ദമ്പതികളെ ചാട്ടവാറിനടിച്ച സംഭവം: റിപ്പോർട്ട് തേടി ബംഗാൾ ഗവർണർ

Wednesday 10 July 2024 12:59 AM IST

ന്യൂഡൽഹി: പശ്‌ചിമ ബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിൽ ദമ്പതികളെ പരസ്യമായി ചാട്ടവാറുകൊണ്ടടിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി മമത ബാനർജിയോട് ആവശ്യപ്പെട്ട് ഗവർണർ സി.വി. ആനന്ദബോസ്. ഗവർണറുടെ ഓഫീസിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ നൽകിയ കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ, ഡി.സി.പി എന്നിവർക്കെതിരെ സ്വീകരിച്ച നടപടികളെക്കുറിച്ചുള്ള വിശദ റിപ്പോർട്ടും തേടി.

കഴിഞ്ഞയാഴ്‌ച ഉത്തർ ദിനാജ്പൂരിലെ ചോപ്രയിൽ ദമ്പതികളെ പരസ്യമായി ചാട്ടവാറുകൊണ്ട് അടിക്കുന്ന വീഡിയോ വൈറലായിരുന്നു, വീഡിയോ പ്രചരിപ്പിച്ച് പരസ്യമായി അപമാനിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് അതിജീവിത പൊലീസിൽ പരാതി നൽകി. പ്രതി ചോപ്ര പ്രദേശത്തെ തൃണമൂൽ നേതാവ് തജ്മുൽ എന്ന 'ജെസിബി' ആണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വിട്ടു. പരാതിക്കാരിയെ ചോപ്രയിലെ തൃണമൂൽ എം.എൽ.എ ഹമീദുൽ റഹ്മാൻ സ്വഭാവഹത്യ ചെയ്തതായും പരാതി ഉയർന്നു. ബംഗാൾ ഗവർണറുടെ ഓഫീസിനെ അപകീർത്തിപ്പെടുത്തിയതിന് കൊൽക്കത്ത പൊലീസ് കമ്മിഷണർക്കും ഡി.സി.പിക്കുമെതിരെ കേന്ദി ആഭ്യന്തര മന്ത്രാലയം അച്ചടക്ക നടപടി ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് റിപ്പോർട്ട് തേടിയത്. ഭരണഘടനയുടെ 166, 167 വകുപ്പുകളും ബംഗാൾ, ബിസിനസ് ചട്ടവും ഗവർണർക്ക് നൽകുന്ന പ്രത്യേക അധികാരമുപയോഗിച്ചാണ് നടപടി.

Advertisement
Advertisement