തെറ്റിദ്ധാരണയ്ക്ക് പിന്നിലെ അദൃശ്യകരങ്ങൾ
''ഉറ്റവർ തമ്മിലുള്ള ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകളെപ്പറ്റിയും ഇത് സമൂഹത്തിലുണ്ടാക്കുന്ന വിപത്തുകളെപ്പറ്റിയും ശ്രദ്ധിച്ചിട്ടുണ്ടോ? 'ഇല്ല"എന്നാണ് മറുപടിയെങ്കിൽ, നിങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പോയത് ഗവേഷണാർഹമായൊരു വിഷയമാണ്! വ്യക്തി ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകൾ, വ്യക്തിജീവിതത്തെയും, സാമൂഹിക ജീവിതത്തെയും വിപരീതമായി ബാധിക്കുന്നുണ്ട്.! ഇത്തരം സംഭവങ്ങളിൽ ഇരകളാകുന്നത് കുട്ടികളായിരിക്കും. മാതൃകാ ദമ്പതികളെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വിശേഷിപ്പിച്ചിരുന്നവർ പരസ്പരം തെറ്റിയകലുന്ന സംഭവം ഓർത്തുനോക്കുക. അവർ ദമ്പതികളാകുന്നതിന് മുൻപ് അംഗമായിരുന്ന അച്ഛനും അമ്മയും, സഹോദരങ്ങളും, അടുത്ത ബന്ധുക്കളും, സുഹൃത്തുക്കളുമൊക്കെ ഉൾപ്പെട്ട ഒരു സമൂഹമുണ്ട്. അതുപോലെതന്നെ, അവർ ദമ്പതികളായി ഒരുമിച്ചു കഴിഞ്ഞിരുന്നപ്പോൾ സഹകരിച്ചിരുന്ന സുഹൃത്തുക്കളും, അയൽക്കാരുമൊക്കെ ഉൾപ്പെടുന്ന മറ്റൊരു സമൂഹവുമുണ്ട്. സ്വാഭാവികമായും, ബന്ധങ്ങളിൽ വിള്ളലുണ്ടായി അകന്നവർ, അത്തരം സമൂഹങ്ങളിൽ നിന്ന് അകലാനാണ് ഇഷ്ടപ്പെടുക. അത്തരം ഒറ്റപ്പെടൽ, സമൂഹത്തിൽ നിന്നുണ്ടാകുന്ന തങ്ങളുടെ സ്വകാര്യതയെ സ്പർശിക്കുന്ന ചോദ്യങ്ങളെ ഒഴിവാക്കാനാണെങ്കിലും, ഇത് പലപ്പോഴും ആ വ്യക്തിയെ വിഷാദത്തിലേക്ക് നയിക്കാനും സാദ്ധ്യതയുണ്ട്.""
ഇത്രയും പറഞ്ഞശേഷം പ്രഭാഷകൻ സദസ്യരെയാകെ നോക്കിയപ്പോൾ, മിക്കവരും തങ്ങളുടെ അനുഭവത്തിലുമുള്ള ചില ജീവിതങ്ങളെ അനുസ്മരിക്കുന്ന ഭാവത്തിലായിരുന്നു. ആരും, ആരെയും ശ്രദ്ധിക്കുന്നില്ല! അത്തരമൊരു മാനസികാവസ്ഥയിലുള്ളവരെ തന്റെ വാക്കുകൾ സ്പർശിക്കാൻ സാദ്ധ്യതയുണ്ടോയെന്നൊരു സന്ദേഹം പ്രഭാഷകനുണ്ടായിരുന്നു. സദസ്യരെയാകെ നോക്കികൊണ്ട് പ്രഭാഷകൻ തുടർന്നു: ''മിക്കവാറും വ്യക്തിവിരോധങ്ങളിൽ മൂലകാരണം തെറ്റിധാരണകളാണ്! അത് പിന്നീടൊരു ചാലകശക്തിയായി നിന്ന് വിരോധത്തിന്റെ മൂർച്ച കൂട്ടുന്നതായാണ് കണ്ടുവരുന്നത്. ഒടുവിൽ എല്ലാമൊരു തെറ്റിദ്ധാരണയായിരുന്നു എന്ന തിരിച്ചറിവുണ്ടാകുമ്പോഴേക്കും, തിരുത്താനാവാത്ത വിധത്തിൽ ജീവിതമാകുന്ന പുസ്തകത്തിലെ പേജുകൾ തീർന്ന അവസ്ഥയിലോ, അല്ലെങ്കിൽ ക്ഷമ ചോദിക്കാനായി, അങ്ങനെയൊരാൾ ഭൂമിയിൽ അവശേഷിച്ചിട്ടില്ലെന്ന രീതിയിലോ ആയിരിക്കാം കാര്യങ്ങളെത്തുക!
രണ്ടു വ്യക്തികൾ അവർ ദമ്പതികളോ, സുഹൃത്തുക്കളോ, സഹപ്രവർത്തകരോ ഏതു ബന്ധത്തിലുള്ളവരായാലും അവർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം പരസ്പരം നോക്കിനിൽക്കുമ്പോൾ ഒരാളിന്റെ ഇടതുവശം അഭിമുഖം നിൽക്കുന്നയാളിന്റെ വലതുവശമാണ് എന്നതാണ്. ഈവൈരുദ്ധ്യം അവരുടെ മാനസിക നിലയിലും സ്വാഭാവികമായും ഉണ്ടാകുമല്ലോ! ഇതിനെയെങ്ങനെ മറികടക്കാമെന്നതു തന്നെയാണ് മനുഷ്യരുടെ കാതലായ പ്രശ്നം! ഒരു സംശയവും വേണ്ട, അഡ്ജസ്റ്റുമെന്റുകൾ എല്ലായിപ്പോഴും മനുഷ്യന്റെ പ്രശ്നങ്ങൾക്ക് പരിഹാരമാകില്ല! എന്നാൽ, പരസ്പരം മനസിലാക്കിയുള്ള ജീവിതം കൂടുതൽ സുഗമമാക്കുമെന്നാണ് അനുഭവങ്ങൾ പഠിപ്പിച്ചിട്ടുള്ളത്!
എന്തുകൊണ്ടാണ് ഉറ്റവർ തമ്മിൽ പോലും വ്യക്തി ബന്ധങ്ങളിൽ വിള്ളലുണ്ടാകുന്നതെന്നു പരിശോധിച്ചാൽ പല അദൃശ്യ കരങ്ങളും അത്തരം വട്ടംചുറ്റിക്കലിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നു മനസിലാകും! പല സാധുക്കളേയും വട്ടം ചുറ്റിച്ച് ആസ്വദിക്കുന്ന ഇക്കൂട്ടർ എപ്പോഴെങ്കിലുമൊരിക്കൽ ആപ്പ് ഊരിയ കുരങ്ങന്റെ അവസ്ഥയിൽ ആയിക്കൂടെന്നില്ല! ഇത്,'മൊബൈൽ ആപ്പ് " അല്ല കേട്ടോ, പഴയ കാലങ്ങളിൽ വാളുകൊണ്ട് തടി അറുക്കുന്നവർ ജോലി സുഗമമാക്കാൻ അറുത്തതടി അടുക്കാതിരിക്കാൻ വെക്കുന്നതാണ് ഇവിടെ' ആപ്പ്'. തടിയറുക്കുന്നവർ അവിടെയില്ലാതിരുന്നപ്പോൾ ഒരു കുരങ്ങൻ വന്ന് 'ആപ്പ് " ഊരിമാറ്റി. പക്ഷേ, തന്റെ വാല് തടികൾക്കിടയിൽപ്പെട്ട് 'ആപ്പ് "ആകുമെന്ന് ആ വികൃതി ഓർത്തതേയില്ല! മനുഷ്യരെ തമ്മിൽ തല്ലിപ്പിച്ച് ആനന്ദം കണ്ടെത്തുന്ന ചില'മിടുക്കന്മാരും"ചിലപ്പോളിങ്ങനെ ആപ്പൂരി കണ്ടിട്ടുണ്ടെന്നാണു പറഞ്ഞത്!"" കൂട്ടച്ചിരികൾക്കിടയിൽ പ്രഭാഷകൻ പറഞ്ഞു നിറുത്തി.