ഐഎഎസ് തിരഞ്ഞെടുപ്പിലും ക്രമക്കേടോ? പൂജ   ഖേഡ്‌കറെക്കുറിച്ച് അന്വേഷണം തുടങ്ങി, മകളേക്കാൾ പ്രശ്നക്കാരി അമ്മ

Friday 12 July 2024 1:08 PM IST

ന്യൂഡൽഹി: സ്വകാര്യ വാഹനത്തിൽ അനുവാദമില്ലാതെ ബീക്കൺലൈറ്റ് ഉപയോഗിക്കുകയും ഉന്നത ഉദ്യോഗസ്ഥന്റെ മുറി കൈയേറുകയും ചെയ്തതിലൂടെ വിവാദ നായികയായ ഐഎഎസ് ട്രെയിനി പൂജ ഖേഡ്‌കറിന്റെ വഴിവിട്ട നടപടികളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. ഇവർ ഗതാഗത നിയമങ്ങൾ ഉൾപ്പടെ ലംഘിക്കുന്നത് പതിവാണെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് ആവശ്യപ്പെട്ടാലും പരിശോധനയ്ക്കായി വാഹനം നിറുത്താറില്ല. നിയമലംഘനം നടത്തിയതിന് വൻതുക പിഴയും അടയ്ക്കാനുണ്ട്. ഒരു നോട്ടീസിൽ 26,000 രൂപയാണ് പിഴ അടയ്‌ക്കേണ്ടത്. കോടികളുടെ ആസ്തി പൂജയ്ക്ക് ഉണ്ടെന്നുള്ള വിവരം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

അതിനിടെ സിവിൽ സർവീസ് പരീക്ഷ വിജയിക്കാൻ വ്യാജ ഒബിസി, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചുവെന്ന ആരോപണവും പൂജയ്‌ക്കെതിരെ ഉയർന്നിട്ടുണ്ട്. ഇക്കാര്യത്തിൽ ഏകാംഗ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ട്രെയിനിംഗിന്റെ ഭാഗമായുള്ള എയിംസിന്റെ പരിശോധന ഒഴിവാക്കാൻ പൂജയ്ക്ക് കഴിഞ്ഞത് എങ്ങനെയാണെന്ന് ചോദിച്ച് വിരമിച്ച ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ ഉൾപ്പടെ രംഗത്തെത്തിയിട്ടുണ്ട്.

യുപിഎസ്‌സി പോലുള്ള സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യത പോലും ഇതിലൂടെ ചോദ്യം ചെയ്യപ്പെടുകയാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. നീറ്റ് പരീക്ഷാ വിവാദത്തിനിടെയാണ് പൂജയുടെ വ്യാജ സർട്ടിഫിക്കറ്റുകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരിക്കുന്നത്. പൂജയുടെ പിതാവിന്റെ ഉന്നത ബന്ധങ്ങൾ ഇതിന് സഹായകമായോ എന്നും അന്വേഷിക്കുന്നുണ്ട്.

പൂജയ്‌ക്കെതിരെയുള്ള അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കും. പൂജയ്‌ക്കെതിരെ മഹാരാഷ്ട്രാ ചീഫ് സെക്രട്ടറിയുടെ ഓഫീസും മസൂറിയിലെ എൽബിഎസ്എൻഎഎ ഡയറക്ടർ ഓഫീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വകുപ്പുതല നടപടിയുടെ ഭാഗമായി പൂജയെ ഇപ്പോൾ സ്ഥലംമാറ്റിയിരിക്കുകയാണ്.

അതിനിടെ പൂജയുടെ അമ്മ തോക്കുചൂണ്ടി കർഷകരെ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നു. കഴിഞ്ഞവർഷം ചിത്രീകരിച്ച വീഡിയോ ആണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ പ്രത്യക്ഷപ്പെട്ടത്. മഹാരാഷ്ട്രയിൽ ഉടനീളം സ്വത്തുക്കളുള്ള പൂജയുടെ കുടുംബം അടുത്തിടെ പൂനെയിൽ 25 ‌ഏക്കർ ഭൂമി വാങ്ങിയിരുന്നു. ഇതിന് സമീപത്തെ തങ്ങളുടെ ഭൂമികൂടി പൂജയുടെ കുടുംബം കൈയേറാൻ ശ്രമിക്കുന്നുവെന്ന് കർഷകർ ആരോപിച്ചിരുന്നു.

ഇത് വിവാദമായപ്പോഴാണ് സിനിമാ സ്റ്റൈലിൽ താേക്കുമായെത്തി കർഷകരെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചത്. കോടതി ഉൾപ്പടെ തനിക്ക് ആരെയും പേടിയില്ലെന്ന് പൂജയുടെ അമ്മ പറയുന്നതും വീഡിയോയിൽ വ്യക്തമായി കേൾക്കാം. എന്നാൽ ഭീഷണിക്ക് വഴങ്ങാതെ കർഷകർ പൂജയുടെ അമ്മയെ ചോദ്യം ചെയ്യുകയായിരുന്നു. ഭൂമി സംബന്ധിച്ച കേസിൽ കോടതിയുടെ തീരുമാനം ഉണ്ടായോ എന്ന് വ്യക്തമല്ല.

Advertisement
Advertisement