കുറ്റം സമ്മതിച്ച് മിഹിർ: സംഭവിച്ചത് തെറ്റ്

Friday 12 July 2024 1:30 AM IST

മുംബയ്: ബി.എം.ഡബ്ല്യു കാറിടിച്ച് സ്കൂട്ടർ യാത്രിക മരിച്ച സംഭവത്തിൽ കുറ്റസമ്മതം നടത്തി മുഖ്യപ്രതി മിഹിർ ഷാ. സംഭവിച്ചത് വലിയ തെറ്റാണെന്നും ഇതോടെ തന്റെ കരിയർ അവസാനിച്ചെന്നും ചോദ്യം ചെയ്യലിൽ പറഞ്ഞതായാണ് റിപ്പോർട്ട്. സ്‌കൂട്ടറിൽ ഇടിച്ചപ്പോൾ കാർ ഓടിച്ചിരുന്നത് താനാണെന്ന് മിഹിർ ഷാ സമ്മതിച്ചു.

സംഭവദിവസം ജുഹുവിലെ ബാറിൽനിന്ന് മദ്യപിച്ചിറങ്ങിയ മിഹിർ കാർ യാത്രയ്ക്കിടെ വീണ്ടും മദ്യപിച്ചു. ബാറിൽ നിന്ന് ഇയാളും രണ്ട് സുഹൃത്തുക്കളും ചേർന്ന് 12 ലാർജ് പെഗ് കഴിച്ചു. യാത്രയ്ക്കിടെ മറ്റൊരു ബാറിൽ നിന്ന് വീണ്ടും മദ്യപിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനുശേഷം മിഹി‌‌ർ ഡ്രൈവറിൽ നിന്ന് ബലമായി താക്കോൽ വാങ്ങി കാർ ഓടിക്കുകയായിരുന്നു.

25 വയസിൽ താഴെയുള്ളവർക്ക് മദ്യം വിൽക്കുന്നത് മഹാരാഷ്ട്രയിൽ കുറ്റകരമായതിനാൽ 24കാരനായ മിഹിർ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിരുന്നു. ഈ കാർഡിൽ 27 വയസാണ് രേഖപ്പെടുത്തിയിരുന്നത്. കഴിഞ്ഞ ദിവസം രാത്രി മിഹിറിനെയും ഡ്രൈവർ ബിദാവത്തിനെയും വോർളിയിലെത്തിച്ച് കുറ്റകൃത്യം പുനഃസൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. 'അപകടശേഷം വാഹനം നിറുത്താൻ പ്രതികൾ തയ്യാറായില്ല. കാറിന്റെ ടയറുകളിലൊന്നിൽ സ്ത്രീ കുടുങ്ങിയെന്ന് മിഹിറിന് അറിയാമായിരുന്നു. പലരും വാഹനം നിറുത്താൻ ആവശ്യപ്പെട്ടിട്ടും ചെയ്തില്ല'.- പൊലീസ് പറഞ്ഞു. മിഹിറിനെയും ബിദാവത്തിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തേക്കും. ഒളിവിലായിരുന്നപ്പോൾ മിഹിർ താടി വടിക്കുകയും മുടി വെട്ടുകയും ചെയ്തിരുന്നു. രൂപമാറ്റം വരുത്താൻ ആരെങ്കിലും സഹായിച്ചിരുന്നോ എന്നും അന്വേഷിക്കും.

ശിവസേന ഷിൻഡേ വിഭാഗം നേതാവായ രാജേഷ് ഷായുടെ മകൻ മിഹിർ ഓടിച്ച കാറിടിച്ച് സ്‌കൂട്ടർ യാത്രക്കാരിയായ കാവേരി നഖാവയാണ്(45 മരിച്ചത്. സ്‌കൂട്ടറിൽ സഞ്ചരി ക്കുകയായിരുന്ന കാവേരിയെയും ഭർത്താവ് പ്രദീപിനെയും അമിത വേഗത്തിലെത്തിയ ബി.എം.ഡബ്ല്യൂ. കാർ ഇടിച്ചിടുകയായിരുന്നു. പിന്നാലെ കാറിനടിയിൽ കുടുങ്ങിയ കാവേരിയുമായി ഒന്നരക്കിലോമീറ്ററോളം ദൂരമാണ് മിഹിർ ഷാ വാഹനമോടിച്ചത്. ഇതിനുശേഷം പ്രതി കാറിൽനിന്നിറങ്ങി കുരുങ്ങിക്കിടക്കുകയായിരുന്ന കാവേരിയെ റോഡിലേക്ക് കിടത്തി. തുടർന്ന് ഡ്രൈവറാണ് വാഹനമോടിച്ചത്. ഇയാൾ വാഹനം പിറകിലേക്കെടുത്ത് വീണ്ടും സ്ത്രീയുടെ ശരീരത്തിലൂടെ കയറ്റിയിറക്കിയെന്നും പൊലീസ് പറയുന്നു.

Advertisement
Advertisement