈയാലകൾ കെട്ടി പ്ലാറ്റുഫോം എടുത്ത് മൂന്നരയേക്കറിലായിരുന്നു ജോയിയുടെ കൃഷി.കഴിഞ്ഞ 40 വർഷത്തിനിടയിൽ പ്രദേശത്ത് വന്യമൃഗശല്യം ഉണ്ടായിരുന്നില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ കൃഷിയിടത്തിന് ചുറ്റും കമുകിൻ വാരികൾ കൊണ്ട് വേലിയും ഗ്രീൻ നെറ്റും കെട്ടി സുരക്ഷിതമാക്കിയായിരുന്നു കൃഷി.വേലിയുടെ ഒരു ഭാഗം തകർത്ത് കൃഷിയിടത്തിൽ കൂട്ടമായെത്തിയ കാട്ടാനകൾ വെളിമ്പറമ്പാക്കി മാറ്റുകയായിരുന്നു.വേലി തകർന്നതിനാൽ കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളും അവശേഷിക്കുന്ന വിളകളുംകൂടി നശിപ്പിക്കുമെന്ന് ആശങ്കയുണ്ടെന്ന് ജോയി പറഞ്ഞു.സമീപത്തുള്ളവരുടെ കൃഷിയിടങ്ങളിലും ആനകൾ നാശം വരുത്തിയിട്ടുണ്ട്.
കാട്ടാനകൾ നാശം വിതച്ച കൃഷിസ്ഥലം കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, മെമ്പർമാരായ ഉഷ അശോക് കുമാർ, ബാബു കാരുവേലിൽ എന്നിവർ സന്ദർശിച്ചു.
വന്യജീവി ശല്യം രൂക്ഷമായതിനാൽ കർഷകർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ആനയെ തുരത്തുന്നതിന് നടപടികൾ സ്വീകരിക്കണം.വനാതിർത്തികളിൽ ഹാങ്ങിംഗ് ഫെൻസിംഗ് സ്ഥാപിക്കുന്നതിന് കൂടുതൽ തുക പഞ്ചായത്ത് . വകയിരുത്തിയിട്ടുണ്ട്. ബാക്കി വരുന്നത് വനം വകുപ്പും കൂടി ഏറ്റെടുത്ത് പ്രവൃത്തി പൂർത്തിയാക്കിയാൽ കർഷകർക്ക് സ്വൈര്യമായി ജീവിക്കാൻ കഴിയും-റോയ് നമ്പുടാകം(കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ്)