നെടുമ്പാശേരിയിൽ വൻ മയക്കുമരുന്ന് വേട്ട 13 കോടിയുടെ കൊക്കെയ്‌നുമായി കെനിയ സ്വദേശി പിടിയിൽ

Thursday 11 July 2024 1:45 AM IST

നെടുമ്പാശേരി: മദ്യക്കുപ്പിയിലാക്കിയും ശരീരത്തിൽ ഒളിപ്പിച്ചും കടത്തിക്കൊണ്ടുവന്ന 13 കോടിയോളം രൂപ വിലവരുന്ന കൊക്കെയ്‌നുമായി കെനിയ സ്വദേശി നെങ്ക ഫിലിപ്പിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അറസ്റ്റ് ചെയ്തു. ആഫ്രിക്കൻ നഗരമായ അഡീസ് അബാബയിൽ നിന്ന് ഖത്തർ എയർവെയ്സ് വിമാനത്തിൽ കൊച്ചിയിലെത്തിയ ഇയാളെ രഹസ്യവിവരത്തെ തുടർന്ന് ഡി.ആർ.ഐ പിടികൂടുകയായിരുന്നു. അമറുള്ള എന്ന ലേബൽ പതിച്ച വിദേശ മദ്യക്കുപ്പിയിൽ നിന്ന് മദ്യം മാറ്റി 1100 ഗ്രാം കൊക്കെയ്ൻ ദ്രാവകമാണ് നിറച്ചിരുന്നത്. ഗുളിക രൂപത്തിലാക്കിയ 200 ഗ്രാം കൊക്കെയ്ൻ ഇയാളുടെ മലദ്വാരത്തിലും കണ്ടെത്തി. 10 ഗുളികകളായാണ് മലദ്വാരത്തിൽ ഒളിപ്പിച്ചിരുന്നത്. ദ്രാവക രൂപത്തിലുള്ള കൊക്കെയ്ൻ ആദ്യമായാണ് കേരളത്തിൽ പിടികൂടുന്നത്. പരിശോധനയിൽ ആദ്യം ശരീരത്തിൽ ഒളിപ്പിച്ച കൊക്കെയ്‌നാണ് കണ്ടെത്തിയത്. തുടർന്ന് ചെക്ക് ഇന്നിൽ എത്തിച്ച ലഗേജിലുണ്ടായിരുന്ന സീൽ ചെയ്ത മദ്യക്കുപ്പിയിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ വീണ്ടും പരിശോധന നടത്തുകയായിരുന്നു. പ്രതിയെ അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കഴിഞ്ഞ 22ന് നെടുമ്പാശേരി വിമാനത്താവളത്തിൽ ടാൻസാനിയൻ സ്വദേശികളിൽ നിന്ന് 33 കോടിയുടെ കൊക്കെയ്ൻ വയറ്റിൽ ഒളിപ്പിച്ച നിലയിൽ പിടികൂടിയിരുന്നു.

Advertisement
Advertisement