സൂക്ഷിക്കണം,​ ഓൺലൈനിൽ ചതിക്കുഴികളുടെ ആഴംകൂടി

Friday 12 July 2024 3:15 AM IST

കോട്ടയം: അഴിക്കുന്തോറും അടുത്ത ചതിവല നെയ്യുകയാണ് ഓൺലൈൻ തട്ടിപ്പ് സംഘം. പരാതി പെരുകിയതോടെ ജാഗ്രതാ നിർദേശവുമായി പൊലീസും. പൊലീസുകാരെന്ന വ്യാജേനെ വിളിച്ചുള്ള പണം തട്ടൽ,​ ഓൺലൈൻ ട്രേഡിംഗ്,​ വർക് അറ്റ് ഹോം സാദ്ധ്യത തുടങ്ങിയവയാണ് പുതിയ തട്ടിപ്പ് രീതികൾ.

കെണിയുമായി പൊലീസ് കോൾ

വിദേശത്ത് നിന്ന് വന്ന പാർസലിൽ ലഹരി മരുന്ന് മുംബയ് പൊലീസ് കണ്ടെത്തിയെന്ന രീതിയിലാവും വിളി. ഉടനെ മറ്റൊരു വീഡിയോ കോളിൽ യൂണിഫോമിൽ പൊലീസ് ഉദ്യോസ്ഥന്റെ ഭീഷണി. പണം അയച്ചു നൽകിയാൽ വിട്ടയക്കാമെന്ന് വാഗ്ദാനം. കെണിയിൽപ്പെട്ട ഈരാറ്റപേട്ട സ്വദേശിയുടെ എട്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു.

ഓൺലൈൻ ട്രേഡിംഗ്
ട്രേഡിംഗ് കമ്പനിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് നിർമ്മിച്ച് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പരസ്യം നൽകും. ആകൃഷ്ടരായാൽ നിക്ഷേപിക്കുന്ന തുകയുടെ 15% തുക മാസംതോറും ബോണസായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് പണം തട്ടും. ആദ്യം പണം തിരികെ ലഭിക്കുമെങ്കിലും കൂടുതൽ നിക്ഷേപിക്കുന്നതോടെ മുഴുവൻ പണവും നഷ്ടപ്പെടും. കഞ്ഞിക്കുഴി സ്വദേശിക്ക് നഷ്ടമായത് 1.25 കോടി രൂപയാണ്.

വർക്ക് അറ്റ് ഹോം ടാസ്‌ക്
1000രൂപ മുടക്കി രജിസ്റ്റർ ചെയ്താൽ വർക്ക് അറ്റ് ഹോം പണം സമ്പാദിക്കാമെന്നതാണ് വാഗ്ദാനം. ബ്രാൻഡഡ് ഹോട്ടലുകളുടെയോ, മറ്റു വ്യാപാര സ്ഥാപനങ്ങളുടെയോ, ഉത്പന്നത്തിന്റെയോ റിവ്യൂ ചെയ്യുകയും മറ്റു പത്ത് പേരെക്കൊണ്ട് റിവ്യൂ ചെയ്യിപ്പിച്ച് സ്‌ക്രീൻഷോട്ട് ഇവർക്ക് നൽകും. ഓരോസ്ക്രീൻ ഷോട്ടിനും നിശ്ചിത തുകയും നൽകും. പിന്നീട് പണം നിക്ഷേപിച്ചാൽ കൂടുതൽ ലാഭമുണ്ടാവുകയുമെന്ന് വിശ്വസിപ്പിപ്പിക്കും. ഏറ്റുമാനൂർ സ്വദേശിനിയിൽ നിന്ന് ഒമ്പതര ലക്ഷവും പെരുവ,​ കാരാപ്പുഴ സ്വദേശികളിൽ നിന്ന് 5 ലക്ഷം വിതവും തട്ടി.

നടപടിയില്ലാതെ 200ലേറെ പരാതികൾ

ഓൺലൈൻ പരാതികൾ പെരുകുമ്പോൾ എല്ലാത്തിലും നടപടിയെടുക്കാൻ സാങ്കേതിക തടസങ്ങളേറെ. ഇരുന്നൂറോളം പരാതികളാണ് നടപടികയിതെ കെട്ടിക്കിടക്കുന്നത്. പ്രതികളിലേറെയും അന്യസംസ്ഥാനക്കാരായതും സൈബർ പൊലീസിലെ ആൾക്ഷാമവുമെല്ലാം കാരണമാണ്.

പണം നഷ്ടപ്പെട്ടാൽ പരാതി നൽകാം1930

ശ്രദ്ധിക്കണം
അപരിചിതരുടെ വീഡിയോ കോളുകൾ എടുക്കാതിരിക്കുക
 ബാങ്ക് അക്കൗണ്ട് വിവരം പങ്കുവയ്ക്കരുത്

 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് ശക്തമായ പാസ്‌വേഡുകൾ നൽകുക
 കൃത്യമായി ഇടവേളകളിൽ പാസ്‌വേഡുകൾ മാറ്റുക

പരിചിതമല്ലാത്ത ഓൺലൈൻ ലോൺ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക

Advertisement
Advertisement