സാധാരണ സൈനികന് കിട്ടുന്ന സകല ആനുകൂല്യങ്ങളും ലഭിക്കുമെന്ന് മാത്രമല്ല അവർക്ക് കിട്ടാത്ത മറ്റൊന്നു കൂടി അഗ്നിവീറിനുണ്ട്

Friday 12 July 2024 1:19 PM IST

ജമ്മുകാശ്മീരിൽ സൈനിക സേവനത്തിനിടെ കുഴി ബോംബ് സ്ഫോടനത്തിൽ വീരമൃത്യു വരിച്ച പഞ്ചാബ് സ്വദേശിയായ അഗ്നിവീർ അജയ്‌കുമാറിന്റെ കുടുംബത്തിനുള്ള ഇൻഷുറൻസ് തുകയുടെ വിതരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദം,​ പിന്നീട് ഒരു രാഷ്ട്രീയ വിവാദമായിത്തീരുകയായിരുന്നു. അജയ്‌കുമാറിന്റെ കുടുംബാംഗങ്ങൾക്ക് മാസങ്ങൾക്കു ശേഷവും സാമ്പത്തിക സഹായം ലഭ്യമായിട്ടില്ലെന്ന് ആരോപിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി,​ ഇതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സഭയിൽ പറഞ്ഞ കണക്കുകൾ കള്ളമാണെന്ന് പറയുകയും ചെയ്തു.

തങ്ങൾക്ക് ഒരു സഹായവും ലഭിച്ചെന്ന് അഗ്നിവീറിന്റെ കുടുംബം പ്രതികരിക്കുക കൂടി ചെയ്തതോടെയാണ് വീരുമൃത്യു വരിക്കുന്ന അഗ്നിവീറുകളുടെ കുടുംബത്തിനുള്ള ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ച് പല വിധ തെറ്റിദ്ധാരണകൾ പ്രചരിച്ചത്. പരിരക്ഷയില്ലെന്നും,​ അർഹരായ ബന്ധുക്കൾക്കു തന്നെ തുക ലഭിക്കുമെന്ന് ഉറപ്പില്ലെന്നും മറ്റുമായിരുന്നു വ്യാജ പ്രചാരണം. ഇതേത്തുടർന്ന്,​ അജയ്‌കുമാറിന്റെ കുടുംബത്തിന് ഇതുവരെ 98.39 ലക്ഷം രൂപ കൈമാറിക്കഴിഞ്ഞെന്നും,​ ബാക്കി തുക അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടരുകയാണെന്നും പ്രതിരോധ മന്ത്രാലയം പത്രക്കുറിപ്പ് പുറപ്പെടുവിക്കുകയും ചെയ്തു. വിവാദങ്ങളുടെ സാഹചര്യത്തിൽ,​ വ്യോമസേനാ മുൻ മേധാവി ആർ.കെ.എസ് ബദൗരിയ ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിൽ നല്കുന്ന വിശദീകരണം ഇത്തരം തെറ്റിദ്ധാരണകൾ പരിഹരിക്കുന്നതാണ്. പ്രസക്തഭാഗങ്ങൾ:

സ്വഭാവികമായ കാലതാമസം

വീരമൃത്യു വരിക്കുന്ന അഗ്നിവീർ സൈനികന്റെ കുടുംബത്തിന് സഹായധനം നൽകുന്നതുമായി ബന്ധപ്പെട്ട സമഗ്രമായ മാർഗനിർദേശങ്ങൾ കാരണം,​ തുക കുടുംബത്തിന് ലഭിക്കുന്നതിന് സാധാരണഗതിയിൽ രണ്ടു മുതൽ മൂന്നു മാസം വരെ വേണ്ടിവരും. സഹായധന വിതരണത്തിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി പോസ്റ്റുമോർട്ടം റിപ്പോർട്ട്, സംഭവവുമായി ബന്ധപ്പെട്ട പൊലീസ്,​ കോടതി രേഖകൾ എന്നിവയെല്ലാം പരിശോധിച്ച് ഔദ്യോഗിക പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. അഗ്നിവീറുകളുടെ കാര്യത്തിൽ മാത്രമല്ല,​ വീരമൃത്യു വരിക്കുന്ന ഏതു സൈനികന്റെ കാര്യത്തിലും നടപടിക്രമങ്ങൾ ഒന്നുതന്നെയാണ്.

സൈനികന്റെ അടുത്ത ബന്ധുവിന് എല്ലാ സാമ്പത്തിക സഹായവും ലഭ്യമാക്കാൻ അതത് യൂണിറ്റ് ഏറെ കരുതലെടുക്കുന്നുണ്ട്. കുടുംബത്തോടൊപ്പം നിൽക്കാനും,​ നടപടിക്രമങ്ങൾക്കുള്ള കാലതാമസം വിശദീകരിക്കാനും ശ്രമം നടത്തുകയും ചെയ്യും. വീരമൃത്യു വരിച്ച സൈനികന്റെ കുടുംബം സ്വാഭാവികമായും ആ വിയോഗത്തിന്റെ ആഘാതത്തിലായിരിക്കും. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധി പേർ അവരുമായി സമ്പർക്കം പുലർത്തുകയും പലരും പലതും ഉപദേശിക്കുകയും ചെയ്യും. കുടുംബാംഗങ്ങളിൽ ആശയക്കുഴപ്പം സൃഷ്ടിക്കപ്പെടുന്നതിനുള്ള പ്രധാന കാരണം ഇതാണ്.

ആശയക്കുഴപ്പം അനാവശ്യം

ഇൻഷുറൻസ് തുകയുടെ നല്ലൊരു ഭാഗം കാലതാമസം കൂടാതെ അടുത്ത ബന്ധുവിന് കൈമാറുകയാണ് ചെയ്യുക. സാധാരണയായി 24 മുതൽ 48 മണിക്കൂറിനകം ഇൻഷുറൻസ് തുകയുടെ അമ്പതു ശതമാനം കൈമാറും. തുടർന്ന് ബാക്കി തുക കുടുംബം നിർദ്ദേശിക്കുന്നത് ആരുടെ പേരാണോ,​ അവരുടെ പേരിലാണ് നല്കുക. സൈനികന്റെ അടുത്ത ബന്ധുക്കളെന്നാൽ ആരെല്ലാമെന്ന് കൃത്യമായി നിർവചിച്ചിട്ടുള്ളതിനാൽ അക്കാര്യത്തിൽ ആശയക്കുഴപ്പത്തിന് പഴുതുണ്ടാകുന്നില്ല. അടുത്ത ബന്ധുക്കൾക്കു മാത്രമേ പണം ലഭിക്കുകയുള്ളൂ എന്ന കാര്യത്തിൽ ഒരു സംശയത്തിനും പഴുതില്ല. ഇൻഷുറൻസിന്റെ കാര്യത്തിൽ അഗ്നിവീറുകൾ ഒരു ചെറിയ വിഹിതം പോലും നല്കേണ്ടിവരുന്നില്ലെന്നത് ശ്രദ്ധേയമാണ്. അത് പൂർണമായും കേന്ദ്ര സർക്കാരാണ് നല്കുന്നത്. ഒരു സാധാരണ സൈനികന്റെ കാര്യത്തിൽ, പ്രതിമാസം ഏകദേശം അയ്യായിരം രൂപ ഇൻഷുറൻസ് വിഹിതത്തിലേക്കായി കുറയും. പ്രതിവർഷം ഏതാണ്ട് 60,​000 രൂപ. മൂന്നു സേനകളിലും പങ്കാളിത്ത ഇൻഷുറൻസ് പദ്ധതിയാണ്.

കേന്ദ്ര സർക്കാർ നല്കുന്ന സഹായധനം നിലവിൽത്തന്നെ അജയ്‌കുമാറിന്റെ കുടുംബത്തിന് ലഭിച്ചു കഴിഞ്ഞു. അതേസമയം,​ ചീഫ് മാർഷൽ, പ്രത്യേക പോലീസ് എന്നിവരുടെ റിപ്പോർട്ടിൽ 'പോരാട്ടത്തിനിടെയുള്ള മരണം" എന്നത് തീർപ്പാക്കിയിട്ടില്ലെങ്കിൽ കേന്ദ്ര ക്ഷേമനിധിയിൽ നിന്നു ലഭിക്കേണ്ട തുക നൽകാനാവില്ല. ഇതുമായി ബന്ധപ്പെട്ട അന്തിമ തീർപ്പാക്കലിനായി നടപടികൾ അവസാനിക്കുന്നതുവരെ ബന്ധുക്കൾ ക്ഷമാപൂർവം കാത്തിരിക്കുക തന്നെ വേണം. കേന്ദ്ര പ്രതിരോധ മന്ത്രാലയം അനുവദിക്കുന്ന കേന്ദ്ര ക്ഷേമനിധി തുകയുടെ വിതരണത്തിന് പൊലീസ് റിപ്പോർട്ടുകളിലെ മരണകാരണം പ്രധാനമാണ്. അജയ്‌കുമാറിന്റെ കാര്യത്തിൽ ജമ്മുകാശ്‌മീർ പൊലീസ് ആണ് ഈ റിപ്പോർട്ട് തയ്യാറാക്കേണ്ടത്. അത് വൈകാതെ ലഭിക്കുമെന്നു തന്നെ കരുതാം.

നിലവിൽ കേന്ദ്ര സർക്കാർ അനുവദിച്ച സഹായധനത്തിനു പുറമേ,​ സൈനിക ക്ഷേമ നിധിയിൽ നിന്നും സേവാ നിധി പാക്കേജിൽ നിന്നുമായി 67 ലക്ഷം രൂപ കൂടി അജയ്‌കുമാറിന്റെ കുടുംബത്തിന് ആശ്വാസധനമായി ലഭിക്കുമെന്നാണ് കരുതുന്നത്. 1.65 കോടി രൂപയാണ് ആകെ ലഭിക്കുക. വസ്തുതകൾ ഇതായിരിക്കെ,​ വീരമൃത്യു വരിക്കുന്ന അഗ്നിവീറുകളുടെ കുടുംബാംഗങ്ങൾക്കു ലഭിക്കുന്ന സഹായധനമെന്ന വിഷയത്തെ ഭരണ,​ പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയ വിഷയമാക്കാതിരിക്കുകയാണ് വേണ്ടത്.

Advertisement
Advertisement