വിഴിഞ്ഞം മത്സ്യബന്ധന തുറമുഖവും വളരണം
വിഴിഞ്ഞം: രാജ്യാന്തര തുറമുഖം യാഥാർത്ഥ്യമാകുമ്പോഴും അതിനും വർഷങ്ങൾക്കു മുമ്പ് പണി തുടങ്ങിയ മത്സ്യബന്ധന തുറമുഖത്തിൽ വികസനമെത്തിയില്ല. 1962 സെപ്തംബർ 12നാണ് മത്സ്യബന്ധന തുറമുഖത്തിന് തറക്കല്ലിട്ടത്. കോടികൾ ചെലവഴിച്ചു. പൂർത്തിയായത് ഒരു ഘട്ടം മാത്രം. മൂന്നു ഘട്ടമായി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് തുറമുഖ നിർമ്മാണത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയെങ്കിലും പദ്ധതി നടന്നില്ല. ഗീയർ ഷെഡ്, ലേലപ്പുര, റോഡ്, ശുദ്ധജല സൗകര്യം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെട്ടിരുന്നത്. ഇതിൽ രണ്ട് വാർഫും ഷെഡ്ഡും നിർമ്മിച്ചു. വാർഫുകൾക്കിടയിലെ ഡ്രഡ്ജിംഗ് അവശേഷിക്കുന്നുണ്ട്. നേരത്തെ ഡ്രഡ്ജിംഗ് നടത്തിയെങ്കിലും പണിയിലെ അപാകത കാരണം വൻതോതിൽ മണൽ തിരികെ വന്നടിഞ്ഞു. നിലവിൽ 48 കോടിയുടെ പുതിയ മാസ്റ്റർപ്ലാൻ തയ്യാറാക്കി കേന്ദ്രാനുമതിക്കായി കാത്തിരിക്കുകയാണ് ഹാർബർ എൻജിനിയറിംഗ് വകുപ്പ്.
ഫിഷ് ലാൻഡിംഗ് സെന്റർ വികസിപ്പിക്കും
വിഴിഞ്ഞം ഫിഷ് ലാൻഡിംഗ് സെന്റർ ആധുനികവത്കരിക്കാനുള്ള പദ്ധതിയും തയ്യാറായി. കേന്ദ്രത്തിന്റെ 25 കോടി രൂപ ചെലവാക്കി നിർമ്മിക്കുന്ന പദ്ധതിയുടെ രൂപരേഖ ഹാർബർ എൻജിനിയറിംഗ് വകുപ്പ് കേന്ദ്ര അംഗീകാരത്തിനായി സമർപ്പിച്ചു.
ആധുനിക സംവിധാനങ്ങൾ
വിഴിഞ്ഞത്തെ ഫിഷ് ലാൻഡിംഗ് സെന്ററിലേക്ക് പോകുന്ന പ്രധാന വഴിയിലും കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ നിന്ന് വരുന്ന ഭാഗത്തും ഗേറ്റ് കോംപ്ലക്സ്, റോഡിന് ഇരുവശത്തും ലോക്കർ റൂമുകൾ, ഗംഗയാർ തോടിന് മറുവശത്ത് പുതിയ മാർക്കറ്റ്, മത്സ്യം സൂക്ഷിക്കാൻ കോൾഡ് സ്റ്റോറേജ്, ഫിഷ് ലാൻഡിംഗ് സെന്ററും പരിസരവും വൃത്തിയാക്കുന്നതിനായി മോട്ടോർ പമ്പ്, ചുറ്റുമതിലുകൾ, സി.സി ടിവി ക്യാമറകൾ തുടങ്ങിയവയാണ് മാസ്റ്റർപ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുലിമുട്ട് നീളം കൂട്ടും
മത്സ്യബന്ധന തുറമുഖത്തെ സീവേർഡ് ബ്രേക്ക് വാട്ടർ പദ്ധതിക്ക് (പുലിമുട്ട് നീളം കൂട്ടൽ)എസ്റ്റിമേറ്റായി. 70 കോടിയുടെ എസ്റ്റിമേറ്റാണ് തയ്യാറാക്കിയത്. ഭരണാനുമതി ലഭിച്ചാലുടൻ പണി ആരംഭിക്കും. ഈ വർഷം തന്നെ ഭരണാനുമതി ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വർഷകാലത്ത് തിരയിൽ വാർഫും ചുറ്റുപാടുകളും തകരുന്നത് തടയാനാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി പൂനെ സെൻട്രൽ വാട്ടർ പവർ റിസർച്ച് സ്റ്റേഷന്റെ നേതൃത്വത്തിൽ പഠനം നടത്തിയിരുന്നു. മൗത്തിൽ മണ്ണടിച്ചിൽ കാരണം അപകടങ്ങൾ പതിവാകുന്നുവെന്ന പരാതി ഉയർന്നതിനെത്തുടർന്നാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ (വിസിൽ) നേതൃത്വത്തിൽ പഠനം നടത്തിയത്. 45 ഡിഗ്രി ചരിവിൽ 270 മീറ്റർ നീളത്തിൽ പുലിമുട്ട് നിർമ്മിക്കാനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്.