ഷാരൂഖ് ഖാനെ കുറിച്ച് പറയാതിരിക്കാൻ നിവർത്തിയില്ല, സെറ്റിലെ അനുഭവം പറഞ്ഞ് ജഗദീഷ്

Wednesday 10 July 2024 12:37 PM IST

ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലയേറിയ താരം ആര് എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ... ഷാരൂഖ് ഖാൻ. 1992ൽ ദീവാനയിലൂടെ സിനിമയിൽ അരങ്ങേറിയ ഷാരൂഖ് ബോളിവുഡിന്റെ ബാദുഷയായി മാറിയെന്നത് ചരിത്രം. നൂറ് കോടിക്ക് മേലാണ് ഇന്ന് അദ്ദേഹത്തിന്റെ പ്രതിഫലം. ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ജവാനിലൂടെ ബോക്‌സോഫീസ് അടക്കിവാഴാനും കിംഗ് ഖാന് വീണ്ടുമൊരിക്കൽ കൂടി കഴിഞ്ഞു.

ഷാരൂഖിനെ കുറിച്ചുള്ള നടൻ ജഗദീഷിന്റെ വാക്കുകൾ ശ്രദ്ധേയമാവുകയാണ്. അദ്ദേഹത്തോടൊപ്പം അഭിനയിച്ച എക്‌സ്‌പീരിയൻസ് പങ്കുവയ‌്ക്കുകയായിരുന്നു ജഗദീഷ്. സെറ്റിലേക്ക് വരുമ്പോൾ തന്നെ വളരെ വലിയ പോസിറ്റീവ് എനർജിയാണ് സഹതാരങ്ങളിലേക്ക് ഷാരൂഖ് പകരുന്നതെന്നും ജഗദീഷ് പറയുന്നു.

''മൂന്ന് ഹിന്ദി സിനിമകളിൽ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചയാളാണ് ഞാൻ. രാജീവ് കുമാർ സംവിധാനം ചെയ‌്ത ഖുഷ്‌ടി, പ്രിയദർശൻ സംവിധാനം ചെയ‌്ത ഹംഗാമ, ബില്ലു ബാർബർ എന്നീ ചിത്രങ്ങളാണവ. ഈ അവസരത്തിൽ ഷാരൂഖ് ഖാനെ കുറിച്ച് പറയാതിരിക്കാൻ നിവർത്തിയില്ല. അദ്ദേഹം പ്രൊഡ്യൂസ് ചെയ‌്ത ചിത്രം കൂടിയായിരുന്നു ബില്ലു ബാർബർ. ഷാരൂഖ് ഖാൻ എന്ന പ്രൊഡ്യൂസർ സെറ്റിലേക്ക് വരുമ്പോൾ ഒരു എനർജിയാണ്. വലിയ ചൈതന്യമുള്ളയാളാണ് അദ്ദേഹം.

എന്നാലും വളരെ ഹംപിളായിട്ടാണ് നമ്മളോട് പെരുമാറുന്നത്. പ്രൊഡ്യൂസറാണെന്ന ജാഡയൊന്നുമില്ല അദ്ദേഹത്തിന്. ഓംപുരിയുടെ കാലിൽ തൊട്ട് തൊഴുതുകൊണ്ടായിരുന്നു സെറ്റിലെ അദ്ദേഹത്തിന്റെ ഒരുദിവസം തുടങ്ങിയിരുന്നത്''.