മലയാളികൾക്ക് പ്രഭാതഭക്ഷണമായി കഴിക്കാവുന്ന ഏറ്റവും നല്ല വിഭവം ഏതെന്നറിയുമോ?​

Wednesday 10 July 2024 2:39 AM IST

ഒരു ദിവസം കഴിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് രാവിലത്തെ ഭക്ഷണം. ദിവസം നന്നായിരിക്കാൻ പ്രഭാത ഭക്ഷണം എപ്പോഴും പോഷകഗുണങ്ങൾ നിറഞ്ഞതായിരിക്കണം. പ്രഭാത ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തോടെ ഇരിക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കും. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും അന്നജം അടങ്ങിയിട്ടില്ലാത്ത പച്ചക്കറികളും രാവിലെ കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങളും പറയുന്നു.

പച്ചക്കറികൾ കഴിക്കുന്നത് ആരോഗ്യത്തിനും ഹൃദ്രോഗം തടയാനും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും ഗുണകരമാണ്. പഴങ്ങളിലും പച്ചക്കറികളിലും നാരുകൾ പൊതുവെ ദഹനവ്യവസ്ഥയ്ക്കും ഉത്തമമാണ്. പച്ചക്കറികൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായകമാണ്.

ഇലക്കറികൾ വാങ്ങിവയ്‌ക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇവ രണ്ട് ദിവസം കൊണ്ട് തന്നെ ഉണങ്ങിപോകുകയോ ചീഞ്ഞുപോകാനോ ഇടയുള്ളവയാണ് എന്നത് ഓർക്കണം. ഇലക്കറികൾ കഴിവതും ഫ്രഷായി സൂക്ഷിക്കാൻ ഇനി പറയുംപോലെ ചെയ്‌തുനോക്കൂ.

മിക്ക വീടുകളിലും വാങ്ങുന്ന ഇലവർഗമായ മല്ലിയില ചീത്തയാകുന്നത് ഒഴിവാക്കാൻ മല്ലിയിലയുടെ വേരുഭാഗം മുറിച്ചുകളഞ്ഞ് ബാക്കിയുള്ള ഭാഗം വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ വയ്ക്കുക. വേര് കളയാതെയും അവ സൂക്ഷിക്കാം. ഒരു ഗ്ലാസ് വെള്ളത്തിൽ മല്ലിയില വേരും തണ്ടും ഉൾപ്പെടെ മുക്കിവയ്ക്കുക. ഇത് ഫ്രിഡ്ജിനുള്ളിൽ വയ്ക്കരുത്.

കൂടാതെ ഇലക്കറികൾ ഒരിക്കലും കഴുകിയതിന് ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. കാരണം അങ്ങനെ ചെയ്താൽ അവ പെട്ടെന്ന് ഉണങ്ങിയോ ചീഞ്ഞോ പോകാൻ സാദ്ധ്യതയുണ്ട്. വേരുകളിലും മറ്റ് മണ്ണ് പറ്റിയിരുന്നാൽ ചീരയും മറ്റും കഴുകിയ ശേഷമാണ് പലരും ഫ്രിഡ്ജിൽ വയ്ക്കുന്നത്. എന്നാൽ ഇത് തെറ്റാണ് . ചീര, കറി വയ്ക്കാൻ എടുക്കുമ്പോൾ മാത്രം കഴുകുന്നതാണ് നല്ലത്. ഒരാഴ്ചയോളം ഇലക്കറികൾ ഫ്രിഡ്ജിൽ കേടാകാതെ സൂക്ഷിക്കാൻ വായുകടക്കാത്ത ഒരു പാത്രത്തിനുള്ളിലാക്കി സൂക്ഷിക്കുക.