ആശങ്ക ഒഴിയാതെ തലസ്ഥാനം രണ്ടു പേർക്ക് കൂടി കോളറ സ്ഥിരീകരിച്ചു

Thursday 11 July 2024 1:15 AM IST

കോളറ ബാധിച്ച് ചികിത്സയിലുള്ളവർ മൂന്നായി

കൂടുതൽ പേർക്ക് രോഗബാധയെന്ന് സംശയം

തിരുവനന്തപുരം: തലസ്ഥാനത്ത് പടർന്നുപിടിച്ച കോളറ രോഗത്തിന്റെ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ് കുഴങ്ങുന്നതിനിടെ,​ ഇന്നലെ രണ്ടുപേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. നെയ്യാറ്റിൻകര തവരവിളയിലെ സ്പെഷ്യൽ സ്‌കൂൾ ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച 11കാരനൊപ്പമുണ്ടായിരുന്നവരാണ് ഇരുവരും. ഇതിൽ ഒരാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റൊരാൾ ഐരാണിമുട്ടത്തെ ഐസൊലേഷൻ വാർഡിലും ചികിത്സയിലാണ്. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച കുട്ടി എസ്.എ.ടി ആശുപത്രിയിലാണ്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 12പേരും എസ്.എ.ടിയിൽ രണ്ടു പേരും ഐരാണിമുട്ടം ഐസൊലേഷൻ വാർഡിൽ ഏഴുപേരുമാണുള്ളത്. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചു. ഇന്ന് കൂടുതൽ ഫലങ്ങൾ ലഭിക്കുമ്പോൾ രോഗബാധികരുടെ എണ്ണം ഉയർന്നേക്കും. ലക്ഷണങ്ങളുള്ളവരെയും രോഗികളുമായി സമ്പർക്കത്തിൽ വന്നവരെയും ജില്ലാ ആരോഗ്യവിഭാഗം നിരീക്ഷിച്ചുവരികയാണ്. റാപ്പിഡ് റെസ്പോൺസ് ടീം പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.

അതേസമയം,​ സ്‌പെഷ്യൽ സ്ക്കൂൾ ഹോസ്റ്റലിൽ രോഗലക്ഷണങ്ങളോടെ വെള്ളിയാഴ്ച മരിച്ച അനുവിന്റെ മരണകാരണം കോളറയാണെന്ന് ആരോഗ്യവകുപ്പ് അന്തിമമായി സ്ഥിരീകരിച്ചിട്ടില്ല. മരിക്കുന്നതിനു മുമ്പ് രോഗം സ്ഥിരീകരിക്കാത്തതിനാലാണിത്. എന്നാൽ അനുവിന്റെ രോഗം നിർണയിക്കുന്നതിൽ ഡോക്ടർമാർക്ക് വീഴ്ചയുണ്ടായെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. ഹോസ്റ്റലിൽ നിന്ന് ആദ്യം നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും അവിടെനിന്ന് മെഡിക്കൽ കോളേജിലുമാണ് അനുവിനെ എത്തിച്ചത്. എന്നാൽ രണ്ടിടത്തും കോളറ ലക്ഷണങ്ങൾ മനസിലാക്കി രോഗനിർണത്തിയത്തിനായി മലം പരിശോധനയ്ക്ക് എടുത്തില്ല. ഭക്ഷ്യവിഷബാധയെന്ന് കരുതിയുള്ള ചികിത്സയാണ് നൽകിയത്. ഹോസ്റ്റലിൽ ഒപ്പമുണ്ടായിരുന്ന 11കാരന് സുഖമില്ലാതായതോടെ എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചപ്പോൾ അവിടെയുള്ള ഡോക്ടർമാർ കോളറ സംശയിച്ച് നടത്തിയ പരിശോധനയാണ് രോഗനിർണയത്തിൽ വഴിത്തിരിവായത്. എന്നാൽ പനിക്കാലമായതിനാൽ പലർക്കും വയറിളക്കം കാണപ്പെടാറുണ്ടെന്നും അതിനാലാണ് ആദ്യം ഡോക്ടർമാർ കോളറ സംശയിക്കാത്തതെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

ഐരാണിമുട്ടം സജ്ജം

ഐരാണിമുട്ടം സാമൂഹ്യാരോഗ്യകേന്ദ്രത്തോട് ചേർന്നുള്ള ഐസൊലേഷൻ വാർഡിൽ ഡോക്ടർമാരും നഴ്സുമാരും മറ്റ് ആരോഗ്യപ്രവർത്തകരെയും ഇന്നലെ വിന്യസിച്ചു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നിരീക്ഷണത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. വിദഗ്ദ്ധ ചികിത്സ നൽകാനുള്ള സംവിധാനം ഇവിടെ ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

മരുന്നെത്തിയാൽ ഫലം മാറും

എലിപ്പനി പ്രതിരോധ ഗുളികയായ ഡോസിസൈക്ലിനാണ് കോളറയ്ക്കും ആദ്യം നൽകുന്നത്. ഇത് ഒരു ഡോസ് ശരീരത്തിലെത്തിയാൽ കോളറയ്ക്ക് കാരണമാകുന്ന ബാക്ടീരിയ നശിക്കും. രോഗം സംശയിക്കുന്നയാളുടെ മലം പരിശോധിച്ചാണ് രോഗനിർണയം നടത്തുന്നത്. മരുന്ന് കഴിച്ചശേഷം സാമ്പിളെടുത്താൽ പോസിറ്റീവാകില്ല. നെയ്യാറ്റിൻകരയിൽ ചൊവ്വാഴ്ചയ്ക്ക് ശേഷം ലക്ഷണങ്ങൾ പ്രകടമാക്കുന്നവർക്കെല്ലാം ഈ മരുന്നാണ് നൽകുന്നത്.

തവരവിളയിൽ പരിശോധനയും അനൗൺസ്‌മെന്റും

ഹോസ്റ്റൽ സ്ഥിതിചെയ്യുന്ന തവരവിളയിലും പരിസരപ്രദേശത്തും മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ഇന്നലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്നു സംഘങ്ങളായി തിരിഞ്ഞാണ് പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് മുനിസിപ്പൽ ചെയർമാൻ രാജമോഹനകുമാർ പറഞ്ഞു. ഹോട്ടലുകളിലും മറ്റു കടകളിലും പരിശോധന ആരംഭിച്ചു. വീടുകൾതോറും ക്ലോറിനേഷനും ബോധവത്കരണവും നടത്തുന്നുണ്ട്. ഇതോടൊപ്പം അനൗൺസ്മെന്റ് വാഹനങ്ങളും നിരത്തിലിറക്കി.ശ്രീകാരുണ്യമിഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ സ്കൂളും ഹോസ്റ്റലും അടച്ചിട്ടുണ്ട്.എന്നാൽ ഏറ്റെടുക്കാൻ ആളില്ലാത്ത കുട്ടികൾ ഹോസ്റ്റലിൽ തുടരുന്നുണ്ട്. അതിനാൽ ഹോസ്റ്റലിൽ ആരോഗ്യപ്രവർത്തകർ പരിശോധനകളും ക്ലോറിനേഷനും നടത്തി.

Advertisement
Advertisement