യു.എസ് തിരഞ്ഞെടുപ്പ്: പിന്മാറാൻ ബൈഡന് മേൽ സമ്മർദ്ദം ശക്തം

Friday 12 July 2024 6:32 AM IST

വാഷിംഗ്ടൺ: നവംബറിൽ നടക്കുന്ന യു.എസ് പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡന് മേൽ സമ്മർദ്ദം ശക്തമാകുന്നു. പാർട്ടിയിലെ മുതിർന്ന നേതാക്കൾ അടക്കം ബൈഡനിൽ ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. ബൈഡന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപിനെ പരാജയപ്പെടുത്താനാകില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. യു.എസ് ജനപ്രതിനിധി സഭാ മുൻ സ്പീക്കർ നാൻസി പെലോസി മുതൽ ഹോളിവുഡ് താരം ജോർജ് ക്ലൂണി വരെ ബൈഡനെതിരെ രംഗത്തെത്തി. പ്രചാരണം തുടരണോ വേണ്ടയോ എന്ന് ബൈഡൻ ഉടൻ തീരുമാനിക്കണമെന്ന് പെലോസി പറഞ്ഞു. ഡെമോക്രാറ്റിക് പാർട്ടിയുടെ ശക്തയായ വനിതാ നേതാവാണ് പെലോസി. ജനപ്രതിനിധി സഭാ സ്പീക്കർ പദവിയിലെത്തുന്ന ആദ്യ വനിതയും പെലോസിയാണ്. ബൈഡനെ നിറുത്തിയാൽ പരാജയപ്പെടുമെന്ന് ജോർജ് ക്ലൂണി തുറന്നടിച്ചു. ഡെമോക്രാറ്റിക് പാർട്ടിക്ക് ധനസഹായം നൽകുന്ന പ്രമുഖരിൽ ഒരാളാണ് ക്ലൂണി. പാർട്ടിയിലെ നിരവധി ജനപ്രതിനിധി സഭാംഗങ്ങളും സെനറ്റർമാരും ബൈഡന്റെ ജയ സാദ്ധ്യതയിൽ ആശങ്ക പ്രകടിപ്പിക്കുന്നു. കഴിഞ്ഞ ദിവസം വെർമോണ്ടിൽ നിന്നുള്ള സെനറ്ററായ പീറ്റർ വെൽഷ് ബൈഡൻ പിന്മാറണമെന്ന് ആവശ്യപ്പെട്ടു. ഒമ്പതോളം ജനപ്രതിനിധി സഭാംഗങ്ങൾ ഇക്കാര്യം പരസ്യമായി ഉന്നയിച്ചു കഴിഞ്ഞു. ജൂൺ അവസാനം ട്രംപുമായി നടന്ന ടെലിവിഷൻ സംവാദത്തിലെ മോശം പ്രകടനത്തിന് പിന്നാലെ പ്രസിഡന്റ് ബൈഡൻ രണ്ടാം തവണയും അധികാരത്തിൽ തുടരാൻ ശാരീരികമായും മാനസികമായും സജ്ജമല്ലെന്ന ആരോപണം ശക്തമാവുകയായിരുന്നു. 81കാരനായ ബൈഡന് പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങളുണ്ടെന്നും അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.

 പിന്മാറണമെന്ന് ജനങ്ങൾ

മൂന്നിൽ രണ്ട് അമേരിക്കക്കാരും ബൈഡന്റെ പിന്മാറ്റം ആഗ്രഹിക്കുന്നതായി മാദ്ധ്യമ സർവേ ഫലം. ബൈഡന്റെ അനുയായികളിൽ ഭൂരിഭാഗം പേർക്കും ഇതേ അഭിപ്രായമാണ്. പ്രായാധിക്യം പരിഗണിച്ച് ബൈഡൻ പിന്മാറണമെന്നാണ് സർവേയിൽ പങ്കെടുത്ത 85 ശതമാനം പേരുടെയും അഭിപ്രായം. നവംബർ 5നാണ് തിരഞ്ഞെടുപ്പ്.

Advertisement
Advertisement