ഇ.ഡിക്ക് സുപ്രീംകോടതിയുടെ വിമർശനം, അഴിമതിക്കേസിൽ 5 വ‌ർഷമായിട്ടും അന്വേഷണം എങ്ങുമെത്തുന്നില്ല

Wednesday 10 July 2024 12:53 AM IST

ന്യൂഡൽഹി: ഛത്തീസ്ഗഢിലെ പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ അന്വേഷണം അഞ്ചുവ‌ർഷം കഴിഞ്ഞിട്ടും അവസാനമില്ലാതെ നീളുന്നതിൽ ഇ.ഡിയെ വിമർശിച്ച് സുപ്രീംകോടതി. അസ്വസ്ഥപ്പെടുത്തുന്ന കാര്യമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്. ഓക, അഗസ്റ്റിൻ ജോ‌ർജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ പ്രതികളായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അനിൽ തുതേജ,​ കൂട്ടുപ്രതി അലോക് ശുക്ല എന്നിവർക്ക് 2020ൽ ഛത്തീസ്ഗഢ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ ഇ.ഡി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് അന്വേഷണത്തിലെ മെല്ലെപ്പോക്കിനെ വിമർശിച്ചത്. 2019ലെ കേസിൽ 2024 ആയിട്ടും അന്വേഷണം പൂർത്തിയാകാത്തതും കുറ്റപത്രം സമർപ്പിക്കാത്തതും അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം നീളുന്നതിൽ അനിൽ തുതേജയുടെ അഭിഭാഷകനും അതൃപ്‌തി പ്രകടിപ്പിച്ചു. ഛത്തീസ്ഗഢിലെ പൊതുവിതരണ സംവിധാനത്തിന്റെ നോഡൽ ഏജൻസിയായ നാഗ്‌രിക് അപൂർത്തി നിഗമിന്റെ (എൻ.എ.എൻ) അന്നത്തെ എം.ഡിയായിരുന്നു അനിൽ തുതേജ. പ്രതികൾ അവരുടെ മുൻകൂർ ജാമ്യത്തെ എങ്ങനെ ദുരുപയോഗിച്ചുവെന്ന് രണ്ടാഴ്ചയ്‌ക്കകം ഇ.ഡി സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. സത്യവാങ്മൂലം മുദ്രവച്ച കവറിൽ സമർപ്പിക്കാമെന്ന് ഇ.ഡിക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ എസ്.വി.രാജു നിലപാടെടുത്തപ്പോൾ അനിൽ തുതേജയുടെ അഭിഭാഷകൻ എതിർത്തു. കേസ് ആഗസ്റ്റിൽ വീണ്ടും പരിഗണിക്കും.

Advertisement
Advertisement