മണിപ്പൂരിൽ നിരപരാധികൾ അപകടത്തിൽ, മോദി എത്തണം; വീഡിയോ പങ്കുവച്ച് രാഹുൽ

Friday 12 July 2024 2:50 AM IST

ന്യൂഡൽഹി: മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചതിന്റെ വീഡിയോ പങ്കുവച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി.

വീടുകൾ കത്തിനശിക്കുന്നെന്നും നിരപരാധികളുടെ ജീവൻ അപകടത്തിലാണെന്നും രാഹുൽ എക്സിൽ കുറിച്ചു.

ആയിരക്കണക്കിന് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയാൻ നിർബന്ധിതരാകുന്നു. അഞ്ച് മിനിട്ടുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് മണിപ്പൂർ സന്ദർശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറാകണമെന്ന ആവശ്യം രാഹുൽ ആവർത്തിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കണം. സമാധാനത്തിന് വേണ്ടി മോദി അഭ്യർത്ഥിക്കണമെന്നും പറഞ്ഞു. സംസ്ഥാനം രണ്ടായി വിഭജിക്കപ്പെട്ട നിലയിലാണ്. വിഷയം പാർലമെന്റിൽ ഉന്നയിക്കും. കലാപം അവസാനിപ്പിക്കണമെന്ന് സർക്കാരിന് ആഗ്രഹമുണ്ടെങ്കിൽ അത് വേഗം നടപ്പാക്കാനാകും. മൂന്നാം തവണയാണ് ഞാൻ ഇവിടെ വരുന്നത്. നിർഭാഗ്യവശാൽ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നും

രാഹുൽ വീഡിയോയിൽ പറയുന്നുണ്ട്. രാഹുൽ ദുരിതബാധിതരെ കണ്ട് പ്രശ്നങ്ങൾ ചോദിച്ചറിയുന്നത് വീഡിയോയിൽ കാണാം. സുരക്ഷയ്ക്കായി നിരവധി സ്ത്രീകൾ അഭ്യർത്ഥിക്കുന്നു. മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രിയോ സന്ദർശിക്കാനെത്തിയില്ലെന്നും ഇവർ പറയുന്നു. തിങ്കളാഴ്ചയായിരുന്നു രാഹുലിന്റെ മണിപ്പൂർ സന്ദർശനം.

Advertisement
Advertisement