അറ്റക്കാമയിൽ പർപ്പിൾ വസന്തം

Friday 12 July 2024 6:40 AM IST

സാന്റിയാഗോ: ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിൽ ഒന്നാണ് ചിലിയിലെ അറ്റക്കാമ മരുഭൂമി. ഇപ്പോഴിതാ പർപ്പിൾ നിറത്തിലെ മനോഹരമായ ചെറിയ പൂക്കൾ വിടർന്നു നിൽക്കുന്ന അപൂർവ കാഴ്ചയൊരുക്കി പ്രകൃതിയുടെ വിസ്മയം തീർത്തിരിക്കുകയാണ് അറ്റക്കാമ മരുഭൂമി.

ഈ അവിസ്മരണീയ കാഴ്ച ആസ്വദിക്കാൻ നിരവധി സഞ്ചാരികളാണ് അറ്റക്കാമയിലേക്ക് ഒഴുകിയെത്തുന്നത്. മേഖലയിൽ പെയ്ത ശക്തമായ മഴയാണ് ഈ പ്രതിഭാസത്തിന് പിന്നിൽ. അറ്റക്കാമയിൽ പൂക്കൾ വിടരുന്നത് ആദ്യമല്ലെങ്കിലും ശൈത്യ കാലമായ ജൂലായ് മാസത്തിൽ എത്തുന്നത് വളരെ അപൂർവമാണ്.

കാലാവസ്ഥാ വ്യതിയാനവും എൽ നിനോ പ്രതിഭാസവുമാണ് ഇത്തവണ പൂക്കാലം നേരത്തെയെത്താൻ കാരണം. സാധാരണ സെപ്റ്റംബർ - നവംബർ കാലയളവിലാണ് ഇവിടെ പൂക്കാലം. 2015ലാണ് ഏറ്റവും ഒടുവിലായി ശൈത്യകാലത്ത് അറ്റക്കാമയിൽ പൂക്കൾ വിടർന്നത്.

അറ്റക്കാമയുടെ വലിയൊരു ഭാഗം പ്രദേശത്തും ഈ കാഴ്ച കാണാം. പർപ്പിൾ മാത്രമല്ല, വെള്ള നിറത്തിലെ പൂക്കളും ഇവിടെയുണ്ട്. ഏകദേശം 200 സ്പീഷീസിലെ പൂച്ചെടികളാണ് അറ്റക്കാമയിലുള്ളത്. ഇതിൽ വെള്ളം വളരെ കുറച്ച് മാത്രം ആവശ്യമുള്ള ' പാറ്റ ഡി ഗ്വാനാകോ' എന്ന പർപ്പിൾ പൂക്കളാണ് ഏറ്റവും കൂടുതൽ വിടരുന്നത്. 40 വർഷത്തിനിടെ 15 തവണയാണ് അറ്റക്കാമയിൽ പൂക്കാലം റെക്കോഡ് ചെയ്യപ്പെട്ടിട്ടുള്ളത്.

വടക്കൻ ചിലിയിൽ പസഫിക് തീരത്തോട് ചേർന്നുകിടക്കുന്ന അറ്റക്കാമ ആൻഡിസ് പർവ്വത നിരകളുടെ പടിഞ്ഞാറായി 1,600 കിലോമീറ്റർ നീളത്തിൽ വ്യാപിച്ചുകിടക്കുന്നു. 1,05,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള അറ്റക്കാമയിൽ വർഷം ലഭിക്കുന്ന മഴയുടെ അളവ് വളരെ കുറവായതിനാൽ (ശരാശരി 15 മില്ലി മീറ്റർ)​ ജീവജാലങ്ങൾക്ക് നിലനിൽക്കുക പ്രയാസമാണ്. പൂക്കാലം മാത്രമല്ല, അറ്റക്കാമ മരുഭൂമിയിലെ ഏതാനും ഭാഗങ്ങളിൽ കനത്ത മഞ്ഞു വീഴ്ചയുമുണ്ടാകാറുണ്ട്.

Advertisement
Advertisement