ധനകാര്യ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കിസാൻ സഭ
തൃശൂർ : കേരളത്തിൽ പ്രവർത്തനം ആരംഭിച്ച കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനം പൂർണമായും സ്തംഭനാവസ്ഥയിലാണെന്ന് കിസാൻ സഭ തൃശൂർ ജില്ലാ കമ്മിറ്റി. പ്രീമിയം തുകയായ 100 രൂപയും 250 രൂപയും കൃഷിക്കാർ അടച്ചിട്ടും ഒരു രൂപ പോലും സർക്കാരിന്റെ വിഹിതം അടച്ചിട്ടില്ല. ധനകാര്യ വകുപ്പ് ഇതിലേക്ക് ഒരു രൂപ പോലും നീക്കി വെച്ചിട്ടില്ലെന്ന് കിസാൻ സഭ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ക്ഷേമനിധി ബോർഡിന്റെ ചെമ്പൂക്കാവിലെ സംസ്ഥാനതല ഓഫീസ് പ്രവർത്തനം നിശ്ചലമാണ്. ക്ഷേമനിധി ബോർഡ് ചെയർമാൻ സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥൻ തൽസ്ഥാനത്ത് നിന്നും രാജിവയ്ക്കാൻ ഒരുങ്ങുകയാണ്.
ഒന്നാം എൽ.ഡി.എഫ് സർക്കാരിൽ കൃഷിമന്ത്രിയായിരുന്ന വി.എസ്.സുനിൽകുമാർ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയെടുത്ത ക്ഷേമനിധി നിയമം കഴിഞ്ഞ അഞ്ചുകൊല്ലമായിട്ടും ഒരിഞ്ച് പോലും മുന്നോട്ടു പോയിട്ടില്ല. മുപ്പത് ലക്ഷം കൃഷിക്കാരെ അംഗങ്ങളാക്കാൻ ഉദ്ദേശിച്ച് ആരംഭിച്ചിട്ടും അഞ്ചു കൊല്ലം കഴിഞ്ഞിട്ടും പതിമൂവായിരം കൃഷിക്കാരാണ് ക്ഷേമനിധിയിൽ ചേർന്നത്. ക്ഷേമനിധി ബോർഡ് യോഗം കൂടാതെയായിട്ട് രണ്ട് കൊല്ലത്തിലധികമായി. ബോർഡ് അംഗങ്ങളും രാജി സന്നദ്ധത ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. ധനകാര്യവകുപ്പിന്റെ അനാസ്ഥയുടെ ഫലമായി ഇല്ലാതാവുന്നത് കേരളത്തിലെ കൃഷിക്കാരോട് കാണിക്കുന്ന പൊറുക്കാനാവാത്ത ക്രൂരതയാണെന്ന് കിസാൻ സഭ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കെ.കെ.ചന്ദ്രൻ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.കെ.രാജേന്ദ്രബാബു, പി.കെ.രാജേശ്വരൻ, എം.ആർ.മോഹനൻ, ഷാജു കുണ്ടോളി, ഗീതാഗോപി, വി.എ.കൊച്ചുമൊയ്തീൻ, ഒ.സി.ജോസഫ്, ഒ.എസ്.വേലായുധൻ, സി.വി.ജോഫി, പി.ടി.സണ്ണി, ടി.വി.രാമകൃഷ്ണൻ, പി.ടി.പ്രവീൺ പ്രസാദ് എന്നിവർ സംസാരിച്ചു.