സെഞ്ച്വറിക്കരുത്തിൽ ഗവ. ആർട്സ് കോളേജ്

Friday 12 July 2024 12:52 AM IST

തിരുവനന്തപുരം: ഗൃഹാതുരമായ ചരിത്ര സ്മരണകൾ പേറുന്ന തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് ശതാബ്ദി നിറവിൽ. 18ന് തുടക്കം കുറിക്കുന്ന ആഘോഷ പരിപാടികൾ വൈകിട്ട് 5ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. മന്ത്രി ആർ.ബിന്ദു അദ്ധ്യക്ഷത വഹിക്കും.

മുൻ രാഷ്ട്രപതി ഡോ. കെ.ആർ.നാരായണൻ, കവി ചങ്ങമ്പുഴ കൃഷ്ണപിള്ള, നിരൂപകൻ എം.കൃഷ്ണൻനായർ, ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. ജി.മാധവൻ നായർ, ഫിനാൻസ് സെക്രട്ടറി മോഹൻകുമാർ, നടൻമാരായ മധു, മണിയൻപിള്ള രാജു, ജഗദീഷ്, സംവിധായകരായ പ്രിയദർശൻ, ടി.കെ.രാജീവ് കുമാർ തുടങ്ങി വിവിധ മേഖലകളിൽ പ്രഗത്ഭരായ നൂറുകണക്കിന് പൂർവ വിദ്യാർത്ഥികളുടെ ഗരിമയിലാണ് കോളേജ് തിളങ്ങി നിൽക്കുന്നത്.

പ്രഗത്ഭരായ പൂർവ വിദ്യാർത്ഥികളുമായുള്ള മുഖാമുഖം, പൂർവ വിദ്യാർത്ഥി സംഗമം, വിവിധ കലാ സാംസ്കാരിക പരിപാടികൾ, കായിക മത്സരങ്ങൾ തുടങ്ങി ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ജനുവരിയിലാണ് ആഘോഷ പരിപാടികൾക്കായി കമ്മിറ്റി രൂപീകരിച്ചത്. ആഘോഷത്തിന്റെ ഭാഗമായി ഇതിനോടകം 26 വ്യത്യസ്ത പരിപാടികൾ നടത്തി.

1924 വരെ യൂണിവേഴ്സിറ്റി കോളേജിന്റെ ഭാഗം

എച്ച്.എച്ച് ദ മഹാരാജാസ് കോളേജ് ഒഫ് ആർട്സ് എന്നറിയപ്പെട്ടിരുന്ന തിരുവനന്തപുരം ഗവ. ആർട്സ് കോളേജ് 1924 ജൂലായ് 4നാണ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് വേർപെട്ട് പുതിയ കലാലയമായി പ്രവർത്തനമാരംഭിച്ചത്. ആർട്സ് ഡിപ്പാർട്ടുമെന്റുകൾക്ക് മാത്രമായിട്ടായിരുന്നു മാറ്റം. 1949ൽ ഇന്റർമീഡിയറ്റ് കോഴ്സുകളും 1965ൽ പ്രീഡിഗ്രിയും ആരംഭിച്ചു. 1971ൽ എ ഗ്രേഡ് കോളേജായി ഉയർത്തപ്പെട്ടശേഷം ഗവ. ആർട്സ് കോളേജ് എന്നാക്കി പേര് മാറ്റി. 2004ൽ ബി.എസ്‌സി ഫിസിക്സും ബോട്ടണി- ബയോ ടെക്നോളജി സയൻസ് ബിരുദ കോഴ്സുകളും ആരംഭിച്ചു. നിലവിൽ നാല് യു.ജി കോഴ്‌സുകളും 6 പി.ജി കോഴ്‌സുകളും ഇവിടെയുണ്ട്. 2022- 23 വർഷത്തിൽ അഞ്ച് പി.ജി കോഴ്‌സുകളിൽ ഒന്നാം റാങ്ക് കോളേജിലെ വിദ്യാർത്ഥികൾ നേടി. വർഷവും ന്യൂഡൽഹിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ കോളേജിലെ എൻ.സി.സി, എൻ.എസ്.എസ് വിദ്യാർത്ഥികൾ സ്ഥിര സാന്നിദ്ധ്യമാണ്.

Advertisement
Advertisement