കോട്ടയത്തെ പൂർണ സൗഹൃദ ജില്ലയാക്കണം: കെ.വി.ബിന്ദു
കോട്ടയം: ശതാബ്ദി ആഘോഷിക്കുന്ന 2049ൽ കോട്ടയം സ്ത്രീ സൗഹൃദമാകേണ്ടതിനെക്കുറിച്ചു കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു കേരളകൗമുദിയോട് സംസാരിക്കുന്നു.
ശതാബ്ദി വർഷമായ 2049 ലെങ്കിലും കോട്ടയം ജില്ല ഒരു പൂർണ്ണസൗഹൃദ ജില്ലയാകണം. ആദ്യം വേണ്ടത് സുരക്ഷിതമായ പൊതുഇടങ്ങളാണ്. സ്ത്രീക്ക് ഏത് സമയത്തും ജില്ലയുടെ ഏത് ഭാഗത്തും ഭയരഹിതമായി തനിയെ സഞ്ചരിക്കാൻ കഴിയണം. ഇതിനാവശ്യമായ പശ്ചാത്തലസൗകര്യങ്ങൾ ഒരുക്കണം. നല്ല റോഡ്, ക്രമസമാധാനപാലന സംവിധാനം, പൂർണസമയ പൊലീസ് റോന്ത് ചുറ്റൽ ,തെരുവ് വിളക്കുകൾ ഇവയെല്ലാം ജില്ലയിലെമ്പാടും ഉണ്ടാകണം. സ്ത്രീകൾക്ക് ആദരവും ബഹുമാനവും അർഹമായ പരിഗണനയും ലഭിക്കുംവിധം ജനങ്ങളുടെ കാഴ്ചപ്പാട് മാറണം. അതിനു സഹായകമായ സാംസ്കാരിക ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കണം.
ഇത് ഉറപ്പാക്കാം...
ജെൻഡർ സെൻസിറ്റീവ് ഇൻഫ്രാസ്ട്രക്ചർ ഉണ്ടാവണം. വൃത്തിയുള്ള ടോയ്‌ലറ്റുകൾ, വസ്ത്രം മാറാനുള്ള മുറികൾ, മുലയൂട്ടാനുള്ള സ്ഥലങ്ങൾ ഇവ എല്ലാ പഞ്ചായത്തിലും . ലഭ്യമാക്കണം. യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് വിശ്രമിക്കാനുള്ള സ്ഥലങ്ങൾ നഗരകേന്ദ്രങ്ങളിൽ ഉണ്ടാവണം. പ്രസവം, പ്രസവാനന്തര ആരോഗ്യ സംരക്ഷണത്തിനുള്ള പ്രത്യേക സംവിധാനം എല്ലാ പി.എച്ച്.സികളിലും സബ് സെന്ററുകളിലും ഉണ്ടാവണം.
എല്ലാ സ്വത്തിന്റെ മേലും സ്ത്രീകളുടെ കൂടി ഉടമസ്ഥത അംഗീകരിക്കപ്പെടണം.
അപകടരഹിതമാക്കണം
ഇന്ന് സ്ത്രീകൾ വലിയപ്രതിസന്ധി നേരിടുന്ന മേഖലഗതാഗതരംഗമാണ്. പൊതുമേഖലാ ഗതാഗതസംവിധാനം സുരക്ഷിതവും അപകടരഹിതവുമാകണം. സ്ത്രീകൾക്ക് വേണ്ടി പ്രത്യേക ബസ്സുകൾ ഉണ്ടാവണം. സ്ത്രീകളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന അഡ്വക്കേറ്റുമാർ, മറ്റ് നിയമതലത്തിലുള്ള ഉദ്യോഗസ്ഥർ എന്നിവർക്ക് പ്രത്യേക പരിശീലനം വേണം.