സി.ബി.ഐയെ ദുരുപയോഗിക്കുന്നു: ഹർജി നിലനിൽക്കുമെന്ന് സുപ്രീംകോടതി

Thursday 11 July 2024 1:37 AM IST

ന്യൂഡൽഹി : കേന്ദ്രസർക്കാർ സി.ബി.ഐയെ ദുരുപയോഗിക്കുന്നുവെന്ന പശ്ചിമ ബംഗാളിന്റെ ഹർജി നിലനിൽക്കുമെന്ന നിലപാടെടുത്ത് സുപ്രീംകോടതി. ബംഗാളിന്റെ സ്യൂട്ട് ഹർജിയിൽ വിശദമായ വാദം കേൾക്കാനും ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് തീരുമാനിച്ചു. സി.ബി.ഐക്ക് കേസെടുക്കാൻ അനുമതി നിഷേധിച്ചിട്ടും ബംഗാളുമായി ബന്ധപ്പെട്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തുന്നുവെന്നാണ് മമത സർക്കാരിന്റെ പരാതി. നിയമപരമായ ചോദ്യങ്ങൾ ഉയർ‌ത്തുന്ന വിഷയമാണെന്ന് കോടതി നിരീക്ഷിച്ചു. പല വസ്‌തുതകളും മറച്ചുവച്ചാണ് ഹർജിയെന്ന കേന്ദ്രസർക്കാരിന്റെ വാദം കോടതി തള്ളി. ആഗസ്റ്ര് 13ന് ബംഗാളിന്റെ ഹർജി വീണ്ടും പരിഗണിക്കും. സി.ബി.ഐയെ സംസ്ഥാനത്ത് അനുവദിച്ചാൽ പിന്നാലെ ഇ.ഡിയും വരും. ഇത് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ബംഗാളിന്റെ വാദം.

Advertisement
Advertisement