ഭൂമിയിലെ സമുദ്രങ്ങളെല്ലാം പെട്ടെന്നൊരുദിവസം വറ്റിപ്പോയാൽ പിന്നെയെന്ത് സംഭവിക്കും എന്നറിയാമോ? ഗവേഷകരുടെ കണ്ടെത്തൽ ഇങ്ങനെ

Wednesday 10 July 2024 9:37 PM IST

ഭൂമിയിലെ ജലത്തിന്റെ 97 ശതമാനവും സമുദ്രങ്ങളിലാണെന്നാണ് പഠനങ്ങളിലൂടെ തെളിഞ്ഞിരിക്കുന്നത്. ഭൂമിയുടെ 70 ശതമാനത്തോളം സമുദ്രങ്ങളാണ്. ഈ സമുദ്രങ്ങളെല്ലാം പെട്ടെന്നൊരു ദിവസം വറ്റിവരണ്ടാൽ ലോകത്തിനെന്ത് സംഭവിക്കും? ലാസ്‌റ്റ് ഗ്ളേഷ്യൽ മാ‌ക്‌സിമം എന്ന അതിശൈത്യ കാലത്ത് അതായത് ഏതാണ്ട് 19000 മുതൽ 26000 വരെ വർഷങ്ങൾക്ക് മുൻപ് ഇന്നത്തേതിനെക്കാൾ 410 അടി താഴെയായിരുന്നു സമുദ്രം. ഏറ്റവും പഴയ മനുഷ്യന്റെ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുള്ളത് ഈ ലാസ്‌റ്റ് ഗ്ളേഷ്യൽ മാ‌ക്‌സിമം കാലഘട്ടത്തിലാണ്. കനത്ത മഞ്ഞുവീഴ്‌ചയുണ്ടായ അന്ന് അന്റാർട്ടിക്ക മുതൽ ഗ്രീൻലൻഡ് വരെയും വടക്കേ അമേരിക്കയുടെ വടക്ക് ഭാഗം മുതൽ യൂറോപ്പ് വരെയും വിവിധ ഭൂഖണ്ഡങ്ങളിലെ രാജ്യങ്ങളുടെ മേൽ കട്ടിയേറിയ മഞ്ഞുറഞ്ഞതിനാൽ സമുദ്രനിരപ്പ് വരണ്ട് താഴ്‌ന്നുപോയി.

ഇതോടെ ഭൂഖണ്ഡങ്ങളിലും ഇന്നത്തെ ചില ദ്വീപുരാജ്യങ്ങളിലും വൻകരകളെ ബന്ധിപ്പിച്ച് പാലം പോലെ മഞ്ഞ് രൂപപ്പെട്ടു. നമ്മുടെ പൂർവികർ ഇതുവഴി വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിപ്പാർക്കാനും ഇത് കാരണമായി. യൂറോപ്പിൽ നിന്നും യുകെയിലേക്കും അലാസ്‌കയിൽ നിന്നും റഷ്യയിലേക്കുമൊക്കെ ഇങ്ങനെ മനുഷ്യർ കുടിയേറി താമസം തുടങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്.

ഇക്കാലത്തെ ഭൂമിയുടെ അവസ്ഥ നാസയിലെ ശാസ്‌ത്രജ്ഞനായ ഡോ.ഹോറേസ് മിച്ചൽ 2008ൽ അനിമേഷൻ വഴി തയ്യാറാക്കി. ജപ്പാൻ എയറോസ്‌പേസ് എക്‌സ്‌പ്ളോറേഷൻ ഏജൻസിയിലെ ഗവേഷകനും മുൻ നാസ ശാസ്‌ത്രജ്ഞനുമായ ഡോ. ജെയിംസ് ഒഡോനോഗ് ഇതിന്റെ അൽപ്പംകൂടി മെച്ചപ്പെട്ട ഒരു രൂപവും തയ്യാറാക്കിയിരുന്നു. ഇതുവഴി സമുദ്രത്തിന്റെ അടിത്തട്ടിന്റെ സ്വഭാവം പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. 6000 അടിയോളം സമുദ്രമേഖല ഇക്കാലത്ത് വരണ്ടുപോയി.

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും അടുത്തൊന്നും ഇതുപോലെ സമുദ്രം വരളാനോ പ്രശ്നമുണ്ടാകാനോ ഇടയില്ലെന്നാണ് ഗവേഷകർ പറയുന്നത്. എന്നാൽ മനുഷ്യർ അന്ന് ഭൂമിയിൽ വസിച്ചിരുന്നതായി കണ്ടെത്തിയതിനാൽ ഇക്കാലത്ത് നമ്മുടെ പൂർവികർ നേരിട്ട പ്രതിസന്ധികളും അതുപോലെ അവരുടെ കുടിയേറ്റ ചരിത്രവും പഠിക്കാൻ നമുക്ക് ഇതിലൂടെ കഴിയും.

Advertisement
Advertisement