മദ്യനയക്കേസ് : കേജ്‌രിവാളിനെ വിചാരണ ചെയ്യാനുള്ള നടപടിക്ക് തുടക്കം

Wednesday 10 July 2024 1:49 AM IST

ന്യൂഡൽഹി : മദ്യനയവുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ വിചാരണ ചെയ്യാനുള്ള നടപടിക്ക് തുടക്കം. കുറ്രപത്രം സ്വീകരിച്ച ഡൽഹി റൗസ് അവന്യു കോടതി, കേജ്‌രിവാളിനെ ജൂലായ് 12ന് നേരിട്ടു ഹാജരാക്കാൻ തിഹാർ ജയിൽ അധികൃതർക്ക് നിർദ്ദേശം നൽകി. ജഡ്‌ജി കാവേരി ബവേജ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. കേജ്‌രിവാളിനെയും ആം ആദ്മി പാർട്ടിയെയും പ്രതികളാക്കി മേയ് 17നാണ് ഇ.ഡി കുറ്റപത്രം സമർപ്പിച്ചത്. കേസിലെ എട്ടാമത്തെ കുറ്റപത്രമാണിത്.

കേജ്‌രിവാൾ കോഴയിടപാടിലെ മുഖ്യസൂത്രധാരനെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. സൗത്ത് ഗ്രൂപ്പിൽ നിന്ന് കേജ്‌രിവാൾ 100 കോടി കോഴ ആവശ്യപ്പെട്ടു. കോഴപ്പണം ഗോവ തിരഞ്ഞെടുപ്പിനായി ഉപയോഗിച്ചെന്നും ഇ.ഡി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് സിറ്റിംഗ് മുഖ്യമന്ത്രിക്കെതിരെയും, രാഷ്ട്രീയ പാർട്ടിയെ പ്രതിയാക്കിയും ഇ.ഡി കുറ്റപത്രം.

ഒമ്പതാമത്തെ കുറ്രപത്രത്തിലെ പ്രതി വിനോദ് ചൗഹാനെയും ഈമാസം 12ന് ഹാജരാക്കാൻ നിർദ്ദേശിച്ചു. പലതവണയായി വലിയ ബാഗുകളിൽ പണം ഡൽഹിയിൽ വിനോദ് ചൗഹാന്റെ കൈകളിലെത്തി. ചൗഹാൻ ആ പണം ഹവാല റൂട്ടിലൂടെ ആം ആദ്മി പാർട്ടിയുടെ ഗോവ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിച്ചെന്നാണ് ഇ.ഡിയുടെ കുറ്റപത്രത്തിൽ ആരോപിക്കുന്നത്.

Advertisement
Advertisement