സൈബർ തട്ടിപ്പ് ജോലിക്കായി മലയാളി യുവാക്കളെ വിദേശത്തേക്ക് കടത്തിയ അഭിഭാഷകനായ ഏജന്റ് അറസ്റ്റിൽ

Friday 12 July 2024 1:45 AM IST

കൊല്ലങ്കോട്: വിദേശത്തുള്ള മൾട്ടി നാഷണൽ കമ്പനികളിൽ ആകർഷകമായ ശമ്പളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തൊഴിൽരഹിതരായ മലയാളി യുവാക്കളിൽ നിന്നും വൻ തുക കമ്മീഷൻ വാങ്ങി ലാവോസ് എന്ന രാജ്യത്തെ ചൈനീസ് പൗരന്മാരാൽ നിയന്ത്രക്കുന്ന സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ എത്തിച്ച ഏജന്റ്

പാലക്കാട് കൊല്ലങ്കോട് ഊട്ടറ ഏറാട്ട് വീട്ടിൽ അഭിഭാഷകനായ ശ്രീജിത്ത് (31) എന്ന ആളെ പാലക്കാട് സൈബർ പൊലീസ് അറസ്റ്റുചെയ്തു.

ചന്ദ്രനഗർ സ്വദേശിയായ യുവാവിനെ ലാവോസിനുള്ള മൾട്ടി നാഷണൽ കമ്പനിയിൽ ആകർഷകമായ ശമ്പളത്തിൽ ടെലികോളർ എക്സിക്യൂട്ടീവ് ജോലി വാഗ്ദാനം ചെയ്തു മൂന്നുലക്ഷം രൂപ കൈപ്പറ്റി വിദേശത്തേക്ക് കയറ്റി അയക്കുകയായിരുന്നു. അവിടെ ചൈനീസ് പൗരന്മാരാൽ നിയന്ത്രിക്കുന്ന സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ നിർബന്ധിത സൈബർ തട്ടിപ്പ് ജോലി ചെയ്യിപ്പിക്കുകയും, കൂടുതൽ ആൾക്കാരെ സൈബർ തട്ടിപ്പിനിരയാക്കി അവരിൽ നിന്നും കൂടുതൽ തുക കൈക്കലാക്കുന്നതിന് ടാർജറ്റ് നിശ്ചയിച്ച് നൽകുകയും, വിസമ്മതിച്ച യുവാവിനെ ശാരീരിക ഉപദ്രവങ്ങളും ശിക്ഷ രീതികളും നൽകുകയും ഭക്ഷണമില്ലാതെ മുറിയിൽ പൂട്ടിയിടുകയും ചെയ്തിരുന്നു.

നാട്ടിലുള്ള വീട്ടുകാരെ അവരറിയാതെ ബന്ധപ്പെട്ട് അവിടത്തെ ക്രൂരതകൾ അറിയിച്ച് വീണ്ടും ഏജന്റ് മുഖേന പണം നൽകി തിരികെ എത്തിയ യുവാവിന്റെ പരാതി പ്രകാരമാണ് പാലക്കാട് സൈബർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സൈബർ പൊലീസ് ഇൻസ്‌പെക്ടർ പി.ഡി.അനൂപ് മോൻ, എം.എസ്.മഹേഷ്, സി.പി.ഒമാരായ എച്ച്.എസ്.ഹിറോസ്, ഉല്ലാസ് കുമാർ, ശരണ്യ, നിയാസ്, പ്രേംകുമാർ എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

Advertisement
Advertisement