വായ്പ തിരികെ നൽകാനെന്നു പറഞ്ഞ് വിളിച്ചുവരുത്തി  വൃദ്ധനെ തല്ലിച്ചതച്ചു

Friday 12 July 2024 1:43 AM IST

പുൽപ്പള്ളി: വായ്പ വാങ്ങിയ പണം തിരികെ നൽകാമെന്ന് പറഞ്ഞ് വൃദ്ധനെ വീട്ടിലേക്ക് വിളിച്ചുവരുത്തി തല്ലിക്കൊല്ലാൻ ശ്രമം. പെരിക്കല്ലൂർ ചാത്തംകോട്ട് ജോസഫിനെയാണ് (ജോബിച്ചൻ -60) കൊലപ്പെടുത്താൻ ശ്രമിച്ചത്. ആക്രമത്തിൽ ജോസഫിന്റെ കാൽ അറ്റുതൂങ്ങി. സംഭവത്തിൽ പെരിക്കല്ലൂർ പുതുശ്ശേരി റോജിയെ (45) പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

റോജിയുടെ കൂടെയുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ജോസഫും റോജിയും തമ്മിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. ജോസഫ് കടമായി നൽകിയ പണം തിരികെ ചോദിച്ചതിലുള്ള വിരോധമാണ് മർദ്ദനത്തിന് കാരണമെന്നാണ് കരുതുന്നത്. പണം വാങ്ങുന്നതിനായി ഇന്നലെ രാവിലെ ആറു മണിയോടെയാണ് ജോസഫ് പെരിക്കല്ലൂരിലുള്ള റോജിയുടെ വീട്ടിലെത്തിയത്. സ്‌കൂട്ടറിൽ വീട്ടുവളപ്പിലേക്ക് കടന്ന ജോസഫിനെ ഓമ്നി വാൻ ഉപയോഗിച്ച് ഇടിച്ചുവീഴ്ത്തിയശേഷം റോജിയും സഹായിയും തൂമ്പ കൊണ്ട് മർദ്ദിക്കുകയായിരുന്നു. അവശനായി നിലത്തുവീണ ജോസഫിനെ വീടിനു സമീപത്തെ കൃഷിയിടത്തിൽ കൊണ്ടുപോയും മർദ്ദിച്ചു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോസഫ് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്തുനിന്നു തന്നെ റോജിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ജോസഫും റോജിയും നേരത്തെ സുഹൃത്തുക്കളായിരുന്നു. ജോസഫിന്റെ വസ്തു ഈടുവച്ച് റോജി കെ.എസ്.എഫ്.ഇയിൽ നിന്ന് ലക്ഷങ്ങൾ വായ്പയെടുത്തിരുന്നു. ഇതിനു പുറമെ പണമായും വൻതുക ജോസഫിൽ നിന്ന് കൈപ്പറ്റി. സാമ്പത്തിക പ്രതിസന്ധിമൂലം ജോസഫ് ഭൂമി വിൽക്കാൻ ശ്രമിച്ചപ്പോൾ കെ.എസ്.എഫ്.ഇയിൽ ഈടായി നൽകിയ ഭൂമിയുടെ രേഖകൾ തിരിച്ചെടുത്ത് നൽകാൻ റോജി തയ്യാറായില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പൊലീസിൽ പരാതി നൽകിയും മദ്ധ്യസ്ഥ ചർച്ചകളിലൂടെയും റോജിക്ക് നൽകിയ പണവും ഭൂമിയുടെ രേഖകളും തിരികെവാങ്ങാനുള്ള ശ്രമത്തിലായിരുന്നു ജോസഫ്. റിയൽ എസ്റ്റേറ്റ്, ചിട്ടി ഇടപാടുകൾ നടത്തുന്ന റോജി പലർക്കും ലക്ഷങ്ങൾ നൽകാനുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.

Advertisement
Advertisement