കെ.എസ്.പ്രവീൺകുമാർ ഫോട്ടോഗ്രഫി പുരസ്‌കാരം എ.സനേഷിന്

Wednesday 10 July 2024 2:46 AM IST

തൃശൂർ : ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫറായിരുന്ന അന്തരിച്ച കെ.എസ്.പ്രവീൺകുമാറിന്റെ പേരിൽ തൃശൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ഫോട്ടോഗ്രഫി അവാർഡിന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസിലെ എ.സനേഷിന്റെ 'സീക്കിംഗ് സോലേസ് ഇൻ സോളിറ്റ്യൂഡ്' എന്ന ചിത്രം അർഹമായി. 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളമീഡിയ അക്കാഡമിയും തൃശൂർ പ്രസ് ക്ലബും ചേർന്ന് സംഘടിപ്പിക്കുന്ന മൂന്ന് ദിവസത്തെ ഫോട്ടോഗ്രഫി പ്രദർശനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക. സാഹിത്യ അക്കാഡമിയിൽ 12ന് രാവിലെ പത്തരയ്ക്ക് മന്ത്രി കെ.രാജൻ അവാർഡ് സമ്മാനിക്കും. കെ.രാധാകൃഷ്ണൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, മീഡിയ അക്കാഡമി വൈസ് ചെയർമാൻ ഇ.എസ്.സുഭാഷ്, സംവിധായകൻ പ്രിയനന്ദനൻ, അനിൽ ഭാസ്‌ക്കർ എന്നിവർ പങ്കെടുക്കും. 12 മുതൽ 14 വരെ സാഹിത്യ അക്കാഡമിയിൽ കെ.എസ്.പ്രവീൺകുമാർ പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം നടത്തും.

Advertisement
Advertisement