നീറ്റ് യു. ജി പുനഃപരീക്ഷ : ഇന്ന് നിർണായക വാദം

Thursday 11 July 2024 4:06 AM IST

പരീക്ഷയുടെ പവിത്രതയെ ബാധിച്ചില്ലെന്ന് എൻ.ടി.എ

ന്യൂഡൽഹി : നീറ്റ് യു.ജി പുനഃപരീക്ഷ നടത്തണമെന്ന ഹർജികളിൽ സുപ്രീംകോടതി ഇന്ന് നിർണായക വാദം കേൾക്കാനിരിക്കെ, രണ്ടിടത്തെ ചോദ്യപേപ്പർ ചോർച്ച പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്ന് ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) സത്യവാങ്മൂലം സമർപ്പിച്ചു.

ബീഹാറിലെ പാട്ന,​ ഗുജറാത്തിലെ ഗോധ്ര എന്നിവിടങ്ങളിൽ ചോദ്യപേപ്പർ ചോർന്നതായി മനസിലാക്കിയ ഉടൻ സ്ഥിതി വിലയിരുത്തിയിരുന്നു. ആ സെന്ററുകളിൽ പരീക്ഷയെഴുതിയവരുടെ പ്രകടനം പരിശോധിച്ചു. ചോർച്ച,​ പരീക്ഷയുടെ പവിത്രതയെ ബാധിച്ചില്ലെന്നാണ് കണ്ടെത്തിയത്. വിദ്യാ‌ർത്ഥികളും ചോർച്ചയിലൂടെ ഗുണമുണ്ടാക്കിയില്ല. അസാധാരണമായ മാർക്ക് ആ‌ർക്കും ഇല്ലെന്നും എൻ.ടി.എ അറിയിച്ചു.

ചോർച്ച വലിയതോതിലാണെങ്കിൽ, നേട്ടമുണ്ടാക്കിയ വിദ്യാർത്ഥികളെ കണ്ടെത്തിയില്ലെങ്കിൽ പുന:പരീക്ഷയിൽ തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ ബെഞ്ച് തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. സി.ബി.ഐ അന്വേഷണത്തിന്റെ പുരോഗതി കോടതി ഇന്ന് വിലയിരുത്തും. എതൊക്കെ സ്ഥലങ്ങളിൽ ചോദ്യപേപ്പർ ചോർന്നു, എന്തു നടപടി സ്വീകരിച്ചു തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾ കോടതി ഉന്നയിച്ചിരുന്നു. ഇവയിൽ ഇന്ന് കേന്ദ്രസർക്കാരിന്റെയും​ എൻ.ടി.എയുടെയും വാദങ്ങൾ നിർണായകമാകും.

Advertisement
Advertisement