ബണ്ടിചോറിനായി നാട് അരിച്ചുപെറുക്കി പൊലീസ്

Friday 12 July 2024 2:51 AM IST

അമ്പലപ്പുഴ: ഹിന്ദിയിലാണ് സംസാരം, ഒറ്റനോട്ടത്തിൽ ബണ്ടിചോറുമായുള്ള രൂപ സാദൃശ്യം. അമ്പലപ്പുഴയിലെ ബാറിൽ ബിയറും ടച്ചിംഗ്സും അകത്താക്കുന്നതിനിടെ എതിർവശത്തെ ടേബിളിരുന്നയാൾക്കാണ് കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോറല്ലേയെന്ന് സംശയം. തുടർന്ന്,​ ബാർ ജീവനക്കാർക്കും പിന്നാലെ പൊലീസിനും അയാൾ കൈമാറിയ വിവരമാണ് സി.സി ടി.വി ദൃശ്യങ്ങൾ വീണ്ടെടുക്കാനും ജില്ലയിൽ ബണ്ടിച്ചോറിനായുള്ള അന്വേഷണത്തിനും ജാഗ്രതാ നിർദേശത്തിനും ഇടയാക്കിയത്.

കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പതിനൊന്നുമണിയോടെയാണ് തോൾ ബാഗും നീല നിറത്തിലുള്ള ടീഷർട്ടും ജീൻസ് പാന്റും ധരിച്ച കഷണ്ടിക്കാരനായ ആൾ ബാറിലെത്തിയത്. ലോക്കൽ ബാറിലെത്തി ബിയറും ടച്ചിംഗ്സായി ചെറിയ പാക്കറ്റ് നിലക്കടലയും നിമിഷങ്ങൾക്കകം അകത്താക്കി വെയിറ്ററോടും പുറത്തിറങ്ങിയശേഷം അവിടെ കണ്ടവരോടും കുശലാന്വേഷണം നടത്തിയായിരുന്നു മടക്കം. രൂപ സാദൃശ്യങ്ങളിലും ഹിന്ദി സംസാരത്തിലും മട്ടിലും ഭാവത്തിലുമെല്ലാം സംശയം മാത്രമായിരുന്നെങ്കിൽ,​ ബണ്ടിച്ചോർ ഇപ്പോൾ ജയിലിന് പുറത്താണെന്ന് സ്ഥിരീകരിച്ചതോടെ പൊലീസ് ഏതാണ്ട് ഉറപ്പിച്ച മട്ടാണ്.

എന്നാൽ,​ ബാറിന്റെ ഗേറ്റ് കടന്ന ശേഷം ബണ്ടി പിന്നീട് എവിടേക്ക് മറഞ്ഞെന്ന കാര്യത്തിൽ ആർക്കും നിശ്ചയമില്ല. റോഡിലോ പരിസരത്തോ കാമറകളില്ല. റോഡിൽ വാഹനം പാർക്ക് ചെയ്തശേഷം ബാറിലെത്തിയതാകാമെന്നാണ് സംശയം. മെഡിക്കൽ കോളേജ് പരിസരത്തെ ഹോട്ടലുകളും ലോഡ്ജുകളുമെല്ലാം അരിച്ചുപെറുക്കിയെങ്കിലും പ്രയോജനമുണ്ടായില്ല.

മദ്യപിക്കുന്നതിനിടെ അടുത്തു നിൽക്കുന്നവരോട് സംസാരിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇവരെ കണ്ടെെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നുണ്ട്.

തലസ്ഥാനത്തും ജാഗ്രത

അവസാനമായി ബണ്ടിചോർ കോയമ്പത്തൂർ ജയിലിൽ ആയിരുന്നു. അവിടെ നിന്ന് ശിക്ഷ കഴിഞ്ഞ് ഇറങ്ങിയെന്നാണ് വിവരം. നിലവിൽ വാറണ്ടുകളൊന്നും ഉള്ളതായി പൊലീസിന് അറിയില്ല. എന്തായാലും രണ്ടു ദിവസത്തിനുള്ളിൽ ബണ്ടി ചോറിനെ കണ്ടെത്താനാവുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. ജില്ലയ്ക്ക് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കവടിയാറിലെ പഴയ മോഷണത്തിന്റെ പശ്ചാത്തലത്തിൽ ബണ്ടി തലസ്ഥാനത്തേക്ക് കടക്കാനുള്ള സാദ്ധ്യത കണക്കിലെടുത്ത് തിരുവനന്തപുരം സിറ്റി പൊലീസും ജാഗ്രതയിലാണ്.

Advertisement
Advertisement