കേരളകൗമുദി വാർത്ത ഫലം കണ്ടു... നഗരസഭാ ചെയർമാന് പാലാക്കാരുടെ സല്യൂട്ട്

Friday 12 July 2024 3:37 AM IST

പാലാ: ജനപ്രതിനിധികളായാൽ ഇങ്ങനെ വേണം...പാലാ നഗരത്തിലെ റിവർവ്യൂ റോഡിൽ അപകടഭീഷണിയായിരുന്ന തുരുമ്പിച്ച ഗ്രില്ല് നേരിട്ടെത്തി വെൽഡ് ചെയ്ത് നന്നാക്കിയ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തനും വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മ​റ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പനും നാട്ടുകാരുടെ സല്യൂട്ട്. പലതവണ പറ‌ഞ്ഞിട്ടും കേൾക്കാക്കാത്ത പൊതുമരാമത്ത് വകുപ്പിനുള്ള (പി.ഡബ്ല്യു.ഡി) ചുട്ടമറുപടിയായി ചെയർമാന്റെ പ്രവൃത്തിയെന്നാണ് ജനം പറയുന്നത്.
ഈ ഗ്രില്ലിൽ കാൽകുരുങ്ങി വിദ്യാർത്ഥിനിക്ക് പരിക്കേറ്റിട്ട് ഒരുമാസം കഴിഞ്ഞിട്ടും ഒരു വീപ്പ ഇവിടെ കൊണ്ടുവച്ചതല്ലാതെ വേറൊരുനടപടിയും പി.ഡബ്ല്യു.ഡിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല.പി.ഡബ്ല്യു.ഡി അധികാരികളുടെ അനാസ്ഥയെപ്പ​റ്റി ''വീപ്പ വച്ചതുകൊണ്ട് എന്തു കാര്യം സാറേ?'' എന്ന തലക്കെട്ടിൽ 'കേരളകൗമുദി'കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടയുടൻ ഇന്നുതന്നെ തങ്ങൾ നേരിട്ടിറങ്ങി ഇത് നന്നാക്കുമെന്ന് ചെയർമാൻ ഷാജു വി. തുരുത്തനും സ്​റ്റാന്റിംഗ് കമ്മ​റ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും ഇന്നലെ 'കേരള കൗമുദി' ലേഖകനെ അറിയിക്കുകയായിരുന്നു.

നന്നാക്കിയത് ചെയർമാൻ സ്വന്തംപണംമുടക്കി

പാലാ നഗരസഭാ ചെയർമാൻ ഷാജു വി. തുരുത്തൻ സ്വന്തം പോക്കറ്റിൽ നിന്ന് പണം മുടക്കിയാണ് ഗ്രില്ല് നന്നാക്കിയത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ ചെയർമാനും വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാനും കൂടി ഗ്രില്ലിനടുത്തെത്തി പി.ഡബ്ല്യു.ഡി. അധികാരികൾ സ്ഥാപിച്ചിരുന്ന വീപ്പ തള്ളിനീക്കി. തുടർന്ന് വെൽഡിംഗുകാരനെ വിളിച്ചുവരുത്തി തുരുമ്പിച്ച് തകർന്ന ഗ്രില്ല് മാ​റ്റി പുതിയ പട്ടയും കമ്പിയും ഘടിപ്പിച്ചു. ഒന്നര മണിക്കൂറോളം നീണ്ട പണികൾക്ക് മുഴുവൻ സമയവും അവിടെനിന്ന് ഷാജു വി. തുരുത്തനും ബൈജു കൊല്ലംപറമ്പിലും നേതൃത്വം നൽകി.

അപകടകരമായ രീതിയിൽ കിടന്നിരുന്ന ഗ്രില്ല് നന്നാക്കിയ മുനിസിപ്പൽ ചെയർമാനെ അഭിനന്ദിക്കുന്നു . അതോടൊപ്പം ഈ വാർത്ത ആദ്യം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടു വന്ന കേരളകൗമുദിക്ക് അഭിനന്ദനങ്ങൾ.

ഷിബു ജോൺ, കൊഴുവനാൽ (ഓടയിൽ കാൽ കുരുങ്ങി പരിക്കേറ്റ വിദ്യാർത്ഥിനിയുടെ പിതാവ്)

സാങ്കേതിക കാരണങ്ങൾ നിരത്തി പി.ഡബ്ല്യു.ഡി ഗ്രില്ല് വെൽഡിംഗ് ജോലികൾ വൈകിപ്പിച്ച സാഹചര്യത്തിലാണ് ജനങ്ങളുടെ സുരക്ഷയെ കരുതി സ്വന്തം ചിലവിൽ പ്രശ്നത്തിന് പരിഹാരമുണ്ടാക്കിയത്.

​ ഷാജു വി. തുരുത്തൻ

പാലാ നഗരസഭാ ചെയർമാൻ

Advertisement
Advertisement