അശ്ലീല ദൃശ്യങ്ങൾ തിരഞ്ഞിട്ടുണ്ടോ? എങ്കിൽ അവ‌ർ തേടിയെത്തും, കണ്ണൂരിലെ ചില‌ർക്ക് സംഭവിച്ചതിനെപ്പറ്റി നിങ്ങളറിയണം

Thursday 11 July 2024 12:58 PM IST

കണ്ണൂർ: പണം, സിം, വ്യാജ ആധാർ കാർഡുകൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയ കൊറിയർ എത്തിയിട്ടുണ്ടെന്ന് അറിയിച്ച് തട്ടിപ്പിന്റെ പുതിയ വേർഷനും. കണ്ണൂരിൽ നിരവധി പേരാണ് അടുത്തിടെയായി ഈ രീതിയിലുള്ള കൊറിയർ തട്ടിപ്പിലൂടെ നിരവധിപേർക്ക് ലക്ഷങ്ങൾ നഷ്ടമായെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആധാർ കാർഡും ബാങ്ക് വിവരങ്ങളും സംഘടിപ്പിച്ചാണ് തട്ടിപ്പ്സംഘങ്ങൾ ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നത്.


പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്നും കൂടുതൽ വിവരങ്ങൾ അറിയിക്കാൻ സി.ബി.ഐ,​ അല്ലെങ്കിൽ സൈബർ പൊലീസ് എന്നീ ഏജൻസികളിലെ മുതിർന്ന ഓഫീസർക്ക് കൈമാറുന്നുവെന്നായിരിക്കും ഫോൺ സന്ദേശം.

പ്രധാന ഓഫീസർ ആണെന്ന് ബോദ്ധ്യപ്പെടുത്താൻ വ്യാജ ഐ.ഡി കാർഡും കാണിച്ചുകൊടുക്കും. വന്ന

പാഴ്സലിനുള്ളിൽ എം.ഡി.എം.എയും പാസ്‌പോർട്ടും നിരവധി ആധാർ കാർഡുകളുമൊക്കെയുണ്ടെന്നും തീവ്രവാദികളെ താങ്കൾ സഹായിക്കുന്നുവെന്നും ഈ ഓഫീസർ ഇരയോട് പറയും. മുതിർന്ന ഓഫീസറുടെ യൂണിഫോം ധരിച്ച് വീഡിയോകോളിൽ വന്നായിരിക്കും ഇക്കാര്യങ്ങൾ പറയുന്നത്.


വ്യാജ അറസ്റ്റ്,​ പിന്നാലെ കൊള്ള

സമ്പാദ്യ വിവരങ്ങൾ നൽകാൻ വ്യാജ ഓഫീസർ ആവശ്യപ്പെടുന്നതാണ് അടുത്ത ഘട്ടം. സാമ്പത്തികസ്ഥിതി മനസ്സിലാക്കുന്നതിനായി സമ്പാദ്യം മുഴുവൻ ഫിനാൻസ് വകുപ്പിന്റെ സോഫ്റ്റ്‌വെയർ ഉപയോഗിച്ചുള്ള പരിശോധനയ്ക്കായി അയച്ചുനൽകണമെന്നാകും തുടർന്നുള്ള നിർദ്ദേശം. വെർച്വൽ അറസ്റ്റിലാണെന്നും എങ്ങോട്ടും പോകരുതെന്നും കേൾക്കുന്ന ഇര സംഘം അയച്ചുനൽകുന്ന ബാങ്ക് അക്കൗണ്ടിലേയ്ക്ക് സമ്പാദ്യം മുഴുവൻ കൈമാറും.പിന്നീട് സന്ദേശമൊന്നും ലഭിക്കാതിരിക്കുമ്പോഴാണ് തട്ടിപ്പിൽ പെട്ടതായി തിരിച്ചറിയുന്നത്.


പരിഭ്രാന്തി വേണ്ട

ഇത്തരം സന്ദേശങ്ങളിൽ പരിഭ്രാന്തരാകാതിരിക്കുക

അയച്ചുതരുന്ന അക്കൗണ്ട് നമ്പറിലേയ്ക്ക് പണം കൈമാറരുത്

 ഒരു അന്വേഷണ ഏജൻസിയും സമ്പാദ്യം കൈമാറാൻ ആവശ്യപ്പെടുകയില്ല

(അക്കൗണ്ടുകൾ മരവിപ്പിക്കാനും നിങ്ങളുടെ സമ്പാദ്യം സംബന്ധിച്ച് വിവരങ്ങൾ ബാങ്കിനോട് ആവശ്യപ്പെടാനുമുള്ള അധികാരം യഥാർത്ഥ ഏജൻസികൾക്കുണ്ട്)​

തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം വിവരം 1930ൽ അറിയിക്കുക

 നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാദ്ധ്യത കൂടും


പോൺ സൈറ്റിന്റെ പേരിലും തട്ടിപ്പ്

വെബ്‌സൈറ്റിൽ നിങ്ങൾ അശ്ലീലദൃശ്യങ്ങൾ തിരഞ്ഞുവെന്ന് ആരോപിച്ചും തട്ടിപ്പ് നടക്കുന്നുണ്ട്. ഫോൺ സൈറ്റ് മുഖേനയും ഇമെയിൽ വഴിയോ കേസ് രജിസ്റ്റർ ചെയ്തതായി അറിയിക്കുന്നതാണ് സംഘത്തിന്റെ രീതി. ഇവിടെയും അന്വേഷണ ഏജൻസിയുടെ പേരിലുള്ള വ്യാജ തിരിച്ചറിയൽ കാർഡും കേസെടുത്തതായി കാണിക്കുന്ന വ്യാജരേഖകളും അയച്ചുകിട്ടും. വീഡിയോ കോളിൽ യൂണിഫോമിലെത്തുന്ന സംഘം പിഴ ഇനത്തിലാണ് വൻ തുക ആവശ്യപ്പെടും. കണ്ണൂരിൽ നിന്ന് അടുത്തിടെ ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപ നഷ്ടമായവരുണ്ട്.