കോഴി,താറാവ് വില്പന നിരോധന ശുപാർശ, ജില്ലയിൽ ദുരിതത്തിലാകും കാൽലക്ഷം കുടുംബങ്ങൾ

Thursday 11 July 2024 12:44 AM IST

ആലപ്പുഴ : താറാവ് ,കോഴി ഉൾപ്പെടെയുള്ള പക്ഷികളുടെ വിൽപ്പനയും കടത്തും നിരോധിക്കണമെന്ന പക്ഷിപ്പനി പഠനസംഘത്തിന്റെ ശുപാർശ, ജില്ലയിലെ കാൽലക്ഷത്തോളം കുടുംബങ്ങളെ പട്ടിണിയിലാക്കും. താറാവ് ഉൾപ്പെടെയുള്ള പക്ഷികളുടെ വളർത്തൽ 15,000ത്തോളം കുടുംബങ്ങളുടെ ഉപജീവന മാർഗ്ഗമാണ്. അനുബന്ധ മേഖലയിൽ പണിയെടുക്കുന്ന 10,000ത്തോളം കുടുംബങ്ങൾ വേറെയും. 5മുതൽ 50വരെ കോഴിയും താറവുമുള്ള വീടുകളാണ് ജില്ലയിൽ അധികവും.

പക്ഷികളുടെ കടത്തും വില്പനയും മാർച്ചുവരെ തടയണമെന്ന നിർദ്ദേശം

അക്ഷരാർത്ഥത്തിൽ കുട്ടനാട് മേഖലയിൽ താറാവ് വളർത്തൽ നിരോധിക്കുന്നതിന് തുല്യമാണെന്ന് കർഷകർ പറയുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ചപ്പോൾ തന്നെഇറച്ചിയുടെയും മുട്ടയുടെയും വിൽപ്പന ഗണ്യമായി ഇടിഞ്ഞിരുന്നു. നിയന്ത്രണം കൂടി നിലവിൽ വന്നതോടെ മേഖല കൂടുതൽ പ്രതിസന്ധിയിലാകും.

പ്രതിസന്ധി രൂക്ഷമാക്കും

1.ജില്ലയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ തന്നെ താറാവ്, ഇറച്ചിക്കോഴി, മുട്ട വില്പന മേഖല കടുത്ത പ്രതിസന്ധിയിലായിരുന്നു

2. രണ്ട് ലക്ഷം കിലോഗ്രാം ചിക്കൻ പ്രതിദിനം വിറ്റിരുന്നു. ഇതിനെ പുറമേയാണ് താറാവിന്റെ വില്പന. ആകെ വില്പനയിൽ 50 ശതമാനം വരെ കുറവുണ്ടായി

3. ആയിരത്തോളം ഫാമുകളും 2500 കോഴിയിറച്ചി വില്പന സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്. തമിഴ്‌നാട്ടിൽ നിന്നുള്ള കോഴികളാണ് വിൽക്കുന്നതിലധികവും

4. കുട്ടനാട്ടിൽ പത്ത് പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാനവരുമാനമാർഗമാണ് താറാവ്,കോഴി വളർത്തൽ

5. താറാവ്, കോഴിയിറച്ചി വാങ്ങിയിരുന്നവർ ബീഫ്, മട്ടൻ എന്നിവയിലേക്ക് ചുവടുമാറ്റിയത് ഇവരുടെ ഉപജീവനം പ്രതിസന്ധിയിലാക്കി

കോഴി,താറാവ് വില

(ഇന്നലത്തേത് -കഴിഞ്ഞ ആഴ്ച)​

ഇറച്ചിക്കോഴി : ₹120.....160

കോഴിയിറച്ചി : ₹ 220......270

താറാവ് ഒന്നിന് : ₹ 250.....450

പക്ഷിപ്പനി പഠനസംഘത്തിന്റെ റിപ്പോർട്ട് പക്ഷി വളർത്തൽ നിരോധനത്തിന് സമമാണ്. താറാവ് വളർത്തലും വിൽപ്പനയും പാടില്ലെന്നാണ് പറയുന്നത്. താറാവു കർഷകർക്കായി പുനരധിവസവും നഷ്ടപരുഹാരവും നൽകുന്ന പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം

അഡ്വ.ബി.രാജശേഖരൻ, പ്രസിഡന്റ്, ഐക്യതാറാവ് കർഷക സംഘം

കോഴി,​ താറാവ് കർഷകർക്കുണ്ടായ പ്രതിസന്ധി മറികടക്കാൻ സാമ്പത്തിക സഹായം നൽകാൻ നടപടി വേണം. ന്യായമായ നഷ്ടപരിഹാരം നൽകണം

-പ്രമോദ്, താറാവ് കർഷകൻ

Advertisement
Advertisement