കൗൺസിൽ ചേർന്നിട്ട് 36 ദിവസം ത്രിശങ്കുവിൽ ഭരണപക്ഷം

Wednesday 10 July 2024 2:41 AM IST

തൃശൂർ : ഒരു കക്ഷി ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ ചരിഞ്ഞാൽ മുങ്ങുന്ന കോർപ്പറേഷൻ ഭരണം. മറുഭാഗത്ത് ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ പ്രകീർത്തിക്കുന്നതിനെ ചൊല്ലി മുന്നണി സംവിധാനത്തിലെ ചേരിപ്പോര്. ഒരു മാസം കഴിഞ്ഞിട്ടും കൗൺസിൽ യോഗം ചേരാനാകാതെ കോർപ്പറേഷൻ ഭരണ സമിതി വലയുമ്പോൾ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷം. യോഗം ചേരാനാകാത്തത് സംബന്ധിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനും ചീഫ് സെക്രട്ടറിക്കും പരാതി നൽകി. വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ കൗൺസിൽ തീരുമാനത്തിനായി കെട്ടിക്കിടക്കുമ്പോഴാണ് മേയർ കൗൺസിൽ വിളിച്ചു കൂട്ടാതിരിക്കുന്നത്.

അതിനിടെ ഭരണ കക്ഷിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ മേയർ സ്ഥാനം ലഭിക്കാതെ ഇനി കൗൺസിൽ യോഗത്തിൽ പങ്കെടുക്കേണ്ടതില്ലായെന്ന കടുത്ത തീരുമാനത്തിലാണ്. ജൂൺ മൂന്നിനാണ് അവസാനമായി അടിയന്തര കൗൺസിൽ എന്ന പേരിൽ ഒരു അജണ്ട മാത്രം വെച്ച് കൗൺസിൽ കൂടിയത്. ജൂലായ് മൂന്നിന് മേയർ വീണ്ടും സ്‌പെഷ്യൽ കൗൺസിൽ എന്ന പേരിൽ യോഗം വിളിച്ചെങ്കിലും പ്രതിപക്ഷവും സി.പി.ഐ അടക്കം ഭരണപക്ഷത്തെ 9 പേർ പങ്കെടുക്കുന്നില്ലായെന്ന് മനസിലാക്കിയ മേയറും, സി.പി.എം നേതാക്കളും ഫോണിലൂടെ ബന്ധപ്പെട്ട് കൗൺസിൽ യോഗം അവസാന നിമിഷം മാറ്റി. കൗൺസിൽ യോഗം ചേർന്നിട്ട് 36 ദിവസം കഴിഞ്ഞു. ഇതിനിടെ മേയറും കൂട്ടരും റഷ്യൻ യാത്ര നടത്തിയതും വിവാദമായി. സുരേഷ് ഗോപി അനുകൂല പ്രസ്താവനകളാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. കഴിഞ്ഞദിവസം സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് മേയർ മാറണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ സി.പി.എം വ്യക്തമായ മറുപടി പറയാത്തത് പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.

പരാതിയുമായി കോൺഗ്രസ്

1995 കേരള മുൻസിപ്പാലിറ്റീസ് ആക്ട് സെക്ഷൻ പ്രകാരം മാസത്തിലൊരിക്കലെങ്കിലും കൗൺസിൽ നിർബന്ധമായും ചേർന്നിരിക്കണമെന്ന വ്യവസ്ഥ മേയർ എം.കെ.വർഗീസ് ലംഘിച്ചെന്ന് കാട്ടി പ്രിൻസിപ്പൽ സെക്രട്ടറി തദ്ദേശ സ്വയംഭരണ വകുപ്പ്, പ്രിൻസിപ്പൽ ഡയറക്ടർ തദ്ദേശ സ്വയംഭരണ വകുപ്പ്, നഗരകാര്യ ഡയറക്ടർ, കളക്ടർ, ജില്ല തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എന്നിവർക്ക് പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ, ഉപനേതാവ് ഇ.വി.സുനിൽരാജ് എന്നിവർ പരാതി നൽകി.

കോർപ്പറേഷനിൽ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം എന്നിവ റിപ്പോർട്ട് ചെയ്തിട്ടും, ജനങ്ങൾക്ക് ഉപകാരപ്രദമായ വ്യക്തിഗത ആനുകൂല്യം പാവപ്പെട്ടവരിൽ പാവപ്പെട്ടവർക്ക് പാസാക്കിയെടുക്കേണ്ട സമയത്ത് പോലും, മേയറും, സി.പി.എം നേതാക്കളും കൗൺസിൽ യോഗം വിളിച്ചു ചേർക്കാത്തത് തൃശൂർ ജനതയോട് കാണിക്കുന്ന വഞ്ചനയാണ്.

രാജൻ ജെ.പല്ലൻ
പ്രതിപക്ഷ നേതാവ്.

Advertisement
Advertisement