മേയർ രാജി വയ്ക്കണം : കോൺഗ്രസ്

Friday 12 July 2024 1:07 AM IST

തൃശൂർ : കോർപ്പറേഷൻ മേയർ നിരന്തരമായി ബി.ജെ.പിക്കും സുരേഷ് ഗോപി എം.പിക്കും അനുകൂലമായി സ്തുതി പാടുന്നത് സി.പി.എം, ബി.ജെ.പി അവിശുദ്ധ രഹസ്യധാരണയുടെ ഭാഗമായാണെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠൻ എം.പി. മാർക്‌സിസ്റ്റ് പാർട്ടിയുടെ മുഖംമൂടിയാണ് മുഖ്യ ഘടകകക്ഷിയായ സി.പി.ഐ വലിച്ചുകീറിയത്. കേരളത്തിന്റെ പുരോഗമന മുഖത്തെ പണയപ്പെടുത്തി സി.പി.എം ബി.ജെ.പിക്ക് അടിയറവെച്ചതിന്റെ പ്രകടമായ തെളിവാണ് മേയറുടെ നിലപാടും പ്രസ്താവനകളും. മേയർ രാജിവെച്ച് ഒഴിയണമെന്നും ഡി.സി.സി നേതൃത്വം ആവശ്യപ്പെട്ടു.

സ്വന്തം നിലപാട് വ്യക്തമാക്കാനോ മേയറെ രാജിവെപ്പിച്ച് രാഷ്ട്രീയ നിലപാട് വ്യക്തമാക്കാനോ സി.പി.എം തയ്യാറാകുന്നില്ലെന്നത് അപഹാസ്യമാണ്. കോർപ്പറേഷനിൽ സാധാരണ ഒരു കൗൺസിൽ യോഗം അവസാനമായി വിളിച്ചുചേർത്തത് 2024 മേയ് 10നാണ്. തുടർന്ന് യോഗം കൂടിയിട്ടില്ല. നൂറുകണക്കിന് ഫയലുകൾ കെട്ടിക്കിടക്കുകയാണ്. ഒരു രാഷ്ട്രീയ പോരാട്ടത്തിൽ പിന്നിൽ നിന്ന് കുത്തുകയും ചതിക്കുകയും ചെയ്ത വ്യക്തിയാണ് മേയർ എന്ന് വി.എസ്.സുനിൽകുമാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും സി.പി.എം മേയറെ പിന്തുണച്ച് മുന്നോട്ട് പോകുന്നത്, അധികാരം നിലനിർത്താനും അഴിമതി നടത്താനുമായാണെന്ന് ശ്രീകണ്ഠൻ ആരോപിച്ചു.

Advertisement
Advertisement