രാത്രികാലങ്ങളിൽ മാത്രം അബ്‌ദുൽ മുത്തലിബ് ചെയ്‌തുവന്ന പരിപാടി പൊളിച്ചു

Wednesday 10 July 2024 4:33 PM IST

കൊച്ചി: ഹെറോയിനുമായി അസാം സ്വദേശി പിടിയിൽ. കുന്നത്തുനാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ് ബിനുവിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനയിൽ ഒരു ബോക്സ് ഹെറോയിനുമായി അബ്ദുൽ മുത്തലിബ് എന്നയാൾ അറസ്റ്റിലായി. മൂന്നു വർഷമായി ആലുവായിലും പെരുമ്പാവൂരിലും ഇയാൾ മയക്കുമരുന്ന് വില്പന നടത്തിയിരുന്നതായാണ് പ്രാഥമിക വിവരം.

എക്സൈസിന്റെയും പൊലീസിന്റെയും കണ്ണുവെട്ടിച്ച് കച്ചവടം നടത്തുന്നതിനു പ്രതി അതീവ രഹസ്യമായി രാത്രിയിൽ മാത്രമാണ് ഇടപാടുകൾ നടത്തിയിരുന്നത്. പ്രതിയുടെ പക്കൽ നിന്നും 10 ഗ്രാം ഹെറോയിനും ഹെറോയിൻ വിറ്റ് കിട്ടിയ 5500 രൂപയും പിടിച്ചെടുത്തു.

അഞ്ച് ഗ്രാമിന് മുകളിൽ ഹെറോയിൻ കൈവശം വയ്ക്കുന്നത് 10 പത്തുവർഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ റ്റി സാജു, സലിം യൂസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം ആർ രാജേഷ്, അരുൺ ലാൽ, എ ബി സുരേഷ് എന്നിവർ പങ്കെടുത്തു.