ഓൺലൈനിൽ കഥകളി അഭ്യസിച്ചു.... അരങ്ങിൽ ശ്രീകൃഷ്ണനായി നിറഞ്ഞാടാൻ ലക്ഷ്മി

Friday 12 July 2024 3:52 AM IST
ലക്ഷ്മി രഞ്ജിത്ത് ഗുരു കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിക്കൊപ്പം

കോട്ടയം : കൊവിഡ് കാലത്ത് അടച്ചുപൂട്ടലിന്റെ വിരസതയകറ്റാൻ ഓൺലൈനിൽ അഭ്യസിച്ച കഥകളി അരങ്ങിലെത്തിക്കാൻ പ്രവാസി മലയാളിയായ ലക്ഷ്മി രഞ്ജിത്ത്. നാലുപതിറ്റാണ്ടായി പച്ച, കത്തി വേഷങ്ങളാടുന്ന കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിയാണ് കഥകളി ആസ്വാദകർക്കായി ഓൺലൈൻ ക്ലാസ് തുടങ്ങിയത്. ഇതേക്കുറിച്ച് അറിഞ്ഞ ലക്ഷ്മിയും ക്ലാസിൽ ചേർന്നു. പാട്ടിനൊപ്പിച്ച് മുദ്രകളും മുഖത്ത് നവരസം വിരിയിക്കുന്നതുമെല്ലാം ഹൃദിസ്ഥമാക്കി. 14 ന് കോട്ടയം കളിയരങ്ങിന്റെ 'സന്താന ഗോപാലം' കഥകളിയിൽ ശ്രീകൃഷ്ണനായി ലക്ഷ്മി നിറഞ്ഞാടുമ്പോൾ ബ്രാഹ്മണനായി ഗുരുവും വേഷം കെട്ടും. അച്ഛനും, കഥകളി നടനുമായിരുന്ന ശാന്തിഭവനത്തിൽ പരേതനായ മാഞ്ഞൂർ ഓമനക്കുട്ടന്റെ മകളായ ലക്ഷ്മിയ്ക്ക് കുട്ടിക്കാലത്തെ കഥകളിയോടായിരുന്നു കമ്പം. ഓൺലൈനിലൂടെയല്ലാതുള്ള പ്രായോഗിക പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും ധൈര്യത്തിന്റെ പുറത്താണ് ഇഷ്ടദേവനായ ശ്രീകൃഷ്ണവേഷത്തിൽ അരങ്ങേറ്റം നടത്തുന്നതെന്ന് ഇവർ പറഞ്ഞു.

അമേരിക്കയിലെ ടെക്‌സാസിൽ അറ്റോർണി ജനറൽ ഓഫീസ് ഉദ്യോഗസ്ഥയാണ് ലക്ഷ്മി. ഭർത്താവ് തൃശൂർ സ്വദേശി രഞ്ജിത്ത് ഇവിടെ എൻജിനിയറാണ്. മകൾ ആറാം ക്ലാസ് വിദ്യാർത്ഥിനി അപർണ.

ഹൈക്കോടതി ജഡ്ജിയടക്കം പഠിതാക്കൾ

കാലം മാറി കടുത്ത ചിട്ടയോടെ എട്ടും പത്തും വർഷത്തെ പരിശീലനത്തിലൂടെ കഥകളി അഭ്യസിക്കാൻ ആളെ കിട്ടാത്ത കാലത്ത് ഓൺലൈൻ പഠനം പരീക്ഷിച്ചു നോക്കിയതാണെന്ന് രാജീവൻ നമ്പൂതിരി പറയുന്നു. കഥകളി ആസ്വാദന കോഴ്സാണ് തുടങ്ങിയത്. ഹൈക്കോടതി ജഡ്ജി പി.വി കുഞ്ഞുകൃഷ്ണൻ അടക്കം നിരവധിപ്പേർ പഠിതാക്കളായി. അച്ഛൻ കഥകളി നടനായിരുന്നതിനാൽ ലക്ഷ്മിക്ക് പ്രത്യേക വാസന ഉണ്ടായിരുന്നുവെന്നും

അദ്ദേഹം പറഞ്ഞു.

ലക്ഷ്മി രഞ്ജിത്ത് ഗുരു കലാമണ്ഡലം മയ്യനാട് രാജീവൻ നമ്പൂതിരിക്കൊപ്പം

Advertisement
Advertisement