ഡിസ്‌ക്കൗണ്ട് റേറ്റിൽ ഷെയർ വാഗ്ദാനം: കടന്നപ്പള്ളി സ്വദേശിയുടെ 17 ലക്ഷം തട്ടി

Friday 12 July 2024 1:53 AM IST

രണ്ടുപേർക്കെതിരെ കേസ്

പരിയാരം: ഡിസ്‌ക്കൗണ്ട് റേറ്റിൽ കമ്പനി ഷെയർ വാഗ്ദാനം ചെയ്ത് കടന്നപ്പള്ളി സ്വദേശിയുടെ 17 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ രണ്ടുപേർക്കെതിരെ കേസ്. ഡിസ്‌ക്കൗണ്ട് റേറ്റിൽ ഷെയർ കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് കടന്നപ്പള്ളി ചെറുവിച്ചേരിയിലെ പുതിയവീട്ടിൽ പി.വി.സന്തോഷ്‌കുമാറിനെ(43) രണ്ടംഗസംഘം വഞ്ചിച്ചത്. പ്രൊഫസർ റോബർട്ട് പ്രോഫിറ്റ് 619 എന്ന വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാരായ ദിയ, ലോകേഷ് പാട്ടീൽ എന്നിവരുടെ പേരിലാണ് പരിയാരം പോലീസ് കേസെടുത്തത്.

2024 മേയ് 25 മുതൽ ജൂൺ 14 വരെയുള്ള കാലത്താണ് ഇവർ നിർദ്ദേശിച്ച വിവിധ അക്കൗണ്ടുകളിലേക്ക് സന്തോഷ്‌കുമാർ 17,06,000 രൂപ നിക്ഷേപിക്കുകയായിരുന്നു. ഇവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായ സന്തോഷിന് ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്‌റ്റേഴ്സ് ആക്കൗണ്ട് ആരംഭിക്കാൻ വാട്സ്ആപ്പിലേക്ക് ലിങ്ക് അയച്ചുകൊടുക്കുകയായിരുന്നു. ഈ ലിങ്ക് വഴിയാണ് അക്കൗണ്ട് തുറന്ന് പണം നിക്ഷേപിച്ചത്. പ്രതികൾ പിന്നീട് ഈ ട്രേഡിംഗ് അക്കൗണ്ട് നിഷ്‌ക്രിയമാക്കുകയും ഷെയർ വാങ്ങാനായി അയച്ചുകൊടുത്ത പണത്തിന് അനുസരിച്ച് ഷെയർ നൽകുകയോ പണം തിരിച്ചുകൊടുക്കുകയോ ചെയ്തില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസം പാണപ്പുഴ സ്വദേശിക്ക് ക്രിപ്‌റ്റോ കറൻസി ട്രേഡിംഗിന് നൽകിയ 3,92,500 രൂപ നഷ്ടപ്പെട്ടിരുന്നു.

Advertisement
Advertisement