അഗ്‌നിവീറുകൾക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ 10% സംവരണം

Friday 12 July 2024 4:26 AM IST

ന്യൂഡൽഹി: അഗ്‌നിവീറുകളായി സേനയിൽ നിന്ന് വിരമിക്കുന്നവർക്ക് ബി.എസ്.എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, എസ്.എസ്.ബി, ആർ.പി.എഫ് തുടങ്ങിയ കേന്ദ്രസേനകളിൽ പത്തു ശതമാനം സംവരണം നൽകാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തി.

ഈ നിയമനങ്ങൾക്ക് അഗ്‌നിവീർമാരുടെ ആദ്യ ബാച്ചിന് അഞ്ച് വർഷവും തുടർന്നുള്ള ബാച്ചുകൾക്ക് മൂന്ന് വർഷവും ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകും. ശാരീരിക പ്രാവീണ്യ പരീക്ഷയിൽ നിന്ന് ഒഴിവാക്കും.

അർദ്ധസൈനിക വിഭാഗങ്ങളിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള നിശ്ചിത പ്രായപരിധി 18-23 വയസ്സാണ്.

മുൻ അഗ്നിവീരന്മാരെ ആവേശത്തോടെ സ്വാഗതം ചെയ്യുന്നുവെന്നും സേനയ്‌ക്ക് ഇത് പുതിയ ശക്തിയും ഊർജ്ജവും നൽകുമെന്നും ആർ.പി.എഫ് ഡയറക്ടർ ജനറൽ മനോജ് യാദവ് പറഞ്ഞു. മുൻ അഗ്നിവീർ സംവരണത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയതായി സി.ഐ.എസ്.എഫ് ഡയറക്ടർ ജനറൽ നീന സിംഗ് പറഞ്ഞു. അഗ്‌നിവീറുകൾ സേനയിൽ പരിശീലനം നേടിയവരായതിനാൽ ആദ്യ ദിവസം മുതൽ അർപ്പണബോധവും അച്ചടക്കവും നടപ്പിലാവുമെന്ന് സി.ആർ.പി.എഫ് മേധാവി അനീഷ് ദയാൽ സിംഗ് പറഞ്ഞു.

അഗ്‌നിവീർ നിയമന പദ്ധതിക്കെതിരെ കോൺഗ്രസ് അടക്കം പ്രതിഷേധം ശക്തിപ്പെടുത്തുന്നതിനിടെയാണ് അർദ്ധ സൈനിക വിഭാഗങ്ങളിൽ സംവരണം ഏർപ്പെടുത്തിയത്. രക്തസാക്ഷികളാകുന്ന അഗ്‌നിവീറുകൾക്ക് അർഹിക്കുന്ന നഷ്‌ടപരിഹാരം ലഭിക്കുന്നില്ലെന്ന് ലോക്‌‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു.

Advertisement
Advertisement