''മഹാഭാരതവും ഞാൻ ഗന്ധർവ്വനും കണ്ട് അത്ഭുതപ്പെട്ട ബാല്യത്തിലൊന്നും നിനച്ചിരുന്നില്ല ഭാവിയിൽ ഞാൻ ഇദ്ദേഹത്തിനു വേണ്ടി ഒരു കഥാപാത്രം എഴുതുമെന്ന്''

Friday 12 July 2024 12:39 PM IST

ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിന് ശേഷം നിതീഷ് ഭരദ്വാജ് മലയാളത്തിലേക്ക്. ജയസൂര്യ കേന്ദ്രകഥാപാത്രമാകുന്ന കത്തനാർ സിനിമയിലൂടെയാണ് നിതീഷിന്റെ രണ്ടാം വരവ്. മഹാഭാരതത്തിലെ സാക്ഷാൽ ശ്രീ കൃഷ്ണനൊപ്പം എന്ന കുറിപ്പുമായി ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആർ. രാമാനന്ദാണ് വിവരം പങ്കുവച്ചത്.

''ഹൃദയത്തിൽ പതിഞ്ഞു പോയ കൃഷ്ണന്റെ രൂപം, പിന്നെ ഗന്ധർവ്വൻ ആയി പെയ്തിറങ്ങി. മഹാഭാരതവും, ഗീതാരഹസ്യവും, ഞാൻ ഗന്ധർവ്വനും കണ്ട് അത്ഭുതപ്പെട്ട ബാല്യത്തിൽ ഒന്നും നിനച്ചിരുന്നില്ല ഭാവിയിൽ ഞാൻ ഇദ്ദേഹത്തിനു വേണ്ടി ഒരു കഥാപാത്രം എഴുതുമെന്ന്''.- രാമാനന്ദ് കുറിച്ചു.

എഴുത്തിന്റെ പൂർണരൂപം-

''ജനിച്ച വർഷം മുതൽ ടിവിയിൽ കണ്ടത് മഹാഭാരതമാണ്. ടെലികാസ്റ്റ് ദിവസം എന്തെങ്കിലും കാരണം കൊണ്ട് അച്ചച്ഛൻ വീട്ടിൽ നിന്ന് പുറത്ത് പോകുമ്പേൾ വിസിആറിൽ ആ എപ്പിസോഡ് റിക്കോർഡ് ചെയ്ത് വെയ്ക്കാൻ അച്ചമ്മയെ ഏൽപ്പിക്കും. സമ്പൂർണ്ണ ഭാരത രാജ്യത്തിലും മഹാഭാരതം ടെലികാസ്റ്റ് നടക്കുന്ന സമയത്ത് കല്യാണ മുഹൂർത്തം പോലും മാറ്റിവെച്ചു. ഇനി ഒരു നിവൃത്തിയും ഇല്ലെങ്കിൽ കല്യാണ പന്തലിൽ മഹാഭാരതം ടെലികാസ്റ്റ് ഉണ്ടാകുമെന്ന് കല്യാണക്കുറിയിൽ വരെ അടിച്ചു. അക്കാലത്ത് ഹൃദയത്തിൽ പതിഞ്ഞു പോയ കൃഷ്ണന്റെ രൂപം, പിന്നെ ഗന്ധർവ്വൻ ആയി പെയ്തിറങ്ങി. മഹാഭാരതവും, ഗീതാരഹസ്യവും, ഞാൻ ഗന്ധർവ്വനും കണ്ട് അത്ഭുതപ്പെട്ട ബാല്യത്തിൽ ഒന്നും നിനച്ചിരുന്നില്ല ഭാവിയിൽ ഞാൻ ഇദ്ദേഹത്തിനു വേണ്ടി ഒരു കഥാപാത്രം എഴുതുമെന്ന്... കത്തനാർ ചിത്രം നൽകിയ ഓരോരോ വിസ്മയങ്ങൾ.. മഹാഭാരതത്തിലെ സാക്ഷാൽ ശ്രീ കൃഷ്ണനൊപ്പം. ശ്രീ നിതീഷ് ഭരദ്വാജ്
ആർ രാമാനന്ദ്''

റോജിൻ തോമസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയാണ് കത്തനാർ. രണ്ട് ഭാ​ഗങ്ങളിലായാണ് സിനിമ റിലീസ് ചെയ്യുക. മലയാളത്തിലെ ഏറ്റവും വലിയ മുതൽമുടക്ക് സിനിമ എന്ന ലേബലിൽ എത്തുന്ന ചിത്രത്തിന്റെ ബജറ്റ് 75കോടിയോളം ആണെന്ന് ഐഎംഡിബി റിപ്പോർട്ട് ചെയ്യുന്നത്. കത്തനാരായി ജയസൂര്യ അഭിനയിക്കുമ്പോൾ നായിക വേഷത്തിൽ എത്തുന്നത് അനുഷ്ക ഷെട്ടിയാണ്.

2023 ഏപ്രിലിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന് 36 ഏക്കറിൽ നാൽപ്പത്തി അയ്യായിരം അടി ചതുരശ്ര വിസ്തീർണ്ണമുള്ള കൂറ്റൻ സെറ്റാണ് ഒരുക്കിയിരിക്കുന്നത്. സിനിമ ഈ വർഷം ക്രിസ്മസിനോ അതിന് മുന്നെയോ റിലീസ് ചെയ്യുമെന്നാണ് അനൗദ്യോ​ഗിക വിവരം.

Advertisement
Advertisement