പക്ഷം തേടി ഫ്രാൻസ്

Thursday 11 July 2024 1:29 AM IST

ഫ്രഞ്ച് വിപ്ലവാനന്തരം ആശയങ്ങളുടെ വിളനിലമായാണ് ഫ്രാൻസിനെ ലോകം കാണുന്നത്. സ്വതന്ത്ര്യം,​ സമത്വം,​ സാഹോദര്യം എന്നീ മഹത്തായ ആശയങ്ങൾക്കു പുറമെ ലോകോത്തര ചിന്തകന്മാരാൽ സമ്പന്നമാണ് ഫ്രാൻസ്. ഈ ആശയങ്ങളുടെ സംഘർഷ ഭൂമിയായിരുന്നു ഫ്രാൻസിന്റെ പാർലമെന്റിലേക്കു നടന്ന ഈ തിരഞ്ഞെടുപ്പ്. ഏത് ആശയത്തെ പുൽണമെന്ന ത്രിശങ്കുവാണ് തിരഞ്ഞെടുപ്പു ഫലം ലോകത്തിനു മുന്നിൽ വയ്ക്കുന്നത്. ഈ അവസ്ഥ സംജാതമാകാനുള്ള കാരണം, കഴിഞ്ഞ മാസം ആദ്യം യൂറോപ്യൻ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ സഖ്യമായ നാഷണൽ റാലിക്ക് ഇടതുപക്ഷത്തെയും മദ്ധ്യപക്ഷത്തെയും അപേക്ഷിച്ച് വലിയ മുൻതൂക്കം ലഭിച്ചതാണ്. യൂറോപ്യൻ പാർലമെന്റിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ വിഭാഗത്തിന് 31.5% വോട്ട് ലഭിച്ചപ്പോൾ നിലവിലെ പ്രസിഡന്റായ ഇമ്മാനുവൽ മാക്രോണിന്റെ പാർട്ടിക്കു കിട്ടിയത് വെറും 15% വോട്ട് മാത്രമാണ്. ഇത് തീർത്തും അപ്രതീക്ഷിതമായ ഫലമായിരുന്നെങ്കിലും ഫ്രാൻസ് എവിടേയ്ക്ക് ചിന്തിക്കുന്നുവെന്ന് മനസിലാക്കുവാനായി എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് പ്രസിഡന്റ് മാക്രോൺ ഫ്രഞ്ച് പാർലമെന്റിലേക്ക് പെടുന്നനെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇത് തീർത്തും അപ്രതീക്ഷിതമായിരുന്നു. ദേശീയ രാഷ്ട്രീയത്തിൽ വിവിധ ആശയങ്ങളെ പ്രതിനിധീകരിക്കുന്ന കക്ഷികൾക്കതീതമായി യൂറോപ്യൻ പാർലമെന്റിലേക്ക് നൽകിയ ജനവിധി ആയിരിക്കില്ല, ദേശീയ രാഷ്ട്രീയത്തിലെ നാഷണൽ അസംബ്ലിയിലേക്ക് നൽകുന്നതെന്നു തെളിയിക്കേണ്ടത് പ്രസിഡന്റിന് ഭരണത്തിൽ തുടരുവാൻ ആവശ്യമായിരുന്നു.

മദ്ധ്യപക്ഷത്തിനാണ് ഇപ്പോഴും മുൻതൂക്കമുള്ളതെന്ന് തെളിയിക്കാൻ വേണ്ടിയുള്ള ശ്രമമായിരുന്നു മാക്രോൺ നടത്തിയത്. ഇതിന്റെ ഭാഗമായി നടന്ന തിരഞ്ഞെടുപ്പിൽ ആദ്യ റൗണ്ടിൽ ഏവരെയും അതിശയിപ്പിച്ചുകൊണ്ട് വീണ്ടും വലതുപക്ഷ സഖ്യം 33.3% വോട്ട് നേടി ഒന്നാമതെത്തിയപ്പോൾ ഇടതു സഖ്യം 28.6% നേടി . പ്രസിഡന്റ് മാക്രോണിന്റെ പാർട്ടിക്ക് 20.9% നേടി മൂന്നാം സ്ഥാനത്ത് എത്തുവാനേ സാധിച്ചുള്ളു. ഈ തിരഞ്ഞെടുപ്പ് ഫലം അന്തിമഫലത്തിലേക്ക് പോകുന്നതായിരുന്നില്ല, കാരണം, ഫ്രഞ്ച് തിരഞ്ഞെടുപ്പിൽ ഏതു സീറ്റിലാണെങ്കിലും കേവലഭൂരിപക്ഷം (50 ശതമാനത്തിലധികം വോട്ട്) നേടിയാൽ മാത്രമേ ആ സ്ഥാനാർത്ഥിയെ വിജയിയായി കാണാനാകൂ. ഫ്രഞ്ച് പാർലമെന്റിൽ മുഴുവൻ 577 സീറ്റുകളാണുള്ളത്. അതിൽ 501 സീറ്റിലും സ്ഥാനാർത്ഥികൾക്ക് കേവലഭൂരിപക്ഷത്തിനുള്ള വേട്ട് നേടാൻ കഴിയാത്തതിനാൽ പാർലമെന്റിലേക്ക് നടന്ന രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷവും മദ്ധ്യപക്ഷവും ഒന്നിച്ച് നിന്ന് തീവ്ര വലതുപക്ഷത്തെ നേരിട്ടത്.

തീവ്രവലതുപക്ഷത്തെ ഭരണത്തിൽ നിന്ന് മാറ്റി നിറുത്തുവാൻ ഇതിനു മുമ്പും പ്രയോഗിച്ചിട്ടുള്ള തന്ത്രമാണ് ഈ കൂട്ടുകെട്ട്. അങ്ങനെ നടന്ന തിരഞ്ഞെടുപ്പിന്റെ ഫലമാണ് ഇപ്പോൾ വന്നിരിക്കുന്നത്. രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പിൽ ഇടതു സഖ്യം ഫ്രാൻസ് അൺബൗണ്ടിന് 182 സീറ്റുകൾ നേടാനായി. ​ ഇമ്മാനുവൽ മാക്രോണിന്റെ മദ്ധ്യപക്ഷ സഖ്യം 168 സീറ്റുകളും നേടി. അതേസമയം ഒന്നാം റൗണ്ട് തിരഞ്ഞടുപ്പിൽ ഒന്നാമതെത്തിയിരുന്ന വലതുപക്ഷ തീവ്ര പാർട്ടിക്ക് 143 സീറ്റുകളാണ് നേടാനായത്. ഏതു പക്ഷത്തു നിൽക്കണമെന്ന് കൃത്യമായി തീരുമാനിക്കാൻ പറ്രാത്ത ഒരു ത്രിശങ്കു സാഹചര്യമാണ് ഫലത്തിൽ കാണുന്നത്.

ഇടതിന്

മുൻതൂക്കം

തിരഞ്ഞെടുപ്പിൽ ചില വിദഗ്ദ്ധരെയെങ്കിലും അത്ഭുതപ്പെടുത്തുന്നത് തീവ്ര ഇടതുപക്ഷ സഖ്യമായ ഫ്രാൻസ് അൻബൗണ്ടിന് ലഭിച്ച മുൻതൂക്കമാണ്. അതിന്റെ നേതാവായ ഴാങ് ലുക് മിലോഷനിന്റെ നയങ്ങൾ തീവ്ര ഇടതു സ്വഭാവമുള്ളവയാണ്. അദ്ദേഹത്തെക്കുറിച്ച് 73% ഫ്രഞ്ച് ജനതയ്ക്കും നെഗറ്രീവ് അഭിപ്രായമാണ്. നിലവിലെ പ്രസിഡന്റ് മാക്രോണുമായി കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ട്. പാലസ്തീൻ വിഷയത്തിൽ ഹമാസിനെ വിമർശിക്കാറില്ല. കടുത്ത ജൂതവിരോധം വച്ചു പുലർത്തുന്നുണ്ട്. കുടിയേറ്റത്തെ പിന്തുണയ്ക്കുകയും യൂറോപ്പിന്റെ മുതലാളിത്തെ വിമർശിക്കുന്നുമുണ്ട്. ഫ്രഞ്ച് വിപ്ലവത്തിൽ രക്തപങ്കിലമായ നായകത്വം വഹിച്ച മാക്സിമിലിയൻ റോബെസ്പിയറിന്റെ ആരാധകനാണ് അദ്ദേഹം.

സർക്കാരിന് ജനങ്ങൾ നൽകിയതല്ലാതെ ഒരധികാരവുമില്ല; ജനങ്ങളാണ് അധികാരം എന്നതാണ് ഇവരുടെ മുദ്രാവാക്യം! പണക്കാരുടെ മേൽ നികുതി ചുമത്തുമെന്നത് ജനങ്ങളെ ആകർഷിക്കുന്നു. ഇത്തരം കാര്യങ്ങളാണ് ഇടതുപക്ഷത്തിന് മുൻതൂക്കം നൽകുന്നത്. ഇത്തരം രാഷ്ട്രീയ സ്വഭാവമുള്ള അദ്ദേഹത്തോട് മറ്രു രാഷ്ട്രീയ കക്ഷികൾ ചേർന്നു പോകുക എളുപ്പമല്ല. പ്രാധാനമന്ത്രിയായി തനിക്കു വരുവാനുള്ള ആഗ്രഹവും ഴാങ് ലുക് മിലോഷൻ പ്രകടിപ്പിച്ചു കഴിഞ്ഞു. പ്രസിഡന്റായ മാക്രോൺ എത്രമാത്രം ഇടതുപക്ഷവുമായി ചേരുമെന്നതും ചോദ്യമാണ്. മാത്രമല്ല ഇവർക്ക് എത്രമാത്രം തീവ്ര വലതുപക്ഷത്തെ നേരിടാൻ കഴിയും എന്നതും പ്രശ്നമാണ്.

പരുങ്ങലിൽ

മാക്രോൺ

168 സീറ്റുകൾ നേടി രണ്ടാമതെത്തിയെങ്കിലും ഭൂരിപക്ഷത്തിൽ നേരിട്ട കുറവ് പ്രധാനമന്ത്രി ആരാകണമെന്ന കാര്യത്തിൽ തർക്കങ്ങളുണ്ടാകും. നിലവിലെ പ്രധാനമന്ത്രി ഗബ്രിയേൽ അത്താൽ മാക്രോണിയുടെ പക്ഷമാണ്. കൂട്ടുസഭ വന്നാൽ തീരുമാനമെടുക്കുന്നതും നടപ്പിലാക്കുന്നതും ബുദ്ധിമുട്ടാകും. ഇടതു പക്ഷവും മാക്രോണിന്റെ മദ്ധ്യപക്ഷവും രഹസ്യധാരണയുടെ അടിസ്ഥാനത്തിൽ മത്സരിച്ചാണ് തീവ്ര വലതുപക്ഷത്തിന് ലഭിക്കേണ്ടിയിരുന്ന ഭൂരിപക്ഷത്തെ ഇല്ലാതാക്കിയത്. ആ രഹസ്യധാരണ പാർലമെന്റിൽ എത്രമാത്രം പ്രാവർത്തികമാകും എന്നതനുസരിച്ചാണ് ഫ്രാൻസിന്റെ രാഷ്ട്രീയ സ്ഥിരത. രാഷ്ട്രീയമായി ഇത് ആർക്ക് ഗുണം ചെയ്യുമെന്നത് ചോദ്യമായി തുടരും.

വലതിന്

എത്രദൂരം

തിരഞ്ഞെടുപ്പിൽ മൂന്നാമതായെങ്കിലും ഫ്രാൻസിലെ നാഷണൽ റാലിയെന്ന വലതുപക്ഷ സഖ്യം 143 സീറ്റ് നേടിയിട്ടുണ്ട്. ഇവർക്ക് മുമ്പ് ലഭിച്ചതിനെക്കാൾ ഉയർന്ന ശതമാനമാണിത്. ഇത് സൂചിപ്പിക്കുന്നത് തങ്ങൾക്ക് ഭരണം ഒട്ടും ദൂരെയല്ല എന്നതാണ്. ഫ്രാൻസ് താമസിക്കാതെ ഒരു വലതു പക്ഷ തീവ്ര പാർട്ടി ഭരിക്കാനുള്ള സാദ്ധ്യതയിലേക്കാണ് കാര്യങ്ങൾ പോകുന്നത്.

ലോകത്തിനുള്ള

സന്ദേശം

യൂറോപ്പിൽ ഹംഗറി, ഓസ്ട്രിയ,​ ഇറ്റലി പോലുള്ള നിരവധി രാജ്യങ്ങളിൽ വലതുപക്ഷ തീവ്രഭരണം നിലവിവുണ്ട്. ലോകത്താകമാനം പല രാജ്യങ്ങളിലും തീവ്ര വലതുപക്ഷ കക്ഷികൾ ശക്തമാണ്. അമേരിക്കയിൽ ട്രംപിനു ലഭിക്കുന്ന വേട്ടുകളിലും തീവ്ര വലതുപക്ഷമുണ്ട്. അങ്ങനെ നോക്കുമ്പോൾ താത്ക്കാലിമായി ഇടതുപക്ഷത്തിന് മുൻതൂക്കം ലഭിച്ചത് ഫ്രാൻസിലെ ഇടതുപക്ഷവും മദ്ധ്യപക്ഷവും ഉണ്ടാക്കിയ രഹസ്യധാരണ മൂലമാണ്. ഇല്ലായിരുന്നെങ്കിൽ തീവ്രവലതുപക്ഷം പാർലമെന്റ് പിടിച്ചടക്കിയേനെ. ഇത് ലോകത്തിന് വലിയൊരു സന്ദേശം നൽകുന്നുണ്ട്. യൂറോപ്പ് ജനാധിപത്യത്തിൽ നിന്ന് അകന്നുപോകുന്നു എന്നത് ഒട്ടും ആശ്വാസ്യമല്ല. അതുതന്നെയാണ് തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നതും.

ഇന്ത്യ ബന്ധം

ഇന്ത്യയുടെ വിദേശനയം,​ ദേശീയതാത്പര്യം സംരക്ഷിക്കുന്നതിനായി ആശങ്ങൾക്കതീതമായി ബന്ധങ്ങൾ സ്ഥാപിക്കുന്ന സമീപമാണ് ഇപ്പോൾ പുലർത്തുന്നത്. നിലവിൽ ആര് പാർലമെന്റ് നിയന്ത്രിച്ചാലും ഇന്ത്യ ബന്ധത്തിൽ മാറ്റമുണ്ടാകില്ല. ഫ്രാൻസിന്റെ പക്ഷം ഇടതാണോ മദ്ധ്യമാണോ വലതാണോ എന്ന ചോദ്യം ഫ്രാൻസിനോടു മാത്രമല്ല,​ അത് ലോകത്തോടുള്ള ചോദ്യമാണ്.

Advertisement
Advertisement