നേപ്പാളിൽ ഉരുൾപൊട്ടൽ; രണ്ട് ബസുകൾ ഒലിച്ചുപോയി, 63 പേരെ കാണാതായി

Friday 12 July 2024 10:41 AM IST

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ ഉരുൾപൊട്ടലിൽ രണ്ട് പാസഞ്ചർ ബസുകൾ ഒലിച്ചുപോയതായി സംശയം. സെൻട്രൽ നേപ്പാളിലെ മദൻആശ്രിത് ഹൈവേയിൽ ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ഇരു ബസുകളിലുമായി അറുപതിലധികം പേർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ബസ് ത്രിശൂലി നദിയിലേക്ക് ഒഴുകിപ്പോയിട്ടുണ്ടെന്നും അതിനാൽത്തന്നെ തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനും തടസം നേരിടുന്നുണ്ടെന്നും അധികൃതർ പറയുന്നു. 'ഡ്രൈവർമാരടക്കം രണ്ട് ബസുകളിലായി 63 പേർ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. പുലർച്ചെ മൂന്നരയോടെയാണ് ബസുകൾ ഒലിച്ചുപോയത്. രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തുണ്ട്, തിരച്ചിൽ നടക്കുന്നു. മഴയാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്' ചിത്വാൻ ചീഫ് ജില്ലാ ഓഫീസർ ഇന്ദ്രദേവ് യാദവ് പ്രതികരിച്ചു.

കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന എയ്ഞ്ചൽ ബസും കാഠ്മണ്ഡുവിൽ നിന്ന് റൗത്തഹട്ടിന്റെ ഗൗറിലേക്ക് പോവുകയായിരുന്ന ഗണപതി ഡീലക്സുമാണ് അപകടത്തിൽപ്പെട്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസിൽ 24 പേരും മറ്റേ ബസിൽ ബസിൽ 41 പേരും യാത്ര ചെയ്തിരുന്നതായാണ് അധികൃതരുടെ പ്രാഥമിക റിപ്പോർട്ട്. ഗണപതി ഡീലക്സിലെ യാത്രക്കാരിൽ മൂന്ന് പേർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടു.

ഉരുൾപൊട്ടലിൽ ഇത്രയും പേരെ കാണാതായ വിവരം നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ എക്സിലൂടെ സ്ഥിരീകരിച്ചു. സംഭവത്തിൽ അതിയായ ദു:ഖമുണ്ടെന്നും രക്ഷാപ്രവർത്തനം നടത്താൻ അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു. കാലാവസ്ഥ മോശമായതിനാൽ കാഠ്മണ്ഡുവിൽ നിന്ന് ചിത്വാനിലെ ഭരത്പൂരിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

Advertisement
Advertisement