സൗദി എയർലൈൻസ് വിമാനത്തിന്റെ ടയറിന് തീപിടിച്ചു; അടിയന്തര ലാൻഡിംഗ്, യാത്രക്കാരെ പുറത്തിറക്കി

Thursday 11 July 2024 5:12 PM IST

പെഷവാർ: റിയാദിൽ നിന്ന് 297 യാത്രക്കാരുമായി പാകിസ്ഥാനിലെ പെഷവാറിലേക്ക് പറന്ന സൗദി എയർലൈൻസ് അടിയന്തരസാഹചര്യത്തെത്തുടർന്ന് ലാൻഡ് ചെയ്തു. വിമാനത്തിൽ നിന്നും പുക ഉയർന്നതിനെത്തുടർന്നാണ് അടിയന്തര ലാൻഡിംഗ്. വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ എമർജൻസി വാതിലിലൂടെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സൗദി എയർലൈൻസിന്റെ എസ് വി 792 വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. നിലത്തിറക്കുന്നതിനിടെ ഉണ്ടായ സാങ്കേതികപ്രശ്നമാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഒരു ടയറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നുവെന്ന് സൗദി എയർലൈൻസ് അറിയിച്ചു. 276 യാത്രക്കാരും 21 ക്രൂ അംഗങ്ങളുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.